
ന്യൂഡല്‍ഹി: മുന്‍ പ്രധാനമന്ത്രി ഇന്ദിരാഗാന്ധി ജുഡീഷ്യല്‍ വ്യവസ്ഥയെ ചോദ്യം ചെയ്യുന്ന വീഡിയോ പങ്കുവെച്ച് ബിജെപി. സുപ്രീം കോടതിക്കെതിരായ ബിജെപി എം പി നിഷികാന്ത് ദുബെയുടെ പരാമര്‍ശം വിവാദമായതിന് പിന്നാലെയാണ് ബിജെപി ഐടി സെല്‍ മേധാവി അമിത് മാളവ്യ വീഡിയോ പങ്കുവെച്ചിരിക്കുന്നത്.
'ഇന്ദിരാഗാന്ധി- കോണ്‍ഗ്രസ് സ്വന്തം ഭൂതകാലം അറിയണം' എന്ന ക്യാപ്ഷനോടെയാണ് വീഡിയോ പങ്കുവെച്ചിരിക്കുന്നത്. അടിയന്തരാവസ്ഥ കാലത്തെ അഴിമതി അന്വേഷിക്കാന്‍ ജസ്റ്റിസ് ഷാ കമ്മീഷനെ നിയോഗിച്ചത് ഇന്ദിരാ ഗാന്ധി ചോദ്യം ചെയ്യുന്നതാണ് വീഡിയോ.
'രാഷ്ട്രീയ ലോകത്ത് എന്താണ് നടക്കുന്നതെന്ന കാര്യം ഷായ്ക്ക് എങ്ങനെ അറിയും. വികസ്വര സമ്പദ്വ്യവസ്ഥയെ തകര്‍ക്കാന്‍ ശ്രമിക്കുന്ന ശക്തികള്‍ ഏതൊക്കെയാണ്? ഒരു ജഡ്ജിക്ക് അത് തീരുമാനിക്കാന്‍ യോഗ്യതയുണ്ടോ? പിന്നെ എന്തിനാണ് ജനാധിപത്യം? എന്തിനാണ് തിരഞ്ഞെടുപ്പുകള്‍? എന്തിനാണ് രാഷ്ട്രീയക്കാര്‍ അധികാരത്തില്‍?', എന്നാണ് ഇന്ദിരാഗാന്ധിയുടെ വാക്കുകള്‍.
വഖഫ് നിയമഭേദഗതി സംബന്ധിച്ച സുപ്രീം കോടതി വിധിക്കെതിരെയായിരുന്നു നിഷികാന്ത് ദുബെയുടെ പരാമര്‍ശം. സുപ്രീംകോടതി നിയമം നിര്‍മ്മിക്കുകയാണെങ്കില്‍ പാര്‍ലമെന്റും നിയമസഭകളും പൂട്ടുന്നതാണ് നല്ലതെന്നായിരുന്നു നിഷികാന്ത് ദുബെയുടെ പ്രസ്താവന. ബില്ലുകളില്‍ തീരുമാനമെടുക്കാന്‍ രാഷ്ട്രപതിക്ക് സമയപരിധി നിര്‍ദേശിച്ച സുപ്രീം കോടതി വിധിക്കെതിരായിരുന്നു ദുബെയുടെ പ്രതികരണം.
Content Highlights: Congress must know its past BJP posts old Indira Gandhi clip