'അയാൾ എന്നെ ബന്ദിയാക്കി,മകൾക്കും എനിക്കും വിഷം നൽകി' കൊല്ലപ്പെട്ട ഓം പ്രകാശിൻ്റെ ഭാര്യയുടെ സന്ദേശങ്ങൾ പുറത്ത്

നെയ്യും നാരങ്ങയും ഉപയോ​ഗിച്ചാണ് തങ്ങൾ ശരീരം വിഷമുക്തമാക്കുന്നതെന്നും പല്ലവി അവകാശപ്പെടുന്നു

dot image

ബെം​ഗ്ലൂരു: കർണാടക മുൻ ഡിജിപി ഓം പ്രകാശിൻ്റെ മരണത്തിൽ ഭാര്യ പല്ലവിയുടെ വാട്സാപ്പ് സന്ദേശങ്ങൾ പുറത്ത്. നിലവിൽ പൊലീസ് കസ്റ്റഡിയിലിരിക്കുന്ന പല്ലവി ഓം പ്രകാശ് കൊല്ലപ്പെടുന്നതിന് മുൻപ് അയച്ചിരുന്ന സന്ദേശങ്ങളാണ് പുറത്ത് വന്നിരിക്കുന്നത്. സന്ദേശത്തിൽ തന്നെ നിരന്തരമായി ഭ‌ർത്താവ് വിഷം നൽകി കൊലപ്പെടുത്താൻ ശ്രമിക്കുന്നതായി പറയുന്നുണ്ട്. താനും തൻ്റെ മകളും ഭീതിയോടെയാണ് ജീവിക്കുന്നതെന്നും മകളെ തനിക്ക് രക്ഷിക്കണമെന്നും പറഞ്ഞുള്ള സന്ദേശങ്ങളാണ് പുറത്ത് വന്നിരിക്കുന്നത്. എന്നാൽ മാനസിക പ്രശ്നങ്ങൾ നേരിടുന്നയാളാണ് പല്ലവിയെന്നാണ് പൊലീസ് കണ്ടെത്തൽ.

എൻ്റെ ഭർത്താവിനെതിരെ അടിയന്തര നടപടിയെടുക്കണം, അയാളുടെ പക്കലുള്ള റിവോൾവർ പിടിച്ചെടുക്കണം. ഞാൻ ബന്ദിയാണ്. ഓം പ്രകാശിൻ്റെ ഏജറ്റുമാരുടെ നിരീക്ഷണത്തിലാണെന്നും പല്ലവി ​വാട്സാപ്പ് ​ഗ്രൂപ്പുകളിലേക്ക് അയച്ച സന്ദേശത്തിൽ പറയുന്നു. താനും തൻ്റെ മകൾ കൃതിയും ബുദ്ധിമുട്ടുകയാണെന്നും ഓംപ്രകാശ് തങ്ങൾക്ക് ഭക്ഷണത്തിൽ വിഷം കല‍ർത്തി നൽകുകയാണെന്നും പല്ലവി അവകാശപ്പെടുന്നു. നെയ്യും നാരങ്ങയും ഉപയോ​ഗിച്ചാണ് തങ്ങൾ ശരീരം വിഷമുക്തമാക്കുന്നതെന്നും പല്ലവി അവകാശപ്പെടുന്നു.

അതേ സമയം, അമ്മ സ്‌കീസോഫ്രീനിയ രോഗിയാണെന്ന് വെളിപ്പെടുത്തലുമായി മകൻ കാർത്തികേഷ് രം​ഗത്തെത്തി. പല്ലവി ഈ അസുഖത്തിന് ചികിത്സ തേടിയിരുന്നതായി മകൻ കാർത്തികേഷ് പൊലീസിന് മൊഴി നൽകി. അന്വേഷണത്തിന്റെ ഭാ​ഗമായി പല്ലവിയെയും മകളെയും ചോദ്യം ചെയ്യുന്നത് ഇപ്പോഴും തുടരുകയാണ്.

കേസ് വിശദമായി നിരീക്ഷിച്ച ശേഷം തുടർനടപടി സ്വീകരിക്കുമെന്ന് ആഭ്യന്തരമന്ത്രി ജി പരമേശ്വര വ്യക്തമാക്കി. അതേസമയം ഉത്തര കന്നഡ ജില്ലയിലെ സ്വത്തുക്കൾ ഓം പ്രകാശ് സഹോദരിക്ക് ഇഷ്ടദാനം നൽകിയതിന്റെ പേരിൽ കുടുംബത്തിൽ വഴക്കുണ്ടായിരുന്നുവെന്ന് പൊലീസ് അന്വേഷണത്തിൽ കണ്ടെത്തിയിട്ടുണ്ട്. അന്വേഷണത്തിന്റെ അടിസ്ഥാനത്തിൽ ഓം പ്രകാശിനെ കുത്തിപരിക്കേൽപ്പിച്ച ശേഷം ഇയാൾ പിടഞ്ഞു മരിക്കുന്നത് പല്ലവിയും മകൾ കൃതിയും നോക്കിയിരുന്ന് കണ്ടുവെന്നും കുടുംബം മൊഴി നൽകിയിട്ടുണ്ട്. പൊലീസെത്തിയിട്ടും വാതിൽ തുറക്കാഞ്ഞത് മരണം ഉറപ്പാക്കാൻ വേണ്ടി ആയിരുന്നുവെന്നും അന്വേഷണ സംഘം കണ്ടെത്തി.

ഞായറാഴ്ച ഉച്ചയോടെയാണ് ഓം പ്രകാശിനെ വീട്ടില്‍ രക്തത്തില്‍ കുളിച്ച നിലയില്‍ മരിച്ചുകിടക്കുന്നത് കണ്ടെത്തിയത്. വിരമിച്ച മറ്റൊരു ഐപിഎസ് ഉദ്യോഗസ്ഥന്റെ ഭാര്യയെ വീഡിയോകോള്‍ ചെയ്ത് താന്‍ 'ആ പിശാചിനെ കൊന്നു' എന്ന് പല്ലവി പറഞ്ഞിരുന്നു. അങ്ങനെയാണ് ഈ കൊലപാതക വിവരം പുറം ലോകം അറിയുന്നത്. അതേസമയം തന്റെ ജീവന് ഭീഷണിയുണ്ടെന്ന് ഓം പ്രകാശ് നേരത്തെ ചില അടുത്ത സുഹൃത്തുക്കളോട് ആശങ്ക പ്രകടിപ്പിച്ചിരുന്നതായും റിപ്പോർട്ടുകൾ പുറത്ത് വരുന്നുണ്ട്. നിലവിൽ ഓം പ്രകാശിന്റെ പോസ്റ്റ് മോർട്ടം പുരോഗമിക്കുകയാണ്.

Content Highlights- 'He held me hostage, poisoned my daughter and me', messages from died Om Prakash's wife surfaced

dot image
To advertise here,contact us
dot image