ജാതി സെന്‍സസ് റിപ്പോര്‍ട്ട് പിന്‍വലിക്കണം; സിദ്ധരാമയ്യയോട് വൊക്കലിംഗ, ലിംഗായത്ത് വിഭാഗങ്ങൾ

റിപ്പോര്‍ട്ട് ഏപ്രില്‍ 17-ന് പ്രത്യേക മന്ത്രിസഭാ യോഗം ചര്‍ച്ച ചെയ്യാനിരിക്കെയാണ് സമുദായങ്ങൾ എതിര്‍പ്പുമായി രംഗത്ത് വന്നിരിക്കുന്നത്

dot image

ബംഗളുരു: ജാതി സെന്‍സസ് റിപ്പോര്‍ട്ട് പിന്‍വലിക്കണമെന്ന് ആവശ്യപ്പെട്ട് കര്‍ണാടകയിലെ പ്രബല സമുദായങ്ങളായ വൊക്കലിംഗ, ലിംഗായത്ത് വിഭാഗങ്ങൾ രംഗത്ത്. റിപ്പോര്‍ട്ട് ഏപ്രില്‍ 17-ന് പ്രത്യേക മന്ത്രിസഭാ യോഗം ചര്‍ച്ച ചെയ്യാനിരിക്കെയാണ് സമുദായങ്ങളുടെ എതിര്‍പ്പ്. റിപ്പോര്‍ട്ട് അപൂര്‍ണമാണെന്നും കണക്കെടുപ്പ് സുതാര്യമല്ലെന്നുമാണ് ലിംഗായത്ത്, വൊക്കലിംഗ വിഭാഗങ്ങളുടെ വാദം. സമുദായങ്ങളുടെ ഉപവിഭാഗങ്ങളെക്കുറിച്ചുളള കണക്കെടുപ്പ് അശാസ്ത്രീയമാണെന്നും അവര്‍ ചൂണ്ടിക്കാട്ടുന്നു. വൊക്കലിംഗ- ലിംഗായത്ത് മഠങ്ങളും വിഷയത്തില്‍ ഇടപെടുന്നുണ്ട്.

റിപ്പോര്‍ട്ട് ചര്‍ച്ച ചെയ്യാന്‍ നാളെ പ്രത്യേക യോഗം വിളിച്ചുചേര്‍ത്തിരിക്കുകയാണ് സംസ്ഥാന വൊക്കലിംഗ സംഘം. സര്‍ക്കാര്‍ നടത്തിയ സര്‍വ്വേ പ്രകാരം ഇരുവിഭാഗങ്ങളുടെയും ജനസംഖ്യ പട്ടിക വിഭാഗത്തിനും മുസ്‌ലിം വിഭാഗത്തിനും പിന്നിലാണെന്നതാണ് എതിര്‍പ്പിന് കാരണം. കര്‍ണാടക രാഷ്ട്രീയത്തില്‍ തങ്ങള്‍ക്കുളള മേധാവിത്വം ഇല്ലാതാകുമോ എന്ന ഭീതിയിലാണ് സമുദായാംഗങ്ങള്‍.

ജാതി സെന്‍സസ് റിപ്പോര്‍ട്ട് പ്രകാരം സംസ്ഥാനത്തെ ലിംഗായത്ത് സമുദായത്തിന്റെ ജനസംഖ്യ 66.35 ലക്ഷമാണ് (11 ശതമാനം). വൊക്കലിംഗ സമുദായത്തിന്റെ ജനസംഖ്യ 61.58 ലക്ഷമാണ് (10.29 ശതമാനം). സെന്‍സസ് റിപ്പോര്‍ട്ട് പ്രകാരം ജനസംഖ്യയ്ക്ക് ആനുപാതികമായി ഒബിസി സംവരണം 51 ശതമാനമായും പട്ടികജാതി സംവരണം 17 ശതമാനമായും പട്ടികവര്‍ഗ സംവരണം 7 ശതമാനമായും മുസ്‌ലിം സംവരണം 8 ശതമാനമായും ഉയര്‍ത്തണമെന്നാണ് ശുപാര്‍ശ. മറ്റു പിന്നാക്ക വിഭാഗത്തിലാണ് ലിംഗായത്തുകളും വൊക്കലിംഗ വിഭാഗവും വരുന്നത്. ലിംഗായത്തുകളുടെ സംവരണം 5ല്‍ നിന്ന് 8 ശതമാനമാക്കണമെന്നും വൊക്കലിംഗ സംവരണം 4ല്‍ നിന്ന് 7 ആക്കി ഉയര്‍ത്തണമെന്നുമാണ് പിന്നാക്ക കമ്മീഷന്‍ റിപ്പോര്‍ട്ടില്‍ പറയുന്നത്.

Content Highlights: Lingayat and Vokkaliga communities tell Siddaramaiah to withdraw caste census report

dot image
To advertise here,contact us
dot image