
ന്യൂഡല്‍ഹി: മുംബൈ ഭീകരാക്രമണക്കേസിലെ പ്രതി തഹാവൂര്‍ റാണ അമേരിക്കയില്‍ നിന്ന് ഇന്ത്യയിലേക്കുള്ള കൈമാറ്റം തടയാന്‍ 30ഓളം ആരോഗ്യ പ്രശ്‌നങ്ങള്‍ ഉയര്‍ത്തിക്കാട്ടിയിരുന്നുവെന്ന് റിപ്പോര്‍ട്ട്. ജനുവരി 21ന് റാണയുടെ അഭിഭാഷകന്‍ ജോണ്‍ ഡി ക്ലൈന്‍ അമേരിക്കയിലെ സ്‌റ്റേറ്റ് ഡിപ്പാര്‍ട്‌മെന്റിന് നല്‍കിയ കത്തിലാണ് ആരോഗ്യ പ്രശ്‌നങ്ങള്‍ ചൂണ്ടിക്കാട്ടിയത്.
ഇന്ത്യന്‍ ജയിലില്‍ വെച്ച് തന്റെ കക്ഷി പീഡിപ്പിക്കപ്പെടാന്‍ സാധ്യതയുണ്ടെന്നും ഈ ആരോഗ്യാവസ്ഥയില്‍ അത്തരമൊരു സംഭവമുണ്ടായാല്‍ മരിക്കാനും സാധ്യതയുണ്ടെന്നും ക്ലൈന്‍ നല്‍കിയ കത്തില്‍ പറയുന്നു. 'റാണയെ വധശിക്ഷയ്ക്ക് വേണ്ടി ഇന്ത്യയ്ക്ക് വിട്ടു കൊടുക്കുന്നത് തെറ്റായ കീഴ് വഴക്കമുണ്ടാക്കും. ഇന്ത്യയുടെ ഏറ്റവും മോശം ഭീകരാക്രമണത്തില്‍ കുറ്റക്കാരനും പാകിസ്താനി മുസ്‌ലിമായതിനാലും റാണയെ കൈമാറിയാല്‍ അയാള്‍ക്ക് പീഡനം നേരിടേണ്ടി വരും. ഇന്ത്യന്‍ അധികാരികളുടെ കഠിനവും നിന്ദ്യവുമായ സമീപനം നേരിടേണ്ടി വരും', കത്തില്‍ പറയുന്നു.
ഇന്ത്യന്‍ ജയിലുകള്‍ മനുഷ്യ വിരുദ്ധമാണെന്നും വിചാരണ തീരുന്നതിന് മുമ്പ് റാണ മരിച്ചേക്കുമെന്നും അദ്ദേഹം പറഞ്ഞു. ലോസ് ആഞ്ചല്‍സിലെ മെട്രോപൊളിറ്റന്‍ തടങ്കല്‍ കേന്ദ്രത്തിലെ അഞ്ച് വര്‍ഷത്തെ തടവിന് ശേഷം റാണയുടെ ആരോഗ്യം ക്ഷയിച്ചു കൊണ്ടിരിക്കുകയാണെന്നും പറഞ്ഞായിരുന്നു ക്ലൈന്‍ റാണയുടെ രോഗങ്ങളെ കുറിച്ച് സൂചിപ്പിച്ചത്.
പാര്‍ക്കിണ്‍സണ്‍സ്, കൊറോണറി ആര്‍ട്ടറി രോഗം, കിഡ്‌നി രോഗം, പ്രകടമല്ലാത്ത ക്ഷയരോഗം, സൈനസ് ഡിസീസ്, ബ്രോങ്കൈറ്റിസ്, ആസ്ത്മ, ക്രോണിക് ഒബ്‌സ്ട്രക്റ്റീവ് പള്‍മണറി ഡിസീസ്, ഹൈപ്പോതൈറോയിഡിസം, സോറിയാസിസ്, പ്രോസ്‌റ്റേറ്റ്, കേള്‍വിക്കുറവ്, ഡീജനറേറ്റീവ് ജോയിന്റ് ഡിസീസ്, ഓര്‍മക്കുറവ്, ദിശാബോധം നഷ്ടപ്പെടല്‍, മൂത്രാശയവുമായി ബന്ധപ്പെട്ട അസുഖം, ക്യാന്‍സറാണെന്ന് സംശയിക്കുന്ന തരത്തിലുള്ള മൂത്രാശയത്തിലെ മുഴ തുടങ്ങിയ രോഗങ്ങളാണ് റാണയ്ക്കുള്ളതെന്ന് ജോണ്‍ ഡി ക്ലൈന്‍ കത്തില്‍ പറയുന്നു.
'കിഡ്‌നി മാറ്റിവെക്കലുമായി ബന്ധപ്പെട്ട് അദ്ദേഹത്തിന് ഡയാലിസിസ് ആവശ്യമായി വരും. ഹൃദയാഘാതം, പക്ഷാഘാതം, പ്രമേഹം, ടിബി എന്നിവ വരാനുള്ള സാധ്യതയുമുണ്ട്. മൂത്രാശയ അര്‍ബുദം സ്ഥിരീകരിച്ചാല്‍ ഉടന്‍ ഓപ്പറേഷനും കീമോതെറാപ്പിയും ആവശ്യമായി വരും', കത്തില്‍ പറഞ്ഞു.
എന്നാല്‍ മൂന്നാഴ്ചയ്ക്ക് ശേഷം ഫെബ്രുവരി 11ന് റാണയുടെ അഭിഭാഷകന് സ്റ്റേറ്റ് ഡിപ്പാര്‍ട്‌മെന്റ് മറുപടി നല്‍കി. റാണയെ കൈമാറുമെന്ന് വ്യക്തമാക്കുന്ന മറുപടിയായിരുന്നു സ്റ്റേറ്റ് ഡിപ്പാര്‍ട്‌മെന്റ് നല്‍കിയത്. റാണയുടെ അഭിഭാഷകന്റെ വാദങ്ങള്‍ നിരസിച്ച യുഎസ് സെക്രട്ടറി മാര്‍കോ റുബിയോയുടെ ഓഫീസ് എല്ലാവിധ അന്താരാഷ്ട്ര നിയമങ്ങളും പാലിച്ചാണ് റാണയെ കൈമാറുന്നതെന്നും വ്യക്തമാക്കി.
വെള്ളിയാഴ്ചയായിരുന്നു റാണയെ ഇന്ത്യയിലെത്തിച്ചത്. അതീവ സുരക്ഷയില്‍ ഡല്‍ഹി വിമാനത്താവളത്തില്‍ എത്തിച്ച തഹാവൂറിന്റെ അറസ്റ്റ് എന്‍ഐഎ രേഖപ്പെടുത്തി. നിലവില്‍ എന്‍ഐഎ കസ്റ്റഡിയിലാണ് റാണയുള്ളത്. 2008ല്‍ മുംബൈയില്‍ നടന്ന ഭീകരാക്രമണത്തിന്റെ പ്രധാന ആസൂത്രകരില്‍ ഒരാളായ പാക്-യുഎസ് ഭീകരന്‍ ഡേവിഡ് കോള്‍മാന്‍ ഹെഡ്ലിയുമായി അടുത്ത ബന്ധമുളളയാളാണ് റാണ. 2008-ല്‍ മുംബൈയില്‍ ഭീകരാക്രമണം നടക്കുന്നതിന് തൊട്ട് മുന്‍പുളള ദിവസങ്ങളില്‍ റാണ ഇന്ത്യയിലുണ്ടായിരുന്നു. ഇയാള്‍ ഇന്ത്യവിട്ട് ദിവസങ്ങള്‍ക്കുളളിലാണ് മുംബൈയില്‍ ഭീകരാക്രമണമുണ്ടായത്.
Content Highlights: Tahawwur Rana raised over 30 health issues to block extradition to India