
ഡൽഹി: ഷിക്കോപൂർ ഭൂമിയിടപാട് കേസിൽ കോൺഗ്രസ് നേതാവ് പ്രിയങ്ക ഗാന്ധിയുടെ ഭർത്താവ് റോബർട്ട് വാദ്രയെ ഇന്നും ഇഡി ചോദ്യം ചെയ്യും. കഴിഞ്ഞ ദിവസത്തെ ചോദ്യം ചെയ്യൽ അഞ്ച് മണിക്കൂറാണ് നീണ്ട് നിന്നതെന്ന് പിടിഐ റിപ്പോർട്ട് ചെയ്തു. അതേസമയം ജനങ്ങൾക്ക് എല്ലാം അറിയാമെന്നും ഇഡി നടപടി രാഷ്ട്രീയ പ്രേരിതമാണെന്ന് ആവർത്തിക്കുകയാണ് റോബർട്ട് വാദ്ര. ഞങ്ങൾ എന്തോ തെറ്റ് ചെയ്യുന്നു എന്ന് വരുത്തി തീർക്കാനാണ് നിലവിലെ ശ്രമം.
സോണിയ ഗാന്ധി, രാഹുൽ ഗാന്ധി എന്നിവർക്ക് എതിരെ കുറ്റപത്രം സമർപ്പിച്ച ദിവസം തന്നെ ചോദ്യം ചെയ്യാൻ വിളിപ്പിച്ചെന്നും അദ്ദേഹം പറഞ്ഞു. രാജ്യത്തെ ജനങ്ങൾ അന്വേഷണ ഏജൻസികളെ വിശ്വസിക്കുന്നില്ലെന്നും റോബർട്ട് വാദ്ര കുറ്റപ്പെടുത്തി. എന്നാൽ ചോദ്യം ചെയ്യലിനോട് പൂർണമായും റോബർട്ട് വാദ്ര സഹകരിക്കുന്നില്ല എന്നാണ് ഇഡി പറയുന്നത്.
2008-ല്‍ വാദ്രയുടെ കമ്പനിയായ സ്‌കൈലൈറ്റ് ഹോസ്പിറ്റാലിറ്റി ഹരിയാനയില്‍ 7.5 കോടി രൂപയ്ക്ക് 3 ഏക്കര്‍ ഭൂമി വാങ്ങിയതുമായി ബന്ധപ്പെട്ടാണ് കേസ്. ഭൂമി വാങ്ങിയതിനു പിന്നാലെ അദ്ദേഹത്തിന് ഹൗസിംഗ് സൊസൈറ്റി വികസിപ്പിക്കാനുളള അനുമതി ലഭിച്ചു. ഇതോടെ ഭൂമിയുടെ വില കുതിച്ചുയര്‍ന്നു. ഇതോടെ റിയല്‍ എസ്‌റ്റേറ്റ് ഡെവലപ്പര്‍മാരായ ഡിഎല്‍എഫിന് 58 കോടി രൂപയ്ക്ക് വാദ്ര ഈ ഭൂമി വിറ്റു. ഈ സമയത്ത് കോണ്‍ഗ്രസായിരുന്നു സംസ്ഥാനത്ത് അധികാരത്തില്‍. ഭൂപീന്ദര്‍ ഹൂഡയായിരുന്നു മുഖ്യമന്ത്രി. കര്‍ഷകരില്‍ നിന്ന് ഭൂമി മോഷ്ടിച്ചാണ് കോണ്‍ഗ്രസ് വാദ്രയ്ക്ക് ഭൂമി നല്‍കിയതെന്ന് ബിജെപി ആരോപിച്ചു. എന്നാല്‍ റോബര്‍ട്ട് വാദ്രയ്ക്ക് ഒരു ഇഞ്ച് ഭൂമി പോലും കോണ്‍ഗ്രസ് നല്‍കിയിട്ടില്ലെന്ന് താന്‍ വെല്ലുവിളിക്കുകയാണെന്നും വാദ്രയ്ക്ക് ഭൂമി നല്‍കിയതായി ബിജെപി തെളിയിച്ചാല്‍ താന്‍ രാഷ്ട്രീയം വിടുമെന്നുമാണ് ഭൂപീന്ദര്‍ ഹൂഡ പറഞ്ഞത്.
Content Highlights:People of the country "don't trust investigation agencies"; Robert Vadra responds to questioning