തമിഴ്‌നാട് ഗവർണർക്ക് തിരിച്ചടി: 'ബില്ലുകൾ തടഞ്ഞതിന് ശേഷം രാഷ്ട്രപതിക്ക് അയക്കാന്‍ പറ്റില്ല;നടപടി നിയമവിരുദ്ധം'

ഭരണഘടന നിലവില്‍ വന്ന ശേഷം ഗവര്‍ണര്‍ക്ക് വിവേചനാധികാരമില്ലെന്നും സുപ്രീം കോടതി

dot image

ചെന്നൈ: തമിഴ്നാട് ഗവര്‍ണര്‍ ഡോ. ആര്‍ എന്‍ രവിക്ക് തിരിച്ചടി. ബില്ലുകള്‍ തടഞ്ഞുവെച്ചതിന് ശേഷം രാഷ്ട്രപതിക്ക് അയച്ച രവിയുടെ നടപടി സുപ്രീംകോടതി റദ്ദാക്കി. ഗവര്‍ണ്ണര്‍ മന്ത്രിസഭയുടെ ഉപദേശമനുസരിച്ച് പ്രവര്‍ത്തിക്കണമെന്നും ഭരണഘടന നിലവില്‍ വന്ന ശേഷം ഗവര്‍ണര്‍ക്ക് വിവേചനാധികാരമില്ലെന്നും സുപ്രീം കോടതി വിമര്‍ശിച്ചു.

ബില്ലുകളില്‍ തീരുമാനമെടുക്കാനും കോടതി സമയ പരിധി നല്‍കിയിട്ടുണ്ട്. ബില്‍ തടഞ്ഞുവെച്ചാല്‍ ഒരുമാസത്തിനകം തീരുമാനമെടുക്കണമെന്ന് സുപ്രീം കോടതി ആവശ്യപ്പെട്ടു. തീരുമാനമെടുത്തില്ലെങ്കില്‍ മൂന്ന് മാസത്തിനകം മന്ത്രിസഭയ്ക്ക് തിരിച്ചയക്കണമെന്നും സുപ്രീം കോടതി പറഞ്ഞു. നിയമസഭ രണ്ടാമതും അംഗീകരിച്ച ബില്ലില്‍ മൂന്ന് മാസത്തിനകം തീരുമാനമെടുക്കണമെന്നും ഗവര്‍ണറുടെ നടപടി കോടതിയുടെ പരിശോധനയ്ക്ക് വിധേയമെന്നും സുപ്രീം കോടതി പറഞ്ഞു.

10 ബില്ലുകള്‍ തടഞ്ഞുവെച്ച ആര്‍ എന്‍ രവിയുടെ നടപടിയെയും സുപ്രീം കോടതി വിമര്‍ശിച്ചു. ബില്ലുകള്‍ തടഞ്ഞുവെച്ചതിന് ശേഷം രാഷ്ട്രപതിക്ക് അയക്കാനാവില്ലെന്നും സുപ്രീം കോടതി നിരീക്ഷിച്ചു. പത്ത് ബില്ലുകള്‍ തടഞ്ഞുവെച്ച ശേഷം രാഷ്ട്രപതിക്ക് അയച്ച നടപടി നിയമ വിരുദ്ധമാണെന്നും സുപ്രീം കോടതി വ്യക്തമാക്കി.

'നിയമസഭ പാസാക്കിയ ബില്ലുകളില്‍ ഗവര്‍ണ്ണര്‍ക്ക് മുന്നില്‍ മൂന്ന് സാധ്യത മാത്രമാണുള്ളത്. അംഗീകാരം നല്‍കാം, തടഞ്ഞുവെയ്ക്കാം, രാഷ്ട്രപതിക്ക് കൈമാറാം. ഇതിലൊന്ന് ചെയ്ത ശേഷം രാഷ്ട്രപതിക്ക് ബില്‍ കൈമാറാനാവില്ല. ഗവര്‍ണര്‍ക്ക് സ്വതന്ത്രമായ തീരുമാനമെടുക്കാനുമാവില്ല. ഭരണഘടനാ അനുസൃതമായി മാത്രമേ തീരുമാനമെടുക്കാനാവൂ', സുപ്രീം കോടതി പറഞ്ഞു.

ബില്ലുകള്‍ വീറ്റോ ചെയ്യുന്നതിന് ഭരണഘടനയില്‍ സ്ഥാനമില്ലെന്നും ബില്ലുകള്‍ മുന്നിലെത്തിയാല്‍ ഭരണഘടനാനുസൃതമായി പ്രവര്‍ത്തിക്കണമെന്നും സുപ്രീം കോടതി ചൂണ്ടിക്കാട്ടി. പഞ്ചാബ് ഗവര്‍ണര്‍ക്കെതിരായ കേസിലെ വിധിയും സുപ്രീം കോടതി ശരിവെച്ചു.

Content Highlights: Supreme Court quashes Tamil Nadu Governor s action of sending bills to the President after blocking

dot image
To advertise here,contact us
dot image