വിദ്യാര്‍ത്ഥിക്കെതിരെ ലൈംഗികാതിക്രമം; ഇഷ ഫൗണ്ടേഷൻ ജീവനക്കാര്‍ക്കെതിരെ പോക്‌സോ കേസ്

2017 നും 2019 നും ഇടയിലാണ് കേസിനാസ്പദമായ സംഭവം

dot image

കോയമ്പത്തൂര്‍: ജഗ്ഗി വാസുദേവിന്റെ ഉടമസ്ഥതയിലുള്ള ഇഷ ഫൗണ്ടേഷനിലെ നാല് ജീവനക്കാര്‍ക്കെതിരെ പോക്‌സോ കേസ്. ഫൗണ്ടേഷന്റെ കീഴിലുള്ള സ്‌കൂളിലെ മുന്‍ വിദ്യാര്‍ത്ഥിക്കെതിരെയും കേസെടുത്തിട്ടുണ്ട്. മുന്‍ വിദ്യാര്‍ത്ഥി ഒന്നാം പ്രതിയായുള്ള കേസില്‍ ഹോസ്റ്റല്‍ വാര്‍ഡന്‍ നിഷാന്ത് കുമാര്‍, പ്രീതി കുമാര്‍, പ്രകാശ് സോമയാജി, സ്വാമി വിഭു എന്നിവരാണ് മറ്റു നാല് പ്രതികള്‍. പോക്‌സോ 9(1), 10, 21(2) എന്നീ വകുപ്പുകളും ഐപിസി 342 വകുപ്പ് പ്രകാരവുമാണ് കേസെടുത്തിരിക്കുന്നത്.

2017 നും 2019 നും ഇടയിലാണ് കേസിനാസ്പദമായ സംഭവം. ഒന്നാം പ്രതിയായ വിദ്യാര്‍ത്ഥി മറ്റൊരു വിദ്യാര്‍ത്ഥിക്കെതിരെ ലൈംഗികാതിക്രമം നടത്തിയെന്നാണ് ആരോപണം. പരാതിയെ അവഗണിച്ചെന്ന് കാട്ടിയാണ് മറ്റുപ്രതികള്‍ക്കെതിരെ കേസെടുത്തത്. കോയമ്പത്തൂര്‍ പേരൂരിലെ വനിതാ പൊലീസ് സ്റ്റേഷനാണ് ഇരയായ വിദ്യാര്‍ത്ഥിയുടെ അമ്മയുടെ പരാതിയില്‍ നടപടിയെടുത്തിരിക്കുന്നത്.

ജനുവരി 31 നാണ് കേസെടുത്തിരിക്കുന്നത്. എന്നാല്‍ മാര്‍ച്ച് 28 ന് മാത്രമാണ് എഫ്‌ഐആറിന്റെ കോപ്പി തങ്ങള്‍ക്ക് ലഭിച്ചതെന്നും പൊലീസ് ഇക്കാര്യത്തില്‍ മെല്ലെപ്പോക്ക് തുടരുകയാണെന്നും പരാതിക്കാരന്‍ പ്രതികരിച്ചു.

2017 നും 19 നും ഇടയില്‍ ഫൗണ്ടേഷന്റെ കീഴിലുള്ള സ്‌കൂളില്‍ വെച്ച് നിരവധി തവണ ലൈംഗികമായി ചൂഷണം ചെയ്യപ്പെട്ടെന്നാണ് പരാതി. വിദ്യാര്‍ത്ഥി പരാതി നല്‍കിയപ്പോള്‍ നിഷാന്ത് കുമാറും പ്രീതി കുമാറും സ്‌കൂള്‍ പ്രിന്‍സിപ്പലും ജനറല്‍ കേര്‍ഡിനേറ്റര്‍ സ്വാമി വിഭുവും സംഭവം വീട്ടില്‍ പറയരുതെന്ന് വിദ്യാര്‍ത്ഥിയെ ഭീഷണിപ്പെടുത്തുകയായിരുന്നു. എന്നാല്‍ വിദ്യാര്‍ത്ഥി 2019 മാര്‍ച്ചില്‍ ചൂഷണവിവരം മെയില്‍ വഴി രക്ഷിതാക്കളെ അറിയിക്കുകയും മാതാവ് സ്‌കൂള്‍ മാനേജ്‌മെന്റിനെ സമീപിക്കുകയും പിന്നീട് പൊലീസില്‍ പരാതിപ്പെടുകയുമായിരുന്നു.

Content Highlights: POCSO case registered against four staffers of Isha Foundation, former student

dot image
To advertise here,contact us
dot image