'കസേരയ്ക്ക് വേണ്ടി മാത്രമാണ് നിതീഷ് സഖ്യങ്ങൾ തിരഞ്ഞെടുക്കുന്നത്'; മോദിയെയും വിമർശിച്ച് മല്ലികാർജ്ജുൻ ഖർഗെ

പാർലമെന്റ് പാസാക്കിയ വഖഫ് (ഭേദഗതി) ബിൽ, സമുദായങ്ങൾക്കിടയിൽ ഭിന്നത സൃഷ്ടിക്കാനുള്ള ബിജെപിയുടെയും ആർ‌എസ്‌എസിന്റെയും ഗൂഢാലോചനയാണെന്നും മല്ലികാർജ്ജുൻ ഖർ​ഗെ

dot image

പട്ന: നിയമസഭാ തിരഞ്ഞെടുപ്പിന് അരങ്ങൊരുങ്ങവെ ബിഹാർ മുഖ്യമന്ത്രി നിതീഷ് കുമാറിനെതിരെ രൂക്ഷവിമർശനവുമായി കോൺ​ഗ്രസ് അധ്യക്ഷൻ മല്ലികാർജ്ജുൻ ഖർഗെ. ബിജെപി-ജെഡിയു സഖ്യത്തിനെതിരെ അതിരൂക്ഷ വിമർശനമാണ് ​ഖർ​ഗെ ഉയർത്തിയത്. മുഖ്യമന്ത്രി നിതീഷ് കുമാർ 'കുർസി' (കസേര)ക്ക് വേണ്ടി മാത്രമാണ് സഖ്യങ്ങൾ തിരഞ്ഞെടുക്കുന്നതെന്നും ഖർ​ഗെ പരിഹസിച്ചു. ബക്സൂരിലെ ദൽസാഗർ മൈതാനത്ത് നടന്ന 'ജയ് ബാപ്പു, ജയ് ഭീം, ജയ് സംവിധാൻ' റാലിയെ അഭിസംബോധന ചെയ്ത് സംസാരിക്കുകയായിരുന്നു ഖർഗെ. ബിജെപിയെ പരാജയപ്പെടുത്തി മഹാഗഡ്ബന്ധനെ അധികാരത്തിൽ എത്തിക്കണമെന്നും ഖർ​ഗെ ജനങ്ങളോട് അഭ്യർത്ഥിച്ചു.

'നിതീഷ് കുമാറും ബിജെപിയും തമ്മിലുള്ള സഖ്യം അവസരവാദപരമാണ്. അത് സംസ്ഥാനത്തെ ജനങ്ങൾക്ക് നല്ലതല്ല. മുഖ്യമന്ത്രി സ്ഥാനത്തിനായി മാത്രം നിതീഷ് കുമാർ സഖ്യങ്ങൾ മാറുന്നു. മഹാത്മാഗാന്ധിയെ കൊന്ന പ്രത്യയശാസ്ത്രവുമായി ജെഡിയു മേധാവി കൈകോർത്തിരിക്കുന്നു' എന്നായിരുന്നു കോൺഗ്രസ് അധ്യക്ഷൻ്റെ വിമർശനം. 'ചിലപ്പോൾ നിതീഷ് കുമാർ ഞങ്ങളോടൊപ്പം ചേരാൻ കുതിക്കുന്നു. എന്നാൽ ബിജെപിക്ക് വിജയിക്കാനുള്ള സാധ്യത കൂടുതലാണെന്ന് ബോധ്യപ്പെടുമ്പോൾ, അദ്ദേഹം വീണ്ടും അവരുടെ മടിയിൽ ഇരിക്കുന്നു'വെന്നും ഖർ​ഗെ പരിഹസിച്ചു.

പ്രധാനമന്ത്രി നരേന്ദ്ര മോദിക്കെതിരെയും ഖർ​ഗെ ആഞ്ഞടിച്ചു. പ്രധാനമന്ത്രി നരേന്ദ്ര മോദി നുണയുടെ ഫാക്ടറി നടത്തുകയാണെന്നായിരുന്നു മല്ലികാർജ്ജുൻ ഖാർ​ഗെയുടെ വിമർശനം. 'പ്രധാനമന്ത്രി നരേന്ദ്ര മോദി 2015 ഓഗസ്റ്റ് 18 ന് ബിഹാറിനായി 1.25 ലക്ഷം കോടി രൂപയുടെ പാക്കേജ് വാഗ്ദാനം ചെയ്തിരുന്നു. ഇപ്പോൾ എന്താണ് സംഭവിച്ചതെന്ന് ബിഹാറിലെ ജനങ്ങൾ നിതീഷ് കുമാറിനോട് ചോദിക്കണം. മോദി ജി നുണകളുടെ ഒരു ഫാക്ടറി നടത്തുകയാണ്' എന്നായിരുന്നു ഖർഗെയുടെ വിമ‍ർശനം.

നാഷണൽ ഹെറാൾഡ് കേസിൽ മുൻ കോൺഗ്രസ് പ്രസിഡന്റ് സോണിയ ഗാന്ധിക്കും പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധിക്കുമെതിരെ എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് സമർപ്പിച്ച കുറ്റപത്രത്തെക്കുറിച്ചും പ്രസംഗത്തിനിടെ മല്ലികാർജുൻ ഖർഗെ സൂചിപ്പിച്ചു. ഇപ്പോൾ നടക്കുന്നത് ഭരണകക്ഷിയുടെ രാഷ്ട്രീയ വേട്ടയാടലാണെന്നായിരുന്നു ഖാർ​ഗെ ചൂണ്ടിക്കാണിച്ചത്.
"ഇത് കോൺഗ്രസിനെ ലക്ഷ്യം വച്ചാണ് ചെയ്തത്. നമ്മുടെ നേതാക്കൾ ഭയപ്പെടേണ്ടതില്ല. ഇന്ദിരാഗാന്ധിയും രാജീവ് ഗാന്ധിയും രാജ്യത്തിനുവേണ്ടി ജീവൻ ബലിയർപ്പിച്ചു. ബിജെപിക്കാരുടെ ഒരു നായ പോലും മരിച്ചിട്ടില്ല എന്നായിരുന്നു ഖർ​ഗെയുടെ പ്രതികരണം.

ബിജെപിയും ആർഎസ്എസും ദരിദ്രർക്കെതിരായിരുന്നുവെന്നും അവർ പിന്നാക്കക്കാരുടെ ക്ഷേമത്തെക്കുറിച്ച് ശ്രദ്ധിച്ചിരുന്നില്ലെന്നും കോൺ​ഗ്രസ് അധ്യക്ഷൻ കുറ്റപ്പെടുത്തി. 'ആ‍ർഎസ്എസും ബിജെപിയും ദരിദ്രർക്കും സ്ത്രീകൾക്കും സമൂഹത്തിലെ ദുർബല വിഭാഗങ്ങൾക്കും എതിരാണ്. അവർക്ക് (ആർ‌എസ്‌എസ്-ബിജെപി) സമൂഹത്തിന്റെ പുരോഗതിക്കായി ചിന്തിക്കാൻ കഴിയില്ല. ജാതിയുടെയും മതത്തിന്റെയും അടിസ്ഥാനത്തിൽ സമൂഹത്തെ വിഭജിക്കുന്നതിൽ അവർ വിശ്വസിക്കുന്നു' എന്നായിരുന്നു ഖർ​ഗെയുടെ വിമർശനം. പാർലമെന്റ് പാസാക്കിയ വഖഫ് (ഭേദഗതി) ബിൽ, സമുദായങ്ങൾക്കിടയിൽ ഭിന്നത സൃഷ്ടിക്കാനുള്ള ബിജെപിയുടെയും ആർ‌എസ്‌എസിന്റെയും ഗൂഢാലോചനയാണെന്നും മല്ലികാർജ്ജുൻ ഖർ​ഗെ ആരോപിച്ചു.

ഈ വർഷ അവസാനം നടക്കാനിരിക്കുന്ന ബിഹാർ നിയമസഭാ തിരഞ്ഞെടുപ്പിൽ ജെഡിയു-ബിജെപി എൻഡിഎ സഖ്യവും ആർജെഡി, കോൺ​ഗ്രസ്, ഇടതുപക്ഷം എന്നിവർ ഉൾപ്പെടുന്ന മഹാസഖ്യവും തമ്മിലാണ് പ്രധാന മത്സരം.

Content Highlights: Mallikarjun Kharge on Sunday launched a scathing attack on the Nitish Kumar And Narendra Modi

dot image
To advertise here,contact us
dot image