തഹാവൂർ റാണയുമായുള്ള വിമാനം ഡൽഹിയിലെത്തി; ദൗത്യം വിജയകരമെന്ന് എന്‍ഐഎ

ദൗത്യം പൂര്‍ത്തിയാക്കാന്‍ എന്‍എസ്ജി, യുഎസ് സ്‌കൈ മാര്‍ഷല്‍ അടക്കമുള്ളവരുടെ സഹായം ലഭിച്ചുവെന്നും എന്‍ഐഎ

dot image

ന്യൂഡൽഹി: മുംബൈ ഭീകരാക്രമണക്കേസ് പ്രതി തഹാവൂർ റാണ(64)യുമായുള്ള വിമാനം ഡൽഹിയിലെത്തി.

തഹാവൂര്‍ റാണയെ ഇന്ത്യയില്‍ എത്തിച്ച ദൗത്യം വിജയകരമായി പൂര്‍ത്തിയാക്കാന്‍ കഴിഞ്ഞവെന്ന് എന്‍ഐഎ അറിയിച്ചു. ദൗത്യം പൂര്‍ത്തിയാക്കാന്‍ എന്‍എസ്ജി, യുഎസ് സ്‌കൈ മാര്‍ഷല്‍ അടക്കമുള്ളവരുടെ സഹായം ലഭിച്ചുവെന്നും എന്‍ഐഎ പറഞ്ഞു. തഹാവൂർ റാണയുടെ വരവിന് മുന്നോടിയായി ഡൽഹിയിലെ പല പ്രദേശങ്ങളിലും സുരക്ഷ വർദ്ധിപ്പിച്ചിട്ടുണ്ട്.

പാകിസ്താൻ വംശജനും കനേഡിയൻ പൗരനുമായ തഹാവൂർ റാണ ലോസ് ആഞ്ജലിസിലെ തടങ്കൽ കേന്ദ്രത്തിലാണ് കഴിഞ്ഞിരുന്നത്. അസുഖബാധിതനായ തന്നെ ഇന്ത്യയ്ക്ക് കൈമാറരുതെന്നും ഇന്ത്യയിലെത്തിയാൽ താൻ മതത്തിന്റെ പേരിൽ പീഡനത്തിനിരയാകുമെന്നും കൊല്ലപ്പെടാൻ സാധ്യതയുണ്ടെന്നും റാണ യുഎസ് സുപ്രീംകോടതിയിൽ വാദിച്ചിരുന്നു. 2008 നവംബറിൽ നടന്ന മുംബൈ ഭീകരാക്രമണത്തിന്റെ പ്രധാന ആസൂത്രകരിൽ ഒരാളായ പാക്-യുഎസ് ഭീകരൻ ഡേവിഡ് കോൾമാൻ ഹെഡ്‌ലിയുമായി റാണയ്ക്ക് അടുത്ത ബന്ധമുണ്ടെന്ന് കണ്ടെത്തിയിരുന്നു.

2019-ലാണ് തഹാവൂർ റാണയെ കൈമാറണമെന്ന് ആവശ്യപ്പെട്ട് ഇന്ത്യ അമേരിക്കയ്ക്ക് അപേക്ഷ നൽകിയത്. റാണയ്‌ക്കെതിരായ തെളിവുകളും രാജ്യം കൈമാറി. ഡൊണാൾഡ് ട്രംപ്- നരേന്ദ്രമോദി കൂടിക്കാഴ്ച്ചയിലും വിഷയം ചർച്ചയായി. ഇന്ത്യക്ക് തന്നെ കൈമാറരുതെന്ന് ആവശ്യപ്പെട്ടുളള റാണയുടെ ഹർജികൾ യുഎസ് സുപ്രീംകോടതി തളളി. 2025 ജനുവരി 25-നാണ് റാണയെ ഇന്ത്യക്ക് കൈമാറാൻ യുഎസ് അനുമതി നൽകിയത്. ഇന്ത്യയിൽ എത്തിക്കുന്ന റാണ തുടക്കത്തിൽ എൻഐഎ കസ്റ്റഡിയിലായിരിക്കും. 2008-ൽ മുംബൈയിൽ ഭീകരാക്രമണം നടക്കുന്നതിന് തൊട്ടുമുൻപുളള ദിവസങ്ങളിൽ തഹാവൂർ റാണ ഇന്ത്യയിലുണ്ടായിരുന്നു. ഇയാൾ ഇന്ത്യവിട്ട് ദിവസങ്ങൾക്കുളളിലാണ് ഭീകരാക്രമണം നടന്നത്. ഡേവിഡ് കോൾമാനുമായി ചേർന്ന് അമേരിക്കയിൽ ആക്രമണങ്ങൾ നടത്താൻ പദ്ധതിയിടുന്നതിനിടെയാണ് റാണ പിടിയിലായത്.

Content Highlights: Delhi ready for Mumbai attacks accused Tahawwur Rana’s arrival

dot image
To advertise here,contact us
dot image