
കൊല്‍ക്കത്ത: വഖഫ് ഭേദഗതി നിയമത്തിനെതിരായ പ്രതിഷേധം മുര്‍ഷിദാബാദിന് പിന്നാലെ പശ്ചിമബംഗാളിലെ മറ്റ് പ്രദേശങ്ങളിലേക്കും വ്യാപിച്ചതിനു പിന്നാലെ സമാധാനത്തിന് ആഹ്വാനവുമായി മുഖ്യമന്ത്രി മമത ബാനര്‍ജി. മതത്തിന്റെ പേരില്‍ 'മതവിരുദ്ധ കളികള്‍' കളിക്കരുതെന്നും പ്രതിഷേധിക്കാനുളള അവകാശം ഉയര്‍ത്തിപ്പിടിക്കുമ്പോഴും നിയമം കയ്യിലെടുക്കാതിരിക്കാന്‍ ശ്രദ്ധിക്കണമെന്നും മമതാ ബാനര്‍ജി പറഞ്ഞു.
'ഭക്തി, വാത്സല്യം, മനുഷ്യത്വം, സമാധാനം, സൗഹൃദം, സംസ്‌കാരം, ഐക്യം എന്നിവയെയാണ് ധര്‍മ്മം അര്‍ത്ഥമാക്കുന്നത്. എല്ലാ മതങ്ങളും മനുഷ്യരെ സ്‌നേഹിക്കാനാണ് ആഹ്വാനം ചെയ്യുന്നത്. നമ്മള്‍ ജനിക്കുന്നതും മരിക്കുന്നതും ഒറ്റയ്ക്കാണ്. പിന്നെ എന്തിനുവേണ്ടിയാണ് യുദ്ധം ചെയ്യുന്നത്? എന്തിനാണ് കലാപങ്ങള്‍? എന്തിനാണ് അശാന്തി? മനുഷ്യരോടുളള സ്‌നേഹം നമ്മെ വിജയിപ്പിക്കും. അവരുടെ പശ്ചാത്തലമോ മതമോ പരിഗണിക്കാതെ ആക്രമിക്കപ്പെടുന്നവര്‍ക്കും അടിച്ചമര്‍ത്തപ്പെടുത്തുന്നവര്‍ക്കുമൊപ്പം നില്‍ക്കണം. സമാധാനപരമായ പ്രതിഷേധങ്ങളുയര്‍ത്താന്‍ എല്ലാവര്‍ക്കും അവകാശമുണ്ട്. എന്നാല്‍ ആരും നിയമം കയ്യിലെടുക്കരുതെന്ന് ഞാന്‍ അഭ്യര്‍ത്ഥിക്കുന്നു. നമുക്ക് നിയമത്തിന് അതീതമായി പ്രവര്‍ത്തിക്കുന്നവരെ ആവശ്യമില്ല. അതുകൊണ്ട് ആരെങ്കിലും നിങ്ങളെ നിയമം കയ്യിലെടുക്കാന്‍ പ്രേരിപ്പിക്കുന്നുണ്ടെങ്കില്‍ അവരുടെ കെണിയില്‍ വീഴരുതെന്ന് ഞാന്‍ അഭ്യര്‍ത്ഥിക്കുന്നു' മമത ബാനര്‍ജി പറഞ്ഞു.
ഏപ്രില്‍ 11 വെളളിയാഴ്ച്ചയാണ് മുസ്ലീം ഭൂരിപക്ഷ മേഖലയായ മുര്‍ഷിദാബാദ് ജില്ലയിലെ ധൂലിയനില്‍ വഖഫ് ഭേദഗതി നിയമത്തിനെതിരായ പ്രതിഷേധത്തിനിടെ വ്യാപകമായ അക്രമമുണ്ടായത്. സംഘര്‍ഷത്തില്‍ മൂന്നുപേര്‍ കൊല്ലപ്പെടുകയും നിരവധിപേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു. തിങ്കളാഴ്ച്ച സൗത്ത് 24 പര്‍ഗാനാസ് ജില്ലയിലെ ഭംഗറില്‍ പ്രതിഷേധക്കാരും പൊലീസും ഏറ്റുമുട്ടി. നിരവധി പേര്‍ക്ക് പരിക്കേല്‍ക്കുകയും നിരവധി പൊലീസ് വാഹനങ്ങള്‍ കത്തിക്കുകയും ചെയ്തിരുന്നു.
മുര്‍ഷിദാബാദില്‍ സംഘര്‍ഷമുണ്ടായതിനുപിന്നാലെ സംസ്ഥാനത്ത് വഖഫ് ഭേദഗതി നിയമം നടപ്പിലാക്കില്ലെന്ന് മമത ബാനര്‍ജി ഉറപ്പുപറയുകയും സമാധാനത്തിന് ആഹ്വാനം ചെയ്യുകയും ചെയ്തിരുന്നു. 'ഓര്‍ക്കുക, പലരും എതിര്‍ക്കുന്ന ഈ നിയമം നിര്‍മ്മിച്ചത് ഞങ്ങളല്ല, കേന്ദ്രസര്‍ക്കാരാണ് അതിനുത്തരവാദി. വഖഫ് ബില്ലില്‍ തൃണമൂല്‍ കോണ്‍ഗ്രസ് നേരത്തേ നിലപാട് വ്യക്തമാക്കിയതാണ്. പശ്ചിമബംഗാളില്‍ ഇത് നടപ്പിലാകില്ല. ചില രാഷ്ട്രീയപാര്‍ട്ടികള്‍ അവരുടെ നേട്ടത്തിനായി മതത്തെ ദുരുപയോഗം ചെയ്യാന്‍ ശ്രമിക്കുകയാണ്. അവരുടെ പ്രേരണയ്ക്ക് വഴങ്ങരുത്. സമാധാനവും ഐക്യവും നിലനിര്‍ത്താന്‍ എല്ലാവരോടും അഭ്യര്‍ത്ഥിക്കുന്നു'-എന്നാണ് മമത ബാനര്‍ജി പറഞ്ഞത്.
Content Highlights: dont take law in hands, protest peacefully says mamata banerjee