രാജ്യാന്തര നിലവാരത്തിലേക്ക്; ഡൽഹി വിമാനത്താവളത്തിലെ ടെർമിനൽ-2 അറ്റകുറ്റപ്പണികൾക്കായി അടച്ചു

ടി 2 വിൽ നടന്ന സ‍ർവീസുകൾ ടി 1ലേക്കും ടി3ലേക്കുമായി മാറ്റാനാണ് നിലവിലെ തീരുമാനം

dot image

ന്യൂഡൽഹി: ഇന്ദിരാ ഗാന്ധി രാജ്യാന്തര വിമാനത്താവളത്തിലെ രണ്ടാം ടെർമിനൽ അറ്റകുറ്റപ്പണികൾക്കും മറ്റ് നവീകരണ പ്രവർത്തികൾക്കുമായി ഇന്ന് മുതൽ അടച്ചിടും. അഞ്ച് മാസക്കാലത്തേക്കാണ് അടച്ചിടുക. ഇതേ സമയം ഒരു റൺവേയും നവീകരണത്തിനായി അടച്ചിടാൻ തീരുമാനിച്ചിട്ടുണ്ട്. ടി 2 വിൽ നടന്ന സ‍ർവീസുകൾ ടി 1ലേക്കും ടി3ലേക്കുമായി മാറ്റാനാണ് നിലവിലെ തീരുമാനം. 122 പ്രതിദിന സർവീസുകൾ ടി1 ലേക്കും ടി3ലേക്കും മാറ്റുമെന്ന് ഇൻഡിഗോ അറിയിച്ചിട്ടുണ്ട്.

ഇന്ദിരാ ഗാന്ധി രാജ്യാന്തര വിമാനത്താവളത്തിലെ രണ്ടാം ടെർമിനലിനെ രാജ്യാന്തര നിലവാരത്തിലേക്ക് ഉയർത്തുക എന്ന ലക്ഷ്യത്തോടെയാണ് പുതിയ അറ്റകുറ്റപ്പണികൾ നടത്തുന്നത്. യാത്രക്കാരുടെ എണ്ണത്തിൽ അടുത്ത സാമ്പത്തികവർഷം വിമാനത്താവളം പരമാവധി പരിധിയിലെത്തുമെന്നാണ് പുറത്ത് വരുന്ന റിപ്പോർട്ടുകൾ. ഇത്കൂടി കണക്കാക്കിയാണ് നിർമ്മാണ പ്രവർത്തനങ്ങൾ നടത്താൻ തീരുമാനിച്ചിരിക്കുന്നത്. മെച്ചപ്പെട്ട എയർ ക്വാളിറ്റി ഉറപ്പാക്കാൻ പുതിയ ഹീറ്റിങ്, വെന്റിലേഷൻ, എയർ കണ്ടിഷനിങ് (എച്ച്‍വിഎസി) സംവിധാനവും അഗ്നിരക്ഷാ ക്രമീകരണങ്ങളും സ്ഥാപിക്കും.

സൂര്യപ്രകാശം അകത്തേക്ക് പരമാവധി എത്തുന്ന തരത്തിലുള്ള പുതിയ സീലിങ്ങുകൾ നിർമിക്കും.സ്മാർട്ട് വാഷ്റൂമുകൾ, പുതിയ ഫ്ലോറിങ്, മെച്ചപ്പെട്ട റോഡ് കണക്ടിവിറ്റി, മുൻവശത്ത് കനോപ്പികൾ തുടങ്ങിയവ സജ്ജമാക്കും. ഫ്ലൈറ്റുകളുടെ വിവരങ്ങൾ ലഭ്യമാക്കാനായി പുതിയ എച്ച്ഡി ഫ്ലൈറ്റ് ഇൻഫർമേഷൻ ഡിസ്പ്ലേ സിസ്റ്റം (എഫ്ഐഡിഎസ്) സ്ഥാപിക്കും. വിമാനങ്ങൾ പാർക്ക് ചെയ്യുന്ന ഏപ്രണിലും അറ്റകുറ്റപ്പണികൾ നടത്തും. 6 പുതിയ പാസഞ്ചർ ബോർഡിങ് ബ്രിജുകൾ (എയ്റോബ്രിജ്) സ്ഥാപിക്കാനും തീരുമാനമായിട്ടുണ്ട്.

Content Highlights:Delhi Airport Terminal 2 closed for maintenance

dot image
To advertise here,contact us
dot image