
കശ്മീർ : ജമ്മു കാശ്മീരിലെ റംബാൻ ജില്ലയിൽ വീണ്ടും മേഘവിസ്ഫോടനം. തുടർന്നുണ്ടായ മഴയെയും മണ്ണിടിച്ചിലിനെയും തുടർന്ന് 37 വീടുകളും ഒരു ക്ഷേത്രവും തകർന്നു. നിരവധി കന്നുകാലികളെ കാണാതായി. അപകടത്തിൽ ആർക്കും ജീവൻ നഷ്ടമായിട്ടില്ല. എന്നാൽ രക്ഷാപ്രവർത്തനം തുടരുക ആണെന്ന് അധികൃതർ അറിയിച്ചു.
അതിനിടെ ദുരിതബാധിത മേഖലകളിൽ സന്ദർശനത്തിന് എത്തിയ മുഖ്യമന്ത്രി ഒമർ അബ്‌ദുല്ലക്ക് എതിരെ പ്രതിഷേധവുമായി നാട്ടുകാർ രംഗത്തെത്തി. ദുരന്തസ്ഥലം സന്ദർശിക്കാൻ മുഖ്യമന്ത്രി വൈകിയതാണ് നാട്ടുകാരെ പ്രകോപിതരാക്കിയത്. മണ്ണിടിച്ചിൽ ഉണ്ടായ പ്രദേശങ്ങളിലെ സ്ഥിഗതികൾ വിലയിരുത്തി കൃത്യമായ നടപടികൾ സ്വീകരിക്കാമെന്ന് ഉറപ്പ് നൽകിയതിനു ശേഷമാണ് മുഖ്യമന്ത്രി ഒമർ അബ്‌ദുല്ല മടങ്ങിയത്.
അതേ സമയം ജമ്മു കശ്മീരിൽ രക്ഷാപ്രവർത്തനം ദ്രുതഗതിയിൽ പുരോഗമിക്കുകയാണെന്ന് കേന്ദ്ര മന്ത്രി ജിതേന്ദ്ര സിങ് വ്യക്തമാക്കി. വൈദ്യുതിബന്ധം പൂർണമായും പുനഃസ്ഥാപിച്ചു കഴിഞ്ഞു. ജലവിതരണം ഉടൻ സാധാരണഗതിയിലാക്കും. മണ്ണിടിച്ചിലിൽ തകർന്ന ജമ്മു -ശ്രീനഗർ ദേശീയ പാതയിലെ ഗതാഗതം നാളെ ഭാഗികമായി പുനഃസ്ഥാപിക്കും എന്നും അദ്ദേഹം വ്യക്തമാക്കി.
content highlights : Flash floods leave trail of destruction in J&K's Ramban, cripple normal life