ആശയ, സംഘടനാ തലങ്ങളില്‍ അഴിച്ചുപണി, ഡിസിസികള്‍ക്ക് കര്‍ശന നിര്‍ദേശങ്ങള്‍; എഐസിസി സമ്മേളനം അവസാനിച്ചു

സബര്‍മതി തീരത്ത് നടന്ന സമ്മേളനത്തില്‍ 1700-ലധികം നേതാക്കളാണ് പങ്കെടുത്തത്. കേരളത്തില്‍ നിന്ന് 61 പ്രതിനിധികളാണ് സമ്മേളനത്തില്‍ പങ്കെടുത്തത്

dot image

അഹമ്മദാബാദ്: ഗുജറാത്തില്‍ രണ്ടുദിവസം നീണ്ടുനിന്ന എഐസിസി സമ്മേളനം അവസാനിച്ചു. മഹാത്മാഗാന്ധിയുടെ ആശയദൃഢതയും സര്‍ദാര്‍ വല്ലഭ് ഭായ് പട്ടേലിന്റെ പ്രായോഗിക ശൗര്യവുമൊത്തിണങ്ങിയ പുതിയ കോണ്‍ഗ്രസിനെ കെട്ടിപ്പടുക്കുമെന്നാണ് അഹമ്മദാബാദില്‍ നടന്ന എഐസിസി സമ്മേളനത്തിലെ പ്രധാന പ്രഖ്യാപനം.

സബര്‍മതി തീരത്ത് നടന്ന സമ്മേളനത്തില്‍ 1700-ലധികം നേതാക്കളാണ് പങ്കെടുത്തത്. കേരളത്തില്‍ നിന്ന് 61 പ്രതിനിധികളാണ് സമ്മേളനത്തില്‍ പങ്കെടുത്തത്. സാമൂഹിക നീതിക്കും മതേതരത്വത്തിനും ഊന്നല്‍ നല്‍കാനും സംഘടനാതലത്തില്‍ ഡിസിസികളെ ശാക്തീകരിക്കാനുമുളള മാര്‍ഗനിര്‍ദേശങ്ങള്‍ക്ക് സമ്മേളനം അംഗീകാരം നല്‍കി. ഗാന്ധിജി കോണ്‍ഗ്രസ് അധ്യക്ഷനായതിന്റെ നൂറാം വാര്‍ഷികം ആഘോഷിക്കുന്ന 2025 കോണ്‍ഗ്രസിന്റെ പുനര്‍ജനി വര്‍ഷമായിരിക്കുമെന്ന് കോണ്‍ഗ്രസ് അധ്യക്ഷന്‍ മല്ലികാര്‍ജ്ജുന്‍ ഖാര്‍ഗെ പറഞ്ഞു.


രാജ്യത്ത് ജാതി സെന്‍സസ് നടത്തണമെന്നും ഒബിസി, എസ്‌സി, എസ്ടി, ന്യൂനപക്ഷം, മുന്നാക്കക്കാരിലെ പിന്നാക്കക്കാര്‍ എന്നിവര്‍ക്ക് അര്‍ഹമായ പ്രാതിനിധ്യം ഉറപ്പാക്കണമെന്നും നേതാക്കള്‍ ആവശ്യപ്പെട്ടു. ഇതുസംബന്ധിച്ച പ്രമേയവും പാസാക്കിയിട്ടുണ്ട്. പാര്‍ട്ടിക്ക് കരുത്തേകാന്‍ കര്‍ശന നിര്‍ദേശങ്ങളാണ് എഐസിസി സമ്മേളനത്തില്‍ പ്രഖ്യാപിച്ചത്. പാര്‍ട്ടിക്കുവേണ്ടി പണിയെടുക്കാത്തവര്‍ക്ക് പദവികളില്‍നിന്ന് നിര്‍ബന്ധിത വിരമിക്കലുണ്ടാകുമെന്ന് മല്ലികാര്‍ജ്ജുന്‍ ഖാര്‍ഗെ പറഞ്ഞു. ഡിസിസി പ്രസിഡന്റുമാരുടെ ശാക്തീകരണ നടപടി തന്നെയാകും സംഘടനയില്‍ വരുത്താനുദ്ദേശിക്കുന്ന പ്രധാനമാറ്റമെന്ന് ഖാര്‍ഗെയും പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധിയും വ്യക്തമാക്കിയിരുന്നു.


ഡിസിസികള്‍ക്കും അധ്യക്ഷന്മാര്‍ക്കും പ്രവര്‍ത്തന മാര്‍ഗരേഖയിറക്കും. അത് കര്‍ശനമായി പാലിക്കണം, ഡിസിസിക്ക് കീഴിലെ മുഴുവന്‍ കമ്മിറ്റികളും അടുത്ത ഒരു വര്‍ഷത്തിനുളളില്‍ അധ്യക്ഷന്മാര്‍ പുനസംഘടിപ്പിക്കണമെന്നാണ് മാര്‍ഗരേഖയിലെ പ്രധാന വ്യവസ്ഥ. ഗ്രൂപ്പു കളിക്ക് നിന്നുകൊടുക്കാത്ത ഡിസിസി പ്രസിഡന്റുമാരെയാണ് പാര്‍ട്ടിക്ക് ആവശ്യമെന്ന് മല്ലികാര്‍ജ്ജുന്‍ ഖാര്‍ഗെ പറഞ്ഞു. ബൂത്ത്, മണ്ഡലം, ബ്ലോക്ക്, ജില്ലാ കമ്മിറ്റികള്‍ കഴിവുളളവരെ ഉള്‍പ്പെടുത്തി പുനസംഘടിപ്പിക്കണം. ഇക്കാര്യത്തില്‍ ഡിസിസി അധ്യക്ഷന്മാരുടെ പ്രവര്‍ത്തനം സുതാര്യവും പക്ഷപാതരഹിതവുമാകണം. ഡിസിസി ഘടനയ്ക്ക് കൃത്യമായ മാര്‍ഗരേഖ എഐസിസി നല്‍കുമെന്ന് ജനറല്‍ സെക്രട്ടറി കെ സി വേണുഗോപാല്‍ പറഞ്ഞു.

Content Highlights: Reorganisation at organisational and ideological levels strict instructions to dcc's aicc conference ends

dot image
To advertise here,contact us
dot image
To advertise here,contact us
To advertise here,contact us