ഹൈദരാബാദ് സ്‌ഫോടനക്കേസ്; യാസീന്‍ ഭട്കൽ ഉൾപ്പെടെ നാലുപേരുടെ വധശിക്ഷ ശരിവെച്ച് തെലങ്കാന ഹൈക്കോടതി

2013 ഫെബ്രുവരി 21ന് വൈകിട്ടാണ് ദില്‍സുഖ് നഗറിലെ തിരക്കേറിയ ചായക്കടയിലും തൊട്ടടുത്ത സിനിമാ തീയറ്ററിനകത്തും നിമിഷങ്ങളുടെ വ്യത്യാസത്തില്‍ സ്‌ഫോടനങ്ങളുണ്ടായത്

dot image

ഹൈദരാബാദ്; 2013ലെ ദില്‍സുഖ് നഗര്‍ സ്‌ഫോടനക്കേസിലെ പ്രതികളുടെ വധശിക്ഷ ശരിവെച്ച് തെലങ്കാന ഹൈക്കോടതി. രാജ്യത്ത് നിരോധിച്ച ഇന്ത്യന്‍ മുജാഹിദീന്‍ എന്ന ഭീകരസംഘടനയുടെ സഹസ്ഥാപകന്‍ യാസീന്‍ ഭട്കല്‍, സിയാവുര്‍ റഹ്‌മാന്‍, അസദുളള അക്തര്‍, തെഹ്‌സീന്‍ അക്തര്‍, ഐജാസ് ഷെയ്ക്ക് എന്നിവരുടെ വധശിക്ഷയാണ് ഹൈക്കോടതി ശരിവെച്ചത്.

ജസ്റ്റിസുമാരായ കെ ലക്ഷ്മണും പി സുധയുമടങ്ങുന്ന ബെഞ്ചാണ് പ്രതികളുടെ വധശിക്ഷ റദ്ദാക്കണമെന്ന് ആവശ്യപ്പെട്ടുളള ഹര്‍ജി തളളിയത്. എന്‍ഐഎ കോടതിയാണ് ഇവര്‍ക്ക് വധശിക്ഷ വിധിച്ചത്. 2013 ഫെബ്രുവരി 21ന് വൈകിട്ടാണ് ദില്‍സുഖ് നഗറിലെ തിരക്കേറിയ ചായക്കടയിലും തൊട്ടടുത്ത സിനിമാ തീയറ്ററിനകത്തും നിമിഷങ്ങളുടെ വ്യത്യാസത്തില്‍ സ്‌ഫോടനങ്ങളുണ്ടായത്. 19 പേരാണ് അന്നത്തെ സ്‌ഫോടനത്തില്‍ കൊല്ലപ്പെട്ടത്. 130 പേര്‍ക്ക് ഗുരുതരമായി പരിക്കേറ്റു.

ഇന്ത്യന്‍ മുജാഹിദീനാണ് സ്‌ഫോടനത്തിന് പിന്നിലെന്ന് കണ്ടെത്തിയ എന്‍ഐഎ ആറ് മാസത്തിനുളളില്‍ യാസീന്‍ ഭട്കല്‍, അസദുളള അക്തര്‍ എന്നിവരെ ബിഹാര്‍-നേപ്പാള്‍ അതിര്‍ത്തിയില്‍ നിന്ന് പിടികൂടി. തെഹ്‌സീന്‍ അക്തര്‍, ഐജാസ്, സിയാവുര്‍ റഹ്‌മാന്‍ എന്നിവരെയും പിന്നീട് പിടികൂടിയിരുന്നു. എന്നാല്‍ കേസിലെ മുഖ്യപ്രതിയായ റിയാസ് ഭട്കലിനെ ഇതുവരെ കണ്ടെത്താനായിട്ടില്ല. ഇയാള്‍ ഇപ്പോഴും ഒളിവിലാണ്. റിയാസ് പാകിസ്താനിലുണ്ടെന്ന് സംശയിക്കുന്നതായി ഉദ്യോഗസ്ഥര്‍ പറഞ്ഞു.

അറസ്റ്റിലായ അഞ്ച് പേരുടെയും കേസ് 2015 മുതല്‍ ഹൈദരാബാദിലെ ചെര്‍ലപ്പളളി സെന്‍ട്രല്‍ ജയിലിലെ ദേശീയ അന്വേഷണ ഏജന്‍സി പ്രത്യേക കോടതിയില്‍ വിചാരണ നടന്നുവരികയായിരുന്നു. കേസിനായി എന്‍ഐഎ 158 സാക്ഷികളെ വിസ്തരിച്ചു. 201 തെളിവുകളും അഞ്ഞൂറോളം രേഖകളും കോടതിയില്‍ ഹാജരാക്കിയിരുന്നു. 2016-ലാണ് പ്രതികള്‍ക്ക് എന്‍ഐഎ കോടതി വധശിക്ഷ വിധിച്ചത്.

Content Highlights: telengana highcourt upholds death penalty of yasin bhatkal and 4 other in hyderabad blast case

dot image
To advertise here,contact us
dot image