ബില്ലുകൾ തടഞ്ഞുവെച്ച ഗവർണറുടെ നടപടിക്കെതിരായ ഹർജി; തമിഴ്‌നാട് കേസിൽ വിധി പറഞ്ഞ ബെഞ്ചിന് കൈമാറണമെന്ന് കേരളം

കേരളം ആവശ്യപ്പെട്ട ബെഞ്ചിന് ഹര്‍ജി വിടുന്നതില്‍ ഇപ്പോള്‍ തീരുമാനമെടുക്കുന്നില്ലെന്ന് ചീഫ് ജസ്റ്റിസ്

dot image

ന്യൂഡല്‍ഹി: ബില്ലുകള്‍ തടഞ്ഞുവെച്ച ഗവര്‍ണറുടെ നടപടിക്കെതിരായ ഹര്‍ജി തമിഴ്നാട് കേസില്‍ വിധി പറഞ്ഞ ബെഞ്ചിലേക്ക് കൈമാറണമെന്ന് കേരളം. സമാന വിഷയത്തിലാണ് സുപ്രീംകോടതി ബെഞ്ച് വിധി പറഞ്ഞതെന്ന് കേരളം വ്യക്തമാക്കി. 23 മാസമായി ഏഴ് ബില്ലുകള്‍ തടഞ്ഞുവെച്ചത് നിര്‍ഭാഗ്യകരമെന്നും കേരളം പറഞ്ഞു.

അതേസമയം കേരളം ആവശ്യപ്പെട്ട ബെഞ്ചിന് ഹര്‍ജി വിടുന്നതില്‍ ഇപ്പോള്‍ തീരുമാനമെടുക്കുന്നില്ലെന്ന് ചീഫ് ജസ്റ്റിസ് സഞ്ജീവ് ഖന്ന പറഞ്ഞു. എന്നാല്‍ തമിഴ്നാട് കേസിലെ വിധിന്യായം പഠിച്ച ശേഷം മറുപടി നല്‍കാമെന്നാണ് കേന്ദ്ര സര്‍ക്കാര്‍ വാദം. കേരളം നല്‍കിയ ഹര്‍ജി സുപ്രീം കോടതി അഞ്ചാഴ്ചയ്ക്ക് ശേഷം പരിഗണിക്കാന്‍ മാറ്റിയിട്ടുണ്ട്.

10 ബില്ലുകള്‍ തടഞ്ഞുവെച്ചതിന് ശേഷം രാഷ്ട്രപതിക്ക് അയച്ച തമിഴ്‌നാട് ഗവര്‍ണര്‍ ആര്‍ എന്‍ രവിയുടെ നടപടി സുപ്രീംകോടതി റദ്ദാക്കിയിരുന്നു. ഗവര്‍ണര്‍ മന്ത്രിസഭയുടെ ഉപദേശമനുസരിച്ച് പ്രവര്‍ത്തിക്കണമെന്നും ഭരണഘടന നിലവില്‍ വന്ന ശേഷം ഗവര്‍ണര്‍ക്ക് വിവേചനാധികാരമില്ലെന്നും സുപ്രീം കോടതി വിമര്‍ശിച്ചിരുന്നു.

ബില്ലുകളില്‍ തീരുമാനമെടുക്കാനും കോടതി സമയ പരിധി നല്‍കിയിട്ടുണ്ട്. ബില്‍ തടഞ്ഞുവെച്ചാല്‍ ഒരുമാസത്തിനകം തീരുമാനമെടുക്കണമെന്ന് സുപ്രീം കോടതി ആവശ്യപ്പെട്ടു. തീരുമാനമെടുത്തില്ലെങ്കില്‍ മൂന്ന് മാസത്തിനകം മന്ത്രിസഭയ്ക്ക് തിരിച്ചയക്കണമെന്നും സുപ്രീം കോടതി പറഞ്ഞു. നിയമസഭ രണ്ടാമതും അംഗീകരിച്ച ബില്ലില്‍ മൂന്ന് മാസത്തിനകം തീരുമാനമെടുക്കണമെന്നും ഗവര്‍ണറുടെ നടപടി കോടതിയുടെ പരിശോധനയ്ക്ക് വിധേയമെന്നും സുപ്രീം കോടതി പറഞ്ഞു.

Content Highlights: petition against bill pendings kerala wants handed over to bench that ruled in Tamil Nadu case

dot image
To advertise here,contact us
dot image