മുസ്‌ലിങ്ങള്‍ പഞ്ചറൊട്ടിക്കുന്നവരെന്ന പരാമര്‍ശം; നരേന്ദ്രമോദിക്കെതിരെ വിമര്‍ശനവുമായി പ്രതിപക്ഷ പാര്‍ട്ടികള്‍

പാവപ്പെട്ട ഹിന്ദുക്കളുടെ നില മെച്ചപ്പെടുത്താന്‍ ക്ഷേത്രഭൂമി ഉപയോഗിച്ചോ എന്നാണ് സമാജ് വാദി പാര്‍ട്ടി നേതാവ് അബു അസ്മി ചോദിച്ചത്.

dot image

ഡല്‍ഹി: മുസ്‌ലിങ്ങള്‍ പഞ്ചറൊട്ടിക്കുന്നവരെന്ന പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ പരാമര്‍ശത്തിനെതിരെ വിമര്‍ശനവുമായി പ്രതിപക്ഷ പാര്‍ട്ടി നേതാക്കള്‍. സമൂഹമാധ്യമങ്ങളില്‍ ഉപയോഗിക്കുന്ന ഭാഷ ഉപയോഗിച്ച് ഇത്തരം പരാമര്‍ശങ്ങള്‍ നടത്തുന്നത് പ്രധാനമന്ത്രിക്ക് യോജിച്ചതല്ലെന്ന് കോണ്‍ഗ്രസ് എംപി ഇമ്രാന്‍ പ്രതാപ് ഗാര്‍ഗി പറഞ്ഞു. മോദി തെരഞ്ഞെടുക്കപ്പെട്ട പ്രധാനമന്ത്രിയാണെന്നും അധിക്ഷേപ ട്രോളുകള്‍ പറയുംമുന്‍പ് ചിന്തിക്കണമെന്നും കോണ്‍ഗ്രസ് വക്താവ് സുപ്രിയ ശ്രിനേറ്റെ പറഞ്ഞു.

പാവപ്പെട്ട ഹിന്ദുക്കളുടെ നില മെച്ചപ്പെടുത്താന്‍ ക്ഷേത്രഭൂമി ഉപയോഗിച്ചോ എന്നാണ് സമാജ് വാദി പാര്‍ട്ടി നേതാവ് അബു അസ്മി ചോദിച്ചത്. ആര്‍എസ്എസ് അതിന്റെ വിഭവങ്ങള്‍ രാജ്യതാല്‍പ്പര്യത്തിനായി ഉപയോഗിച്ചിരുന്നുവെങ്കില്‍, പ്രധാനമന്ത്രിക്ക് കുട്ടിക്കാലത്ത് ചായ വില്‍ക്കേണ്ടിവരില്ലായിരുന്നുവെന്ന് എഐഎംഐഎം അധ്യക്ഷന്‍ അസദുദ്ദീന്‍ ഒവൈസി പരിഹസിച്ചു. ബിജെപി അധികാരത്തിലിരുന്ന 11 വര്‍ഷത്തിനിടെ പ്രധാനമന്ത്രി ഹിന്ദുക്കളിലേയും മുസ്‌ലിംകളിലെയും ദരിദ്രര്‍ക്കുവേണ്ടി എന്താണ് ചെയ്തതെന്നും ഒവൈസി ചോദിച്ചു.


കഴിഞ്ഞ ദിവസം ഹരിയാനയിലെ ഹിസാറില്‍ നടന്ന പൊതുപരിപാടിക്കിടെയാണ് പ്രധാനമന്ത്രി ഈ പരാമര്‍ശം നടത്തിയത്. 'വഖഫ് സ്വത്തുക്കള്‍ സത്യസന്ധമായി ഉപയോഗിച്ചിരുന്നെങ്കില്‍ മുസ്‌ലിം യുവാക്കള്‍ക്ക് സൈക്കിള്‍ പഞ്ചറുകള്‍ നന്നാക്കി ഉപജീവനമാര്‍ഗം കണ്ടെത്തേണ്ടിവരില്ലായിരുന്നു. എന്നാല്‍ വഖഫ് സ്വത്തുക്കളില്‍ പ്രയോജനമുണ്ടാക്കിയത് ഭൂമാഫിയകളാണ്. ഈ മാഫിയ ദളിത്, പിന്നാക്ക വിഭാഗങ്ങള്‍, വിധവകള്‍ എന്നിവരുടെ ഭൂമി കൊളളയടിക്കുകയായിരുന്നു' എന്നാണ് പ്രധാനമന്ത്രി പറഞ്ഞത്.

ഭേദഗതി നടത്തിയ വഖഫ് നിയമത്തിലൂടെ പാവപ്പെട്ടവരെ കൊളളയടിക്കുന്നത് അവസാനിപ്പിക്കും. പുതിയ വഖഫ് നിയമപ്രകാരം ഏതെങ്കിലും ആദിവാസിയുടെ ഉടമസ്ഥതയിലുളള ഭൂമിയോ സ്വത്തോ വഖഫ് ബോര്‍ഡിന് സ്വന്തമാക്കാന്‍ കഴിയില്ല. പാവപ്പെട്ട മുസ്‌ലിങ്ങള്‍ക്ക് അവരുടെ അവകാശങ്ങള്‍ ലഭിക്കും. ഇതാണ് യഥാര്‍ത്ഥ സാമൂഹിക നീതിയെന്നും നരേന്ദ്രമോദി പറഞ്ഞിരുന്നു.

Content Highlights: opposition parties slams narendramodi over muslim fix punctures remark

dot image
To advertise here,contact us
dot image
To advertise here,contact us
To advertise here,contact us