
ഗയ: കേന്ദ്രമന്ത്രി ജിതന്‍ റാം മാഞ്ചിയുടെ കൊച്ചുമകള്‍ സുഷ്മാദേവി ഭര്‍ത്താവിന്റെ വെടിയേറ്റ് മരിച്ചു. ബിഹാറിലെ ഗയയിലുളള ടെറ്റുവ ഗ്രാമത്തിലെ വീട്ടില്‍വെച്ചാണ് സുഷ്മയ്ക്ക് ഭര്‍ത്താവിന്റെ വെടിയേറ്റത്. ഇന്ന് രാവിലെയായിരുന്നു സംഭവം.
സുഷ്മയെ വെടിവച്ചശേഷം ഭര്‍ത്താവ് രമേശ് വീട്ടില്‍ നിന്ന് കടന്നുകളഞ്ഞു. ഇയാള്‍ക്കായുളള അന്വേഷണം പുരോഗമിക്കുകയാണ്. കൃത്യം നടക്കുമ്പോള്‍ സുഷ്മാദേവിയുടെ മക്കളും സഹോദരി പൂനം കുമാരിയും വീട്ടിലുണ്ടായിരുന്നു. സുഷ്മയും രമേശും തമ്മില്‍ രാത്രി വാക്കുതര്‍ക്കമുണ്ടായിരുന്നതായി പൂനം പറഞ്ഞു.
നാടന്‍ തോക്കുപയോഗിച്ചാണ് പ്രതി യുവതിയെ ആക്രമിച്ചത്. ശബ്ദം കേട്ട് പൂനം കുമാരി ഓടിയെത്തിയപ്പോള്‍ കണ്ടത് രക്തം വാര്‍ന്നുകിടക്കുന്ന സുഷ്മയെയായിരുന്നു. വീട്ടില്‍വെച്ചുതന്നെ സുഷ്മ മരണപ്പെട്ടതായി പൂനം പൊലീസിനോട് പറഞ്ഞു. വെടിയൊച്ച കേട്ട് പ്രദേശവാസികള്‍ ഓടിയെത്തിയിരുന്നു. എന്നാല്‍ അപ്പോഴേക്കും രമേശ് സംഭവസ്ഥലത്തുനിന്ന് കടന്നുകളഞ്ഞു. രമേശിനെ കണ്ടെത്താന്‍ പ്രത്യേക അന്വേഷണ സംഘം രൂപീകരിച്ചിട്ടുണ്ടെന്ന് ഗയ സീനിയര്‍ പൊലീസ് സൂപ്രണ്ട് ആനന്ദ് കുമാര്‍ വ്യക്തമാക്കി. തെളിവുകള്‍ ശേഖരിക്കുന്നതിനായി ഫോറന്‍സിക് വിദഗ്ദരെയും ടെക്‌നിക്കല്‍ എക്‌സ്‌പേര്‍ട്ടുകളെയും കുറ്റകൃത്യം നടന്ന സ്ഥലത്തേക്ക് അയച്ചിട്ടുണ്ടെന്നും സംഭവത്തില്‍ കൂടുതല്‍ അന്വേഷണം നടന്നുവരികയാണെന്നും അദ്ദേഹം പറഞ്ഞു.
ബിഹാര്‍ മഹാദളിത് വികാസ് മിഷന്റെ കീഴില്‍ വികസന സംരംഭങ്ങള്‍ക്കായി സംസ്ഥാന സര്‍ക്കാരിനും ഡെവലപ്‌മെന്റ് സൊസൈറ്റികള്‍ക്കുമിടയില്‍ പ്രവര്‍ത്തിക്കുന്ന വികാസ് മിത്രയായിരുന്നു കൊല്ലപ്പെട്ട സുഷ്മ. രമേശ് പട്‌നയില്‍ ട്രക്ക് ഡ്രൈവറായാണ് ജോലി ചെയ്തിരുന്നത്. സുഷ്മയും രമേശും വ്യത്യസ്ത ജാതികളില്‍ നിന്നുളളവരാണെന്നും 14 വര്‍ഷം മുന്‍പായിരുന്നു ഇവരുടെ വിവാഹമെന്നും റിപ്പോര്‍ട്ടുണ്ട്. അതേസമയം, ജിതന്‍ റാം മാഞ്ചി സംഭവത്തില്‍ ഇതുവരെ പ്രതികരിച്ചിട്ടില്ല. ഗയ ലോക്‌സഭാ മണ്ഡലത്തില്‍ നിന്നുളള എംപിയും എംഎസ്എംഇ വകുപ്പ് മന്ത്രിയുമാണ് ജിതന്‍ റാം മാഞ്ചി.
Content Highlights: Union minister jitan ram manjhi's granddaughter shot dead by husband