വഖഫ് ഭേ​ദ​ഗതിക്കെതിരെ നിയമ പോരാട്ടം; മുസ്ലിം ലീ​ഗ് സുപ്രീംകോടതിയിലേക്ക്

ബില്ല് പാർലെന്റ് പാസാക്കിയതിന് പിന്നാലെ പ്രതിപക്ഷ പാർട്ടികൾ സുപ്രീം കോടതിയെ സമീപിച്ചിരുന്നു.

dot image

ന്യൂഡൽഹി: വഖഫ് ഭേ​ദഗതി നിയമത്തിനെതിരെ മുസ്ലിം ലീ​ഗ് സുപ്രീം കോടതിയിലക്ക്. രാജ്യസഭാ എംപി ഹാരിസ് ബീരാൻ മുഖേന പികെ കുഞ്ഞാലികുട്ടിയാണ് ഹർജി സമർപ്പിക്കുക. കബിൽ സിബൽ അടക്കമുള്ളവരുമായും പികെ കുഞ്ഞാലികുട്ടി ചർച്ച നടത്തും. കഴിഞ്ഞ ദിവസം ബില്ല് പാർലെന്റ് പാസാക്കിയതിന് പിന്നാലെ പ്രതിപക്ഷ പാർട്ടികൾ സുപ്രീംകോടതിയെ സമീപിച്ചിരുന്നു. കോൺ​ഗ്രസ്, ആം ആദ്മി പാർട്ടി ഉൾപ്പടെ നിയമത്തെ എതിർത്ത് രം​ഗത്ത് വന്നിരുന്നു. വഖഫ് ഭേദ​ഗതിയുമായി ബന്ധപ്പെട്ട എല്ലാ ഹർജികളും ഒന്നിച്ചായിരിക്കും സുപ്രീം കോടതി പരിഗണിക്കുക.

അതേസമയം വഖഫ് നിയമവുമായി ബന്ധപ്പെട്ട പ്രതിഷേധം തുടരുകയാണ്. ഇന്നലെ ജെഎൻയുവിലും ജാമിയ മിലിയയിലും വഖഫ് നിയമവുമായി ബന്ധപ്പെട്ട് വിദ്യാർത്ഥി സംഘടനകൾ പ്രതിഷേധിച്ചിരുന്നു.

ഏറെനേരം നീണ്ട ചർച്ചകള്‍ക്കൊടുവിലാണ് വഖഫ് ബില്‍ ഇരുസഭകളും പാസാക്കിയത്. ലോക്‌സഭയില്‍, കെ രാധാകൃഷ്ണന്‍, കെ സി വേണുഗോപാല്‍, എന്‍ കെ പ്രേമചന്ദ്രന്‍, ഗൗരവ് ഗോഗോയി, മുഹമ്മദ് ജാവേദ്, അസസുദ്ദീന്‍ ഒവൈസി, കെ രാധാകൃഷ്ണന്‍, ഇ ടി മുഹമ്മദ് ബഷീര്‍ അടക്കമുള്ളവര്‍ ഭേദഗതികള്‍ നിര്‍ദേശിക്കുകയും ഇതിന് പിന്നാലെ വോട്ടെടുപ്പ് നടക്കുകയായിരുന്നു. 288 പേര്‍ ബില്ലിനെ അനുകൂലിച്ചപ്പോള്‍ 232 പേര്‍ എതിര്‍ത്തു. തുടര്‍ന്ന് പ്രതിപക്ഷ എംപിമാര്‍ ഉന്നയിച്ച ഭേദഗതികള്‍ ശബ്ദവോട്ടോടെ തള്ളുകയും ബില്‍ ലോക്‌സഭയില്‍ പാസാക്കുകയുമായിരുന്നു.

രാജ്യസഭയിലും സമാന സാഹചര്യങ്ങള്‍ ആവര്‍ത്തിച്ചു. ബില്ലിലെ വ്യവസ്ഥകളില്‍ കേരളത്തില്‍ നിന്നുള്ള എംപിമാരായ ജോണ്‍ ബ്രിട്ടാസ്, എഎ റഹീം, വി ശിവദാസന്‍, ഹാരിസ് ബീരാന്‍, അബ്ദുള്‍ വഹാബ്, പി സന്തോഷ് കുമാര്‍, പി പി സുനീര്‍ എന്നിവര്‍ ഭേദഗതികള്‍ നിര്‍ദേശിച്ചു. പിന്നാലെ നടന്ന വോട്ടെടുപ്പിൽ 128 പേര്‍ ബില്ലിനെ അനുകൂലിച്ചും 95 പേര്‍ ബില്ലിനെ എതിര്‍ത്തും വോട്ടു ചെയ്തു. പ്രതിപക്ഷ എംപിമാര്‍ മുന്നോട്ടുവെച്ച ഭേദഗതികള്‍ ശബ്ദവോട്ടെടെ തള്ളി. ഇതോടെ ബില്‍ രാജ്യസഭയും കടക്കുകയായിരുന്നു.

Content Highlights-Muslim League moves Supreme Court against Waqf reform

dot image
To advertise here,contact us
dot image