രണ്ട് ജഡ്ജിമാരാണോ സമയപരിധി നിശ്ചയിക്കുക,എങ്കില്‍പാര്‍ലമെന്റിന്റെ ആവശ്യമില്ലല്ലോ;ഗവര്‍ണര്‍ രാജേന്ദ്ര അര്‍ലേകര്‍

സുപ്രീംകോടതിയുടെ വിധി പരിധി ലംഘിക്കുന്നതാണെന്നും ഇത്തരം കാര്യങ്ങളില്‍ തീരുമാനങ്ങളെടുക്കേണ്ടത് പാര്‍ലമെന്റാണെന്നും ഗവര്‍ണര്‍ പറഞ്ഞു.

dot image

തിരുവനന്തപുരം: നിയമസഭ പാസാക്കിയ ബില്ലുകള്‍ അനിശ്ചിതമായി തടഞ്ഞുവയ്ക്കുന്ന തമിഴ്‌നാട് ഗവര്‍ണര്‍ക്കെതിരെ വന്ന വിധിയില്‍ സുപ്രീംകോടതിയെ വിമര്‍ശിച്ച് കേരളാ ഗവര്‍ണര്‍ രാജേന്ദ്ര അര്‍ലേക്കര്‍. സുപ്രീംകോടതിയുടെ വിധി പരിധി ലംഘിക്കുന്നതാണെന്നും ഇത്തരം കാര്യങ്ങളില്‍ തീരുമാനങ്ങളെടുക്കേണ്ടത് പാര്‍ലമെന്റാണെന്നും ഗവര്‍ണര്‍ പറഞ്ഞു. ഹിന്ദുസ്ഥാന്‍ ടൈംസിന് നല്‍കിയ അഭിമുഖത്തിലാണ് ഭരണഘടനാ സ്ഥാനത്തിരിക്കുന്ന ഗവര്‍ണര്‍ രാജേന്ദ്ര അര്‍ലേക്കര്‍ സുപ്രീംകോടതിക്കെതിരെ ഗുരുതര ആരോപണമുന്നയിച്ചത്. ജസ്റ്റിസുമാരായ ജെബി പര്‍ദിവാല, ജസ്റ്റിസ് ആര്‍ മഹാദേവന്‍ എന്നിവരടങ്ങിയ രണ്ടംഗ ബെഞ്ചാണ് തമിഴ്‌നാട് ഗവര്‍ണറുമായി ബന്ധപ്പെട്ട കേസില്‍ വിധി പറഞ്ഞത്.


എന്നാല്‍ രണ്ട് ജഡ്ജിമാരുളള ബെഞ്ചിന് എങ്ങനെയാണ് ഇത്തരത്തിലൊരു വിധി നല്‍കാന്‍ സാധിക്കുക എന്നാണ് ഗവര്‍ണറുടെ ചോദ്യം. ഭരണഘടനയില്‍ സമയപരിധി നിശ്ചയിച്ചിട്ടില്ലെന്നും അതുകൊണ്ടുതന്നെ രണ്ട് ജഡ്ജിമാര്‍ ഇരുന്ന് സമയപരിധി ഉണ്ടാക്കും. അങ്ങനെയാണെങ്കില്‍ പിന്നെ പാര്‍ലമെന്റിന്റെ ആവശ്യമില്ലല്ലോ എന്നാണ് ഗവര്‍ണര്‍ ചോദിക്കുന്നത്.

'മൂന്നില്‍ രണ്ട് ഭൂരിപക്ഷത്തോടെ പാര്‍ലമെന്റിന്റെ രണ്ട് സഭകളും ഭരണഘടന മാറ്റാന്‍ തീരുമാനിക്കുകയാണ് വേണ്ടത്. ആ അധികാരം കൂടി കോടതി എടുക്കുന്നത് ശരിയല്ല. തമിഴ്‌നാട് ഗവര്‍ണറുമായി ബന്ധപ്പെട്ട വിഷയംകേട്ട ബെഞ്ച് ഇത് മറ്റൊരു ഭരണഘടനാ ബെഞ്ചിലേക്ക് മാറ്റുകയായിരുന്നു ചെയ്യേണ്ടിയിരുന്നത്. സുപ്രീംകോടതിയുടേത് അതിരുകടന്ന പ്രവൃത്തിയാണ്. അങ്ങനെ ചെയ്യാന്‍ പാടില്ലായിരുന്നു'- രാജേന്ദ്ര അര്‍ലേക്കര്‍ പറഞ്ഞു.

ഗവര്‍ണറുടെ പരാമര്‍ശത്തിനെതിരെ സിപിഐ രംഗത്തെത്തി. കേരളാ ഗവര്‍ണര്‍ ബിജെപി കണ്ണട മാറ്റണമെന്ന് സിപിഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം പറഞ്ഞു. രാജേന്ദ്ര അര്‍ലേക്കര്‍ ഗവര്‍ണറുടെ കണ്ണടയിലൂടെ കാര്യങ്ങള്‍ കാണണം. മുന്‍ ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്റെ പാത പിന്തുടരാന്‍ ശ്രമിക്കുന്നത് ഖേദകരമാണ്. സുപ്രീംകോടതി വിധി ഭരണഘടന പ്രകാരമാണെന്നും ഗവര്‍ണര്‍ക്ക് വായിച്ചാല്‍ കാര്യങ്ങള്‍ മനസിലാകുമെന്നും ബിനോയ് വിശ്വം കൂട്ടിച്ചേര്‍ത്തു.


അതേസമയം, ഗവര്‍ണര്‍ക്കു പുറമേ രാഷ്ട്രപതിക്കും ബില്ലുകള്‍ക്ക് സമയപരിധി നിശ്ചയിച്ച് സുപ്രീംകോടതി ഉത്തരവിട്ടു. രാഷ്ട്രപതിക്ക് വിടുന്ന ബില്ലുകളില്‍ മൂന്ന് മാസത്തിനകം തീരുമാനമെടുക്കണമെന്നാണ് സുപ്രീംകോടതിയുടെ ഉത്തരവ്. ബില്ലുകള്‍ പിടിച്ചുവച്ചാല്‍ അതിന് കൃത്യമായ കാരണം വേണമെന്നും രാഷ്ട്രപതിക്കും സമ്പൂര്‍ണ്ണ വീറ്റോ അധികാരമില്ലെന്നും സുപ്രീംകോടതി പറഞ്ഞു. തമിഴ്‌നാട് കേസിലെ ഉത്തരവില്‍ തന്നെയാണ് രാഷ്ട്രപതിക്കും സമയപരിധി നിര്‍ദേശിച്ചിരിക്കുന്നത്.

Content Highlights: Kerala Governor Rajendra Arlekar criticizes Supreme Court over Tamil Nadu Governor Bill verdict.

dot image
To advertise here,contact us
dot image