നരേന്ദ്രമോദിയെ വധിക്കാന്‍ ഗൂഢാലോചന നടത്തി?; തഹാവൂര്‍ റാണയുടെ പങ്ക് അന്വേഷിക്കാന്‍ എന്‍ഐഎ

തഹാവൂര്‍ റാണയുടെ ശബ്ദസാമ്പിളുകള്‍ ശേഖരിക്കാന്‍ എന്‍ഐഎ സംഘം നീക്കം തുടങ്ങി

dot image

ന്യൂഡല്‍ഹി: ഗുജറാത്ത് മുഖ്യമന്ത്രിയായിരിക്കെ നരേന്ദ്രമോദിയെ വധിക്കാന്‍ നടന്ന നീക്കത്തില്‍ മുംബൈ ഭീകരാക്രമണക്കേസ് പ്രതി തഹാവൂര്‍ റാണയുടെ പങ്ക് അന്വേഷിക്കാന്‍ എന്‍ഐഎ. നരേന്ദ്രമോദിയെ വധിക്കാന്‍ ശ്രമം നടത്തിയെന്ന ആരോപണം നേരിട്ട ഇസ്രത്ത് ജഹാന്‍ ലഷ്‌കര്‍ ത്വയ്ബ സംഘത്തിന്റെ ഭാഗമായിരുന്നുവെന്ന് തഹാവൂര്‍ റാണയുടെ ബാല്യകാല സുഹൃത്തും പാക്-യുഎസ് ഭീകരനുമായ ഡേവിഡ് കോൾമാൻ ഹെഡ്‌ലി അന്വേഷണ ഏജന്‍സികളോട് പറഞ്ഞിരുന്നു. ഇക്കാര്യങ്ങള്‍ അടക്കം തഹാവൂര്‍ റാണയോട് വിശദമായി ചോദിച്ചറിയാനാണ് എന്‍ഐഎയുടെ നീക്കം.

അതേസമയം തഹാവൂര്‍ റാണയുടെ ശബ്ദസാമ്പിളുകള്‍ ശേഖരിക്കാന്‍ എന്‍ഐഎ സംഘം നീക്കം തുടങ്ങി. ഇതിനായി റാണയുടെ സമ്മതപത്രം എന്‍ഐഎ വാങ്ങിക്കും. റാണ വിസമ്മതിച്ചാല്‍ എന്‍ഐഎ കോടതിയെ സമീപിക്കാനാണ് തീരുമാനം. സെന്‍ട്രല്‍ ഫോറന്‍സിക് സയന്‍സ് ലബോറട്ടറി അംഗങ്ങളാകും ശബ്ദസാമ്പിളുകള്‍ ശേഖരിക്കുക. ഹെഡ്ലിയുമായി തഹാവൂര്‍ സംസാരിക്കുന്ന ഫോണ്‍ റെക്കോര്‍ഡുകള്‍ നിലവില്‍ എന്‍ഐഎയുടെ കയ്യില്‍ ഉണ്ട്. ഇത് മാച്ച് ആകുന്നുണ്ടോ എന്ന് പരിശോധിക്കാനാണ് നീക്കം. ദുബായില്‍ റാണ സന്ദര്‍ശിച്ചത് ആരെയാണെന്ന് കണ്ടെത്താനും അന്വേഷണ സംഘം നീക്കം നടത്തുന്നുണ്ട്. ഇതുമായി ബന്ധപ്പെട്ട ചോദ്യങ്ങള്‍ക്ക് റാണ ഉത്തരം നല്‍കിയിട്ടില്ല.

തഹാവൂര്‍ റാണയെ കൊച്ചിയില്‍ എത്തിച്ച് തെളിവെടുപ്പ് നടത്താനും എന്‍ഐഎ സംഘം തീരുമാനിച്ചിട്ടുണ്ട്. 2008ല്‍ രണ്ട് ദിവസങ്ങളില്‍ തഹാവൂര്‍ റാണ കൊച്ചിയില്‍ ഉണ്ടായിരുന്നതായി അന്വേഷണ സംഘം കണ്ടെത്തിയിരുന്നു. നവംബര്‍ 16,17 തീയതികളില്‍ കൊച്ചി മറൈന്‍ ഡ്രൈവിലെ താജ് റസിഡന്‍സിയില്‍ തഹാവൂര്‍ താമസിച്ചിരുന്നതായാണ് എന്‍ഐഎയുടെ കണ്ടെത്തല്‍. ഈ ദിവസങ്ങളില്‍ 13 പേരെ നേരിട്ടും അല്ലാതെയും റാണ ബന്ധപ്പെട്ടിട്ടുണ്ട് എന്നാണ് അന്വേഷണ സംഘത്തിന്റെ പ്രാഥമിക നിഗമനം. ഈ വിവരങ്ങളില്‍ അടക്കം അന്വേഷണ സംഘത്തിന് വ്യക്തത വരേണ്ടതുണ്ട്.
റാണ കേരളത്തില്‍ മറ്റെവിടെയെങ്കിലും തങ്ങിയിരുന്നോ എന്നും ഇതിനു മുന്‍പും കേരളത്തില്‍ എത്തിയിട്ടുണ്ടോ എന്നും ഉള്‍പ്പെടെയുള്ള വിവരങ്ങളും അന്വേഷിക്കും. റാണയെയും സഹായിയെയും ചോദ്യം ചെയ്യുന്നതിലൂടെ ഈ വിവരങ്ങള്‍ പുറത്തുകൊണ്ടു വരാനാകും എന്ന പ്രതീക്ഷയിലാണ് അന്വേഷണ സംഘം.

Content Highlights- Nia will investigate role of tahaawur rana over death threat against modi when he become chief minister in Gujarat

dot image
To advertise here,contact us
dot image
To advertise here,contact us
To advertise here,contact us