
പട്‌ന: ബിഹാറില്‍ തെരഞ്ഞെടുപ്പ് അടുത്തിരിക്കെ എന്‍ഡിഎ സഖ്യത്തിന് തിരിച്ചടി. ബിജെപിയുടെ നേതൃത്വത്തിലുളള എന്‍ഡിഎ സഖ്യം വിട്ടെന്ന് രാഷ്ട്രീയ ലോക് ജനശക്തി പാര്‍ട്ടി (ആര്‍എല്‍ജെപി). തങ്ങളുടെ പാര്‍ട്ടി ഇനി എന്‍ഡിഎ സഖ്യത്തിലില്ലെന്ന് പാര്‍ട്ടി അധ്യക്ഷനും മുന്‍ കേന്ദ്രമന്ത്രിയുമായ പശുപതി കുമാര്‍ പരസ് പ്രഖ്യാപിച്ചു. ദളിത് പാര്‍ട്ടിയായതിനാല്‍ തന്റെ പാര്‍ട്ടിക്ക് സഖ്യത്തില്‍ അനീതി നേരിടേണ്ടിവന്നുവെന്നും ബിഹാറിലെ ബിജെപി, ജെഡിയു സംസ്ഥാന നേതൃത്വങ്ങൾ എന്‍ഡിഎ യോഗങ്ങളില്‍ ജെഎല്‍ജെപിയുടെ പേരുപോലും പരാമര്‍ശിക്കാറില്ലെന്നും പശുപതി പരസ് ആരോപിച്ചു. 2014 മുതല്‍ താന്‍ എന്‍ഡിഎയിലുണ്ടെന്നും ഇനിമുതല്‍ തന്റെ പാര്‍ട്ടിക്ക് എന്‍ഡിഎയുമായി ഒരുബന്ധവുമില്ലെന്ന് പ്രഖ്യാപിക്കുന്നുവെന്നും അദ്ദേഹം വ്യക്തമാക്കി.
ആര്‍എല്‍ജെപിയുടെ രാഷ്ട്രീയഭാവിയെക്കുറിച്ചും അദ്ദേഹം പ്രതികരിച്ചു. 'മഹാഗഡ്ബന്ധന്‍ സഖ്യം ഞങ്ങള്‍ക്ക് ശരിയായ, സമയത്ത് ശരിയായ ബഹുമാനം നല്‍കിയാല്‍ തീര്‍ച്ചയായും ഞങ്ങള്‍ അവരുമായുളള സഖ്യസാധ്യതകളെക്കുറിച്ച് ചിന്തിക്കും' പരസ് പറഞ്ഞു. ഈ വര്‍ഷം നിരവധി തവണ ആര്‍ജെഡി അധ്യക്ഷന്‍ ലാലു പ്രസാദ് യാദവുമായി പശുപതി കുമാര്‍ പരസ് കൂടിക്കാഴ്ച്ച നടത്തിയിരുന്നു. ബിആര്‍ അംബേദ്കറുടെ ജന്മദിനത്തോടനുബന്ധിച്ച് സംഘടിപ്പിച്ച ചടങ്ങിലാണ് എന്‍ഡിഎ സഖ്യം വിടുന്ന കാര്യം പരസ് പ്രഖ്യാപിച്ചത്.
പരിപാടിയില്‍ സംസാരിക്കവെ ബിഹാര്‍ മുഖ്യമന്ത്രി നിതീഷ് കുമാറിനെതിരെയും രൂക്ഷവിമര്‍ശനമാണ് പശുപതി കുമാർ പരസ് ഉന്നയിച്ചത്. 'നിതീഷ് കുമാറിന്റെ 20 വര്‍ഷത്തെ ഭരണത്തില്‍ സംസ്ഥാനത്തെ വിദ്യാഭ്യാസ സമ്പ്രദായം പാടെ തകര്‍ന്നു. പുതിയ വ്യവസായങ്ങളൊന്നും ആരംഭിച്ചിട്ടില്ല. അഴിമതി വ്യാപകമായി. ഇത് എല്ലാ ക്ഷേമപദ്ധതികളുടെയും നടത്തിപ്പിനെ ബാധിക്കുന്നു', പശുപതി കുമാര്‍ പരസ് പറഞ്ഞു.
സഹോദരന്‍ റാം വിലാസ് പാസ്വാന്‍ സ്ഥാപിച്ച ലോക് ജനശക്തി പാര്‍ട്ടി പിളര്‍ത്തി 2021-ലാണ് പശുപതി കുമാര്‍ പരസ് ആര്‍എല്‍ജെപി രൂപീകരിച്ചത്. 2024-ല്‍ ലോക്‌സഭാ തെരഞ്ഞെടുപ്പിനു മുന്നോടിയായാണ് പരസ് കേന്ദ്രമന്ത്രിസ്ഥാനം രാജിവെച്ചത്. ബിഹാറിലെ സീറ്റ് വിഭജന തര്‍ക്കമാണ് പൊട്ടിത്തെറിയിലും പിന്നീട് രാജിയിലും കലാശിച്ചത്. ആര്‍എല്‍ജെപിക്ക് ഒരു സീറ്റ് പോലും ലഭിച്ചിരുന്നില്ല. അതേസമയം, ചിരാഗ് പാസ്വാന്‍ നേതൃത്വം നല്‍കുന്ന ലോക് ജനശക്തി പാര്‍ട്ടിക്ക് 5 സീറ്റുകളാണ് ലഭിച്ചത്.
Content Highlights: Neglected for being a Dalit party; RLJP prepares to leave NDA alliance in Bihar