കാല്‍പനിക വിഷയത്തെക്കുറിച്ചുള്ള എഴുത്തുകാരൻ്റെ കേവല ചിന്ത; റോ മുൻമേധാവിയെ തള്ളി ഫാറുഖ് അബ്ദുള്ള

അധികാര ഇടനാഴികളിലേക്ക് എത്താനോ ധാരാളം പണം സമ്പാദിക്കാനോ ആവാം ദുലത്തിന്റെ ശ്രമം എന്നും ഫാറുഖ് അബ്ദുള്ള അഭിപ്രായപ്പെട്ടു

dot image

ശ്രീനഗര്‍: ജമ്മുകശ്മീരിന്റെ പ്രത്യേക പദവി റദ്ദാക്കുന്ന ആര്‍ട്ടിക്കിള്‍ 370 നെ സ്വകാര്യമായി പിന്തുണച്ചെന്ന അവകാശവാദത്തെ തള്ളി ജമ്മുകശ്മീര്‍ മുന്‍ മുഖ്യമന്ത്രിയും നാഷണല്‍ കോണ്‍ഫറന്‍സ് നേതാവുമായ ഫാറുഖ് അബ്ദുള്ള. ആര്‍ട്ടിക്കിള്‍ 370 റദ്ദാക്കിയ നീക്കത്തിന് ഫാറുഖ് അബ്ദുള്ളയുടെ രഹസ്യപിന്തുണയുണ്ടായിരുന്നുവെന്നായിരുന്നു ഇന്ത്യയുടെ രഹസ്യാന്വേഷണ വിഭാഗമായ റോയുടെ മുന്‍ മേധാവി എഎസ് ദുലത്തിന്റെ പുതിയ പുസ്തകത്തിലെ വെളിപ്പെടുത്തല്‍. 'ചീഫ് മിനിസ്റ്റര്‍ ആന്‍ഡ് സ്‌പൈ' എന്നാണ് ഏപ്രില്‍ 18 ന് പുറത്തിറങ്ങാനിരിക്കുന്ന പുസ്തകത്തിന്റെ പേര്. എന്നാല്‍ ഇത് 'വിലകുറഞ്ഞ സ്റ്റണ്ട്' എന്നാണ് ഫാറുഖ് അബ്ദുള്ള പ്രതികരിച്ചത്.

അധികാര ഇടനാഴികളിലേക്ക് എത്താനോ ധാരാളം പണം സമ്പാദിക്കാനോ ആവാം ദുലത്തിന്റെ ശ്രമം എന്നും ഫാറുഖ് അബ്ദുള്ള അഭിപ്രായപ്പെട്ടു. കാല്‍പനിക വിഷയത്തെക്കുറിച്ചുള്ള എഴുത്തുകാരന്റെ കേവല ചിന്തയില്‍ ഉദിച്ചതായിരിക്കാം പുതിയ വെളിപ്പെടുത്തല്‍ എന്നും ഫാറുഖ് അബ്ദുള്ള പറഞ്ഞു.

ആര്‍ട്ടിക്കിള്‍ 370 റദ്ദാക്കുന്ന വേളയില്‍ താനും മകനും പലതവണ മാസങ്ങളോളം ജയിലില്‍ ആയിരുന്നുവെന്നും കേന്ദ്രത്തിന്റെ നീക്കത്തിനെതിരായിരുന്നു തങ്ങള്‍ എന്നതുകൊണ്ടാണ് അറസ്റ്റ് എന്നും ഫാറുഖ് അബ്ദുള്ള കൂട്ടിച്ചേര്‍ത്തു. 1996 ലെ തിരഞ്ഞെടുപ്പില്‍ മൂന്നില്‍ രണ്ട് ഭൂരിപക്ഷത്തോടെ വിജയിച്ചയാളാണ് താന്‍. സ്വയംഭരണം ലഭിക്കാന്‍ നിയമസഭയില്‍ പ്രമേയം പാസാക്കിയയാളാണ് താന്‍. ജമ്മുകശ്മീരിലെ ജനങ്ങളെ ശക്തിപ്പെടുത്താനുള്ള തന്റെ നീക്കങ്ങളെ തെറ്റായി വ്യാഖ്യാനിക്കുന്നതാണ് ദുലത്തിന്റെ വെളിപ്പെടുത്തല്‍ എന്നും ഫാറുഖ് അബ്ദുള്ള പറഞ്ഞു.

നിര്‍ദേശം പാസാക്കാന്‍ തങ്ങള്‍ സഹായിക്കുമായിരുന്നു. എന്തുകൊണ്ടാണ് തങ്ങളെ വിശ്വാസത്തിലെടുക്കാതിരുന്നത് എന്ന് ഫാറുഖ് അബ്ദുള്ള ദുലത്തിനോട് ചോദിച്ചതായാണ് പുസ്തകത്തില്‍ പറയുന്നത്. അബ്ദുള്ളയും മകന്‍ ഒമര്‍ അബ്ദുള്ളയും പ്രധാനമന്ത്രി നരേന്ദ്രമോദിയെ കണ്ടു. എന്താണ് സംഭവിച്ചത്. ആരും ഒരിക്കലും അറിയുകയില്ല എന്നായിരുന്നു ദുലത്ത് പുസ്തകത്തില്‍ കുറിച്ചത്. ആര്‍ട്ടിക്കിള്‍ 370 റദ്ദാക്കിയ ശേഷം അബ്ദുള്ളയെ ഏഴ് മാസത്തേക്ക് തടങ്കലില്‍ വെച്ചു. ഈ കാലയളവില്‍ സര്‍ക്കാര്‍ അദ്ദേഹത്തിന്റെ നിലപാട് ജാഗ്രതയോടെ പരിശോധിച്ചു. പുതിയ യാഥാര്‍ത്ഥ്യം അദ്ദേഹം അംഗീകരിക്കണമെന്ന് അവര്‍ ആഗ്രഹിച്ചെന്നും ദുലത്ത് വ്യക്തമാക്കി.

Content Highlights: Farooq Abdullah on ex-R&AW chief's Article 370 abrogation claim

dot image
To advertise here,contact us
dot image