
ഡൽഹി : ഡൽഹിയിലെ അഴുക്കുചാലിൽ യുവതിയുടെ മൃതദേഹം ബെഡ്ഷീറ്റിൽ പൊതിഞ്ഞ് കല്ലും സിമന്റ് ചാക്കും ഉപയോഗിച്ച് കെട്ടി താഴ്ത്തിയ സംഭവത്തിൽ ഭർത്താവ് അറസ്റ്റിൽ. 47 വയസുകാരിയായ സീമ സിങ്ങിനെയാണ് ഭർത്താവും വ്യവസായിയുമായ അനിൽ കുമാർ അതിക്രൂരമായി കൊലപ്പെടുത്തിയത്. സീമ ധരിച്ചിരുന്ന മൂക്കുത്തിയെ ചുറ്റിപ്പറ്റിയുള്ള അന്വേഷണമാണ് പ്രതിയെ പിടികൂടാൻ പൊലീസിനെ സഹായിച്ചത്.
തെക്കൻ ഡൽഹിയിലെ ഒരു ജ്വല്ലറിയിൽ നിന്നാണ് മൂക്കുത്തി വാങ്ങിയതെന്ന് പൊലീസ് കണ്ടെത്തി. ഗുരുഗ്രാം സ്വദേശി അനിൽ കുമാറാണ് ഇത് വാങ്ങിയതെന്നും അന്വേഷണത്തിൽ വ്യക്തമായി. തുടർന്ന് അനിൽ കുമാറിനെ പൊലീസ് ചോദ്യം ചെയ്തു. ചോദ്യം ചെയ്യലിൽ ഭാര്യ സീമ മൊബൈൽ ഫോൺ എടുക്കാതെ ഒരു ദൂരയാത്രയ്ക്ക് പോയിരിക്കുകയാണെന്ന് അനിൽ കുമാർ പറഞ്ഞു. പരസ്പര വിരുദ്ധമായ കാര്യങ്ങൾ അനിൽ കുമാർ പറഞ്ഞതോടെ സീമയുടെ അമ്മയുമായി പൊലീസ് ബന്ധപ്പെടുകയായിരുന്നു.
മാർച്ച് 11നു ശേഷം സീമയുടെ വിവരമില്ലെന്ന് സീമയുടെ സഹോദരി ബബിത പൊലീസിനോട് പറഞ്ഞു. സീമ ജയ്പൂരിലാണെന്നും സംസാരിക്കാനുള്ള മാനസികാവസ്ഥയിലല്ലെന്നുമാണ് അനിൽ കുമാർ പറഞ്ഞതെന്നും വീട്ടുകാർ പൊലീസിനോട് പറഞ്ഞു. തുടർന്ന് ഏപ്രിൽ ഒന്നിന് കണ്ടെത്തിയ മൃതദേഹം തിരിച്ചറിയാൻ പൊലീസ് സീമയുടെ കുടുംബത്തെ വിളിപ്പിച്ചു. ഇതോടെയാണ് മരിച്ചത് സീമയാണെന്ന് പൊലീസ് സ്ഥിരീകരിച്ചത്. സീമയുടെ മകനും മൃതദേഹം തിരിച്ചറിഞ്ഞു. സീമയെ ശ്വാസം മുട്ടിച്ചു കൊലപ്പെടുത്തിയെന്നാണ് പോസ്റ്റ്‌മോര്‍ട്ടം റിപ്പോർട്ടിലുള്ളത്.
ഡൽഹിയിലെ ദ്വാരകയിലുള്ള ഇവരുടെ വീട്ടിൽ വച്ചാണ് കൊലപാതകം നടന്നതെന്നും പൊലീസ് പറയുന്നു. സംഭവത്തിൽ അനിൽ കുമാറിന്റെ സഹായിയായ ശിവശങ്കറിനെയും പൊലീസ് അറസ്റ്റ് ചെയ്തു. കൊലപാതക കാരണം വ്യക്തമല്ല. പൊലീസ് അന്വേഷണം ഊർജ്ജിതമാക്കി.
Content highlights : Husband arrested after killing wife, tying her to a drain; nose piercing becomes crucial evidence