വഖഫ് ഭേദഗതി നിയമത്തിനെതിരായ നിയമപോരാട്ടത്തിന് ഇന്ന് തുടക്കം; 73 ഹർജികൾ സുപ്രീം കോടതി പരിഗണിക്കും

നിയമത്തെ പിന്തുണച്ച് ഏഴ് സംസ്ഥാനങ്ങളും സുപ്രീം കോടതിയെ സമീപിച്ചിട്ടുണ്ട്

dot image

ന്യൂഡൽഹി: വഖഫ് ഭേദഗതി നിയമത്തിന്റെ ഭരണഘടനാ സാധുതയെ ചോദ്യം ചെയ്ത് സമ‍ർപ്പിച്ച ഒരു കൂട്ടം ഹർജികൾ സുപ്രീം കോടതി ഇന്ന് പരിഗണിക്കും. നിയമം മൗലികാവകാശങ്ങളെ ലംഘിക്കുന്നുവെന്നും സ്വത്തുക്കൾ കണ്ടുകെട്ടാനുള്ള ശ്രമമാണെന്നുമാണ് ഇതിനെ എതി‍ർക്കുന്നവരുടെ വാദം. വഖഫ് സ്വത്തുക്കളുടെ നടത്തിപ്പിൽ സുതാര്യത ഉറപ്പാക്കുന്നതിന് ഭേദഗതി അനിവാര്യമാണെന്നാണ് കേന്ദ്ര സർക്കാരിൻ്റെ വാദം. ചീഫ് ജസ്റ്റിസ് സഞ്ജീവ് ഖന്ന, ജസ്റ്റിസ് സഞ്ജയ് കുമാർ, ജസ്റ്റിസ് കെ വി വിശ്വനാഥൻ എന്നിവരടങ്ങുന്ന മൂന്നംഗ ബെഞ്ചിന് മുന്നിൽ വഖഫ് നിയമത്തെ ചോദ്യം ചെയ്യുന്ന 73 ഹർജികളാണ് ലിസ്റ്റ് ചെയ്തിരിക്കുന്നത്. ബുധനാഴ്ച ഉച്ചയ്ക്ക് രണ്ട് മണിക്ക് ഹർജികൾ പരിഗണിക്കും.

1995ലെ വഖഫ് നിയമത്തിനെതിരെ ഹിന്ദു വിഭാ​ഗത്തിൽ നിന്നുള്ള കക്ഷികൾ സമർപ്പിച്ച രണ്ട് ഹർജികളും കോടതിയുടെ പരി​ഗണനയിൽ വരും. നിലവിലെ ഭേദഗതികളുടെ സാധുതയെ ചോദ്യം ചെയ്യുന്നതാണ് ഭൂരിപക്ഷം ഹർജികളും. കേസിൽ കോടതി തീർപ്പ് കൽപ്പിക്കുന്നത് വരെ നിയമത്തിന് ഇടക്കാല സ്റ്റേ വേണമെന്ന ആവശ്യവും ചില ഹ‍ർ‌ജിക്കാർ ഉന്നയിച്ചിട്ടുണ്ട്.

കോൺഗ്രസ്, സിപിഐഎം. സിപിഐ, ഇന്ത്യൻ യൂണിയൻ മുസ്‌ലിം ലീഗ്, ജഗൻ മോഹൻ റെഡ്ഡിയുടെ വൈഎസ്ആർസിപി, തൃണമൂൽ കോൺഗ്രസ്, സമാജ്‌വാദി പാർട്ടി, നടൻ വിജയ്‌യുടെ ടിവികെ, ആർജെഡി, ജെഡിയു, അസദുദ്ദീൻ ഒവൈസിയുടെ എഐഎംഐഎം, എഎപി തുടങ്ങിയ വിവിധ പാർട്ടികളിൽ നിന്നുള്ള നേതാക്കൾ സമർപ്പിച്ച ഹർജികളാണ് കോടതിയുടെ പരി​ഗണനയിലുള്ളത്. ഹൈദരാബാദ് എംപി അസദുദ്ദീൻ ഒവൈസി, ആം ആദ്മി എംഎൽഎ അമാനത്തുള്ള ഖാൻ, തൃണമൂൽ നേതാവ് മഹുവ മൊയ്ത്ര, ആർജെഡി എംപിമാരായ മനോജ് കുമാർ ഝാ, ഫയാസ് അഹമ്മദ്, കോൺഗ്രസ് എംപി മുഹമ്മദ് ജാവേദ് തുടങ്ങി നിരവധി വ്യക്തികളും ബില്ലിനെ ചോദ്യം ചെയ്യുന്ന ഹർജിക്കാരിൽ ഉൾപ്പെടുന്നു.

മത സംഘടനകളിൽ സമസ്ത കേരള ജംഇയ്യത്തുൽ ഉലമ, അഖിലേന്ത്യാ മുസ്ലീം വ്യക്തിനിയമ ബോർഡ്, ജംഇയ്യത്തുൽ ഉലമ-ഇ-ഹിന്ദ് പ്രസിഡന്റ് മൗലാന അർഷാദ് മദനി എന്നിവരും നിയമത്തെ ചോദ്യം ചെയ്ത് ഹർജി നൽകിയിട്ടുണ്ട്. നിയമം മുസ്‌ലിങ്ങളോട് വിവേചനം കാണിക്കുകയും അവരുടെ മതത്തിനായുള്ള മൗലികാവകാശത്തെ ലംഘിക്കുകയും ചെയ്യുന്നുവെന്നാണ് ഹർജികളിലെ പ്രധാന ആരോപണം.

വഖഫ് (ഭേദഗതി) നിയമത്തിനെതിരെ ഹിന്ദു വിഭാ​ഗത്തിൽ നിന്നുള്ള രണ്ട് വ്യക്തികളും ഹർജി സമർപ്പിച്ചിട്ടുണ്ട്. സർക്കാർ സ്വത്തും ഹിന്ദു മത ഭൂമിയും നിയമവിരുദ്ധമായി പിടിച്ചെടുക്കാൻ നിയമത്തിലെ ചില വ്യവസ്ഥകൾ മുസ്‌ലിങ്ങളെ അനുവദിക്കുന്നുവെന്ന വാദം ഉയർത്തിയാണ് അഭിഭാഷകനായ ഹരിശങ്കർ ജെയിനും നോയിഡ നിവാസിയായ പരുൾ ഖേരയും ഹർജി സമർപ്പിച്ചിട്ടുണ്ട്.

അതേസമയം നിയമത്തെ പിന്തുണച്ച് ഏഴ് സംസ്ഥാനങ്ങളും സുപ്രീം കോടതിയെ സമീപിച്ചിട്ടുണ്ട്. വഖഫ് സ്വത്തുക്കളുടെ കാര്യക്ഷമവും ഉത്തരവാദിത്ത പൂർണ്ണവുമായ ഭരണം ഉറപ്പാക്കുന്നതാണ് പുതിയ നിയമം എന്നാണ് ഇവരുടെ വാദം. ഖഫ് (ഭേദഗതി) നിയമം ഭരണഘടനാപരമായി ശക്തവും വിവേചനരഹിതവുമാണെന്ന വാദവും ഇവർ മുന്നോട്ട് വയ്ക്കുന്നുണ്ട്. കേസിൽ എന്തെങ്കിലും ഉത്തരവ് പാസാക്കുന്നുണ്ടെങ്കിൽ തങ്ങളുടെ ഭാ​ഗം കേൾക്കണമെന്ന് ആവശ്യപ്പെട്ട് കേന്ദ്രസർക്കാർ കവിയറ്റ് ഹർജി ഫയൽ ചെയ്തിട്ടുണ്ട്.

പാർലമെൻ്റിൻ്റെ ഇരുസഭകളും പാസാക്കിയ വഖഫ് ഭേദഗതി നിയമം സർക്കാർ വിജ്ഞാപനം ചെയ്ത് പുറത്തിറക്കിയിരുന്നു. ഏപ്രിൽ അഞ്ചിനായിരുന്നു നിയമത്തിന് രാഷ്ട്രപതി ദ്രൗപതി മുർമുവിൻ്റെ അം​ഗീകാരം ലഭിച്ചത്. ലോക്സഭയിൽ 288 അംഗങ്ങൾ ബില്ലിനെ പിന്തുണച്ചപ്പോൾ 232 പേർ എതിർത്തിരുന്നു. രാജ്യസഭയിൽ ബില്ലിന് അനുകൂലമായി 128 വോട്ട് ചെയ്തപ്പോൾ 95 അംഗങ്ങൾ എതിർത്തിരുന്നു.

Content highlights: Waqf Amendment Act legal battle begins, Supreme Court to hear 73 petitions today

dot image
To advertise here,contact us
dot image