
ഭോപ്പാല്‍: രണ്ട് മാസത്തിനുള്ളിൽ 15 ഹൃദയ ശസ്ത്രക്രിയ നടത്തിയ വ്യാജ ഡോക്ടർക്കായി തിരച്ചിൽ തുടരുന്നു. മധ്യപ്രദേശിലെ ഒരു പ്രശസ്ത ആശുപത്രിയിൽ ഹൃദ്രോഗ വിദഗ്തൻ ചമഞ്ഞ് ഇയാൾ പ്രവർത്തിച്ച് വരുകയായിരുന്നു. തുടർച്ചയായി ഇയാളുടെ അടുത്ത് ചികിത്സയ്ക്കെത്തുന്ന രോഗികൾ മരണപ്പെടുന്നത് ശ്രദ്ധയിൽപ്പെട്ടപ്പോഴാണ് സംഭവം പുറത്ത് വരുന്നത്. 2024 ഡിസംബർ മുതൽ 2025 ഫെബ്രുവരി വരെ ഇയാൾ ചികിത്സിച്ച രോഗികളിൽ ചിലരുടെ മരണത്തിന് പിന്നാലെ വന്ന പരാതികളാണ് ഇയാളെ കുടുക്കിയത്.
നരേന്ദ്ര യാദവ് എന്നയാളാണ് ലണ്ടനിൽ നിന്നുള്ള എൻ ജോൺ കാം എന്ന പ്രശ്സത ഹൃദ്രോഗ വിദഗ്തൻ്റെ പേരും വിവരങ്ങളും ഉപയോഗിച്ച് ചികിത്സ നടത്തി വന്നത്. നിരവധിപേരാണ് നരേന്ദ്ര യാദവിൻ്റെ തെറ്റായ ചികിത്സ കാരണം ബുദ്ധിമുട്ടിയത്. 63 കാരിയായ റഹീസ ഹൃദയാഘാതവുമായാണ് നരേന്ദ്ര യാദവിന് മുൻപിൽ ചികിത്സയ്ക്ക് എത്തുന്നത്. എന്നാൽ ചികിത്സയിലിരിക്കെ തന്നെ ഇവർ രണ്ടാമതും ഹൃദയാഘാതം വന്ന് മരണപ്പെടുകയായിരുന്നു.
മംഗൾ സിംഗ് എന്ന മറ്റൊരു രോഗിയെയും ഈ കാലഘട്ടത്തിൽ ഉദര സംബന്ധമായ അസുഖത്താൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരുന്നു. എന്നാൽ ഇയാളെ നരേന്ദ്ര യാദവ് ഹൃദയശസ്ത്രക്രിയക്ക് വിധേയനാക്കുകയായിരുന്നു. പിന്നാലെ ഇയാളും മരിച്ചു. തുടർന്ന് നടന്ന അന്വേഷണത്തിലാണ് തട്ടിപ്പ് പുറത്തായത്. വിഷയത്തിൽ കൂടുതല്‍ അന്വേഷണം നടത്താൻ എൻഎച്ച്ആർസിയുടെ ഒരു സംഘം ഏപ്രിൽ 7 മുതൽ 9 വരെ ദാമോ സന്ദർശിക്കുമെന്ന് അറിയിച്ചിട്ടുണ്ട്.
Content Highlights- 15 heart surgeries in two months, fake doctor's scam exposed after patients die