
ഉത്തർ പ്രദേശ്: ഉത്തർപ്രദേശിലെ ഇറ്റാവയിൽ ഭാര്യയും ബന്ധുക്കളും ഭീഷണിപ്പെടുത്തി കള്ളക്കേസിൽ കുടുക്കി എന്നാരോപിച്ച് എഞ്ചിനീയർ ആത്മഹത്യ ചെയ്തു. സിമൻ്റ് കമ്പനിയിൽ ഫീൽഡ് എഞ്ചിനീയറായി ജോലി ചെയ്യുന്ന മോഹിത് ആണ് ജീവനൊടുക്കിയത്. താൻ അനുഭവിച്ച പീഡനങ്ങൾ മുഴുവൻ വീഡിയോയിൽ ചിത്രീകരിച്ച ശേഷമാണ് യുവാവ് ആത്മഹത്യ ചെയ്തത്.
കഴിഞ്ഞ വ്യാഴാഴ്ച മോഹിത് ഉത്തർപ്രദേശിലെ റെയിൽവെ സ്റ്റേഷന് പുറത്തുള്ള ഒരു ഹോട്ടലിൽ മുറിയെടുക്കുകയായിരുന്നു. പിറ്റേന്ന് വൈകുന്നേരമായിട്ടും മുറി തുറക്കാത്തതിനെ തുടർന്ന് ജീവനക്കാർ മുറിയിൽ കയറി പരിശോധിച്ചപ്പോഴാണ് യുവാവിനെ ജീവനൊടുക്കി നിലയിൽ കണ്ടെത്തിയത്. അതേസമയം മരിക്കുന്നതിന് തൊട്ട് മുൻപ് മോഹിത് താൻ അനുഭവിച്ച പീഡനങ്ങൾ മുഴുവൻ വീഡിയോ ആയി ചിത്രീകരിച്ചിരുന്നു.
'നിങ്ങൾ ഈ വീഡിയോ കാണുമ്പോഴേക്കും ഞാൻ ജീവിച്ചിരിപ്പുണ്ടാകില്ല. പുരുഷന്മാർക്ക് നിയമപരമായ സംരക്ഷണം ഉണ്ടായിരുന്നെങ്കിൽ ഞാൻ എൻ്റെ ജീവിതം സ്വയം അവസാനിപ്പിക്കില്ലായിരുന്നു. എൻ്റെ ഭാര്യയിൽ നിന്നും ഭാര്യയുടെ കുടുംബത്തിൽ നിന്നുമുള്ള പീഡനം സഹിക്കാൻ കഴിയുന്നില്ല' എന്നായിരുന്നു മോഹിത് വങ്കുവെച്ച വീഡിയോയിൽ പറയുന്നത്. താനും ഭാര്യ പ്രിയയും ഏഴ് വർഷത്തെ പ്രണയത്തിന് ശേഷം 2023ലാണ് വിവാഹിതരായത്. വിവാഹസമയത്ത് താൻ സത്രീധനം ആവശ്യപ്പെട്ടിട്ടില്ലെന്നും എന്നാൽ തനിക്കും കുടുംബാംഗങ്ങൾക്കുമെതിരെ സ്ത്രീധ പീഡനക്കേസ് ചുമത്തുമെന്ന് ഭാര്യ ഭീഷണിപ്പെടുത്തിയെന്നും മോഹിത് വീഡിയോയിൽ പറയുന്നുണ്ട്.
അതിനൊപ്പം തന്റെ വീടും സ്വത്തും ഭാര്യയുടെ പേരിലേക്ക് മാറ്റിയില്ലെങ്കിൽ സ്ത്രീധനക്കേസിൽ പൊലീസിൽ പരാതി നൽകുമെന്ന് ഭീഷണിപ്പെടുത്തിയതായും മോഹിത് പറയുന്നുണ്ട്. ഭീഷണിയുടെ അടിസ്ഥാനത്തിൽ ഭാര്യയുടെ അച്ഛൻ മനോജ് കുമാർ തനിക്കെതിരെ വ്യാജ പരാതി നൽകിയെന്നും ഭാര്യ തന്നോട് ദിവസവും ഇതിന്റെ പേരിൽ വഴക്കിടാൻ തുടങ്ങിയെന്നും അതിന് ഭാര്യയുടെ കുടംബാംഗങ്ങളുടെ പിന്തുണ ഉണ്ടെന്നും മോഹിത് വീഡിയോയിൽ പറയുന്നുണ്ട്.
തന്റെ മാതാപിതാക്കളോട് ക്ഷമ ചോദിച്ച് കൊണ്ടാണ് യുവാവ് വീഡിയോ അവസാനിപ്പിച്ചിരിക്കുന്നത്. മരണശേഷം തനിക്ക് നീതി ലഭിച്ചില്ലെങ്കിൽ തന്റെ ചിതാഭസ്മം അഴുക്കുചാലിലേക്ക് എറിയാനും കുടുംബത്തോട് അദ്ദേഹം ആവശ്യപ്പെട്ടു. അതേസമയം മരിച്ചുപോയ ഭർത്താവിന്റെ ആരോപണങ്ങളോട് പ്രിയ ഇതുവരെയും പ്രതികരിച്ചിട്ടില്ല.
Content Highlights: Techie commits suicide in Uttar Pradesh after being harassed by his wife