
പ്രയാഗ്രാജ്: മാറിടത്തിൽ സ്‌പർശിച്ചാൽ ബാലത്സംഗമല്ലെന്ന അലഹബാദ് ഹൈക്കോടതിയുടെ വിവാദ ഉത്തരവിനെതിരെ അതിജീവിതയുടെ മാതാവ് സുപ്രീംകോടതിയിൽ. പെൺകുട്ടിയുടെ മാതാവിന്റെ പേരടക്കമുള്ള സ്വകാര്യ വിവരങ്ങൾ രേഖകളിൽ നിന്ന് നീക്കാൻ ഹൈക്കോടതി രജിസ്ട്രിക്ക് സുപ്രീംകോടതി നിർദേശം നൽകി.
പെണ്‍കുട്ടിയുടെ മാറിടത്തില്‍ സ്പര്‍ശിക്കുന്നത് ബലാത്സംഗ ശ്രമമല്ലെന്ന അലഹബാദ് ഹൈക്കോടതി വിധി സുപ്രീംകോടതി മുൻപ് സ്റ്റേ ചെയ്തിരുന്നു. ജസ്റ്റിസ് റാം മനോഹർ നാരായൺ മിശ്രയുടെ ഉത്തരവായിരുന്നു സുപ്രീംകോടതി സ്‌റ്റേ ചെയ്‌തത്. വിധിയെഴുതിയ ജഡ്ജിക്കെതിരെ കടുത്ത വാക്കുകള്‍ ഉപയോഗിക്കേണ്ടിവരുമെന്ന് സുപ്രീംകോടതി പറഞ്ഞിരുന്നു. സംഭവത്തില്‍ കേന്ദ്രസര്‍ക്കാരിനും ഉത്തര്‍പ്രദേശ് സര്‍ക്കാരിനും സുപ്രീംകോടതി നോട്ടീസ് അയയ്ക്കുകയും ചെയ്തിരുന്നു.
പെണ്‍കുട്ടികളുടെ മാറിടം സ്പര്‍ശിക്കുന്നതും പൈജാമയുടെ ചരട് പൊട്ടിക്കാന്‍ ശ്രമിക്കുന്നതും വലിച്ചിഴയ്ക്കുന്നതും ബലാത്സംഗ ശ്രമത്തിനുള്ള തെളിവായി കാണാന്‍ കഴിയില്ലെന്നായിരുന്നു അലഹബാദ് ഹൈക്കോടതിയുടെ വിവാദ വിധിപ്രസ്താവം. ബലാത്സംഗ ശ്രമവും ബലാത്സംഗത്തിനുള്ള തയ്യാറെടുപ്പും തമ്മിലുള്ള വ്യത്യാസം വിശദീകരിച്ചായിരുന്നു ജസ്റ്റിസ് രാം മനോഹര്‍ നാരായണ്‍ മിശ്ര ഇക്കാര്യം ചൂണ്ടിക്കാട്ടിയത്. പെണ്‍കുട്ടിക്ക് ലിഫ്റ്റ് നല്‍കാമെന്ന് പറഞ്ഞ് വാഹനത്തില്‍ കയറ്റിയ പ്രതികള്‍ ലൈംഗികാതിക്രമത്തിന് ശ്രമിച്ചുവെന്ന പരാതിയില്‍ 2021ല്‍ രജിസ്റ്റര്‍ ചെയ്ത കേസിലായിരുന്നു ഹൈക്കോടതിയുടെ നീരീക്ഷണം. കീഴ്‌ക്കോടതി ചുമത്തിയ ബലാത്സംഗ കുറ്റത്തിനെതിരെ പ്രതികള്‍ ഹൈക്കോടതിയില്‍ ഹര്‍ജി നല്‍കിയിരുന്നു. ഇത് പരിഗണിച്ച ഹൈക്കോടതി, പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടികളുടെ മാറിടത്തില്‍ സ്പര്‍ശിക്കുന്നതോ, പൈജാമയുടെ ചരട് പൊട്ടിക്കാന്‍ ശ്രമിക്കുന്നതോ ബലാത്സംഗ ശ്രമമായി കാണാന്‍ കഴിയില്ലെന്ന് വ്യക്തമാക്കുകയായിരുന്നു.
Content Highlights- Controversial order that touching the breast is not child rape; Mother of survivor moves Supreme Court