
പട്‌ന: രാഹുൽ ഗാന്ധി വേദി വിട്ട് മിനിറ്റുകൾക്ക് ശേഷം ബിഹാറിൽ കോൺഗ്രസ് പ്രവർത്തകരുടെ തമ്മിലടി. ഈ വർഷം അവസാനം നിർണായകമായ നിയമസഭ തിരഞ്ഞെടുപ്പ് നടക്കാനിരിക്കെയാണ് കോൺഗ്രസ് പ്രവർത്തകർക്കിടയിലെ അസ്വാരസ്യം മറനീക്കി പുറത്തുവന്നത്. തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് പാർട്ടിയുടെ സംസ്ഥാന ഭാരവാഹികളുമായി ചർച്ചയ്‌ക്കെത്തിയ രാഹുൽ ഗാന്ധി കോൺഗ്രസ് ആസ്ഥാനം വിട്ടതിനുപിന്നാലെയാണ് പ്രവർത്തകർക്കിടയിൽ തർക്കമുണ്ടായത്. ഇത് കയ്യാങ്കളിയിലേക്ക് നീളുകയായിരുന്നു.
പാർട്ടിയുടെ സംസ്ഥാനഘടകം പങ്കുവെച്ച ഒരു വീഡിയോയിൽ 'ദേഖോ ദേഖോ ഷേർ ആയാ ( ഇതാ സിംഹം വരുന്നു)' എന്ന മുദ്രാവാക്യം മുഴക്കി രാഹുലിനെ സ്വീകരിക്കുന്നുണ്ട്. രാഹുൽ അവിടെ നിന്ന് പോയതിനുപിന്നാലെയാണ് സംഭവങ്ങളുടെ തുടക്കം. ബിഹാർ കോൺഗ്രസ് മുൻ പ്രസിഡന്റ് അഖിലേഷ് പ്രസാദ് സിങിന്റെയും മുൻ എംഎൽഎ അമിത് കുമാർ തുന്നയുടെയും അനുയായികൾ തമ്മിലാണ് സംഘർഷം ഉണ്ടായത്. അഖിലേഷ് പ്രസാദ് സിങിന്റെ അനുയായികളിൽ ഒരാൾ അമിത് കുമാറിനോട് മോശമായി പെരുമാറിയതായി ആരോപിച്ച് സംഘർഷം രൂക്ഷമായി. ഇതാണ് ശാരീരികമായ ആക്രമണത്തിലേക്കുവരെ എത്തിയത്.
Content Highlights: Chaos At Bihar Headquarters Of Congress Shortly After Rahul Gandhi's Visit