കേരളത്തിൽ നിന്ന് റിയാസില്ല, ശ്രീമതിക്ക് ഇളവ്; സിപിഐഎം കേന്ദ്ര കമ്മിറ്റിയിലേക്ക് മൂന്ന് പുതുമുഖങ്ങൾ

കേന്ദ്ര കമ്മിറ്റിയില്‍ പി കെ ശ്രീമതിക്കും മുഹമ്മദ് യൂസഫ് തരിഗാമിക്കും ഇളവ് നൽകിയിട്ടുണ്ട്

dot image

മധുര: സിപിഐഎം കേന്ദ്ര കമ്മിറ്റിയിലേക്ക് കേരളത്തിൽ നിന്ന് മൂന്ന് പുതുമുഖങ്ങൾ. എൽഡിഎഫ് കൺവീനർ ടി പി രാമകൃഷ്ണൻ, പുത്തലത്ത് ദിനേശൻ, കെ എസ് സലീഖ എന്നിവരാണ് കേന്ദ്ര കമ്മിറ്റിയിലേക്ക് തിരഞ്ഞെടുക്കപ്പെട്ടത്. നേരത്തെ പൊതുമരാമത്ത് വകുപ്പ് മന്ത്രി മുഹമ്മദ് റിയാസുണ്ടാകുമെന്ന സൂചനയുണ്ടായിരുന്നെങ്കിലും അദ്ദേഹത്തെ കമ്മിറ്റിയിൽ പരിഗണിച്ചില്ല.

കേന്ദ്ര കമ്മിറ്റിയിലെ അംഗങ്ങളുടെ എണ്ണവും വർധിപ്പിച്ചിട്ടുണ്ട്. 85 അംഗ കേന്ദ്ര കമ്മിറ്റിയാണ് ഇത്തവണ രൂപീകരിച്ചത്. 30 പുതിയ അംഗങ്ങളെയാണ് ഇത്തവണ പരിഗണിച്ചത്. കേന്ദ്ര കമ്മിറ്റിയിലെ കേരളത്തിൽ നിന്നുള്ള അംഗങ്ങളുടെ എണ്ണം 17 ആയി ഉയർന്നു.

അനുരാഗ് സെക്‌സേന, എച്ച് ഐ ഭട്ട്, പ്രേം ചന്ദ്, സഞ്ജയ് ചൗഹാന്‍, കെ പ്രകാശ്, അജിത് നവാലെ, വിനോദ് നിക്കോലെ (മഹാരാഷ്ട്രയിലെ ദഹാനു മണ്ഡലത്തിൽ നിന്നുള്ള എംഎൽഎ ), സുരേഷ് പനിഗ്രാഫി, കിഷന്‍ പരീക്, എന്‍ ഗുണശേഖരന്‍, ജോണ്‍ വെസ്ലേ, എസ് വീരയ്യ, ദെബാബ്രത ഘോഷ്, സയ്യിദ് ഹുസൈന്‍, കൊണ്ണൊയ്ക ഘോഷ്, മീനാക്ഷി മുഖര്‍ജി എന്നിവരാണ് കേന്ദ്ര കമ്മിറ്റിയിലെ മറ്റ് പുതുമുഖങ്ങള്‍.

കേന്ദ്ര കമ്മിറ്റിയില്‍ പിണറായി വിജയനും പി കെ ശ്രീമതിക്കും മുഹമ്മദ് യൂസഫ് തരിഗാമിക്കും ഇളവ് നൽകിയിട്ടുണ്ട്. മുതിർന്ന നേതാക്കളായ മണിക് സര്‍ക്കാര്‍, പ്രകാശ് കാരാട്ട്, ബൃന്ദ കാരാട്ട്, സുഭാഷിണി അലി, എസ് രാമചന്ദ്ര പിള്ള, ബിമാന്‍ ബസു, ഹന്നാന്‍ മൊല്ല എന്നിവരെ കേന്ദ്ര കമ്മിറ്റി പ്രത്യേക ക്ഷണിതാവായി തീരുമാനിച്ചു.

അതേസമയം കേന്ദ്ര കമ്മിറ്റി പട്ടികയെ എതിർത്ത് ഉത്തർ പ്രദേശ് ഘടകം രംഗത്തെത്തി. യുപി സംസ്ഥാന സെക്രട്ടറി രവിശങ്കർ മിശ്ര വോട്ടെടുപ്പ് ആവശ്യപ്പെട്ടു. മഹാരാഷ്ട്രയിൽ നിന്നും എതിർപ്പ് ഉയർന്നിട്ടുണ്ട്.
Content Highlights: TP Ramakrishnan and other 2 from Kerala to CPIM Central Committee

dot image
To advertise here,contact us
dot image