
ഡല്‍ഹി: ഡല്‍ഹിയിലെ മുസ്തഫാബാദില്‍ കെട്ടിടം തകര്‍ന്നുവീണ് നാലുപേര്‍ മരിച്ചു. ഇതുവരെ 18 പേരെ രക്ഷപ്പെടുത്തി. നിരവധിപേര്‍ കെട്ടിടാവശിഷ്ടങ്ങള്‍ക്കിടയില്‍ കുടുങ്ങിക്കിടക്കുന്നുണ്ടെന്നാണ് റിപ്പോര്‍ട്ട്. ദേശീയ ദുരന്തനിവാരണ സേനയുടെയും ഡല്‍ഹി പൊലീസിന്റെയും നേതൃത്വത്തില്‍ സംഭവസ്ഥലത്ത് രക്ഷാപ്രവര്‍ത്തനം പുരോഗമിക്കുകയാണ്. നിര്‍മ്മാണത്തിലിരുന്ന ആറുനില കെട്ടിടമാണ് തകര്‍ന്നുവീണത്. കഴിഞ്ഞ ദിവസം രാത്രി നഗരത്തിന്റെ പല ഭാഗങ്ങളിലും കനത്ത മഴയും ഇടിമിന്നലും കാറ്റുമുണ്ടായിരുന്നു. ഇതാകാം അപകടകാരണമെന്നാണ് പ്രാഥമിക നിഗമനം.
ഇന്ന് പുലര്‍ച്ചെ 2.50 ഓടെയാണ് കെട്ടിടം തകര്‍ന്ന് അപകടമുണ്ടായതായി പൊലീസിന് സന്ദേശം ലഭിച്ചത്. 'ഞങ്ങള്‍ സ്ഥലത്തെത്തിയപ്പോള്‍ കെട്ടിടം മുഴുവന്‍ തകര്‍ന്നിരുന്നു. നിരവധിയാളുകള്‍ അവശിഷ്ടങ്ങള്‍ക്കിടയില്‍ കുടുങ്ങിക്കിടക്കുന്നുണ്ടെന്ന് ഞങ്ങള്‍ കണ്ടെത്തി. എന്‍ഡിആര്‍എഫും ഡല്‍ഹി ഫയര്‍ഫോഴ്‌സും സ്ഥലത്ത് രക്ഷാപ്രവര്‍ത്തനം തുടരുകയാണ്'- ഡിവിഷണല്‍ ഫയര്‍ ഓഫീസര്‍ രാജേന്ദ്ര അത്വാള്‍ മാധ്യമങ്ങളോട് പറഞ്ഞു.
അതേസമയം, സംഭവത്തില്‍ ആംആദ്മി പാര്‍ട്ടി ദേശീയ കണ്‍വീനര്‍ അരവിന്ദ് കെജ്‌രിവാളിനെതിരെ ബിജെപി രംഗത്തെത്തി. അനധികൃതമായ നിര്‍മ്മാണത്തിന് കെജ്‌റിവാള്‍ സര്‍ക്കാര്‍ അനുമതി നല്‍കിയെന്നാണ് ബിജെപിയുടെ ആരോപണം. അതിന്റെ ഫലം അനുഭവിക്കേണ്ടിവരുന്നത് ബിജെപിയാണെന്നും കുറ്റക്കാര്‍ക്കെതിരെ കര്‍ശനമായ നടപടി വേണമെന്നും ബിജെപി ആവശ്യപ്പെട്ടു.
Content Highlights: building collapses in musthafabad 4 death 18 injured