
ഡല്‍ഹി: ഒരാഴ്ച്ച മുന്‍പ് ഡല്‍ഹിയിലെ ഷഹ്ദാരയില്‍ ജിടിബി എന്‍ക്ലേവ് പ്രദേശത്ത് ഇരുപതുകാരിയെ കൊല്ലപ്പെട്ട നിലയില്‍ കണ്ടെത്തിയ സംഭവത്തില്‍ കൂടുതല്‍ വിവരങ്ങള്‍ പുറത്ത്. പ്രണയബന്ധത്തിലെ തര്‍ക്കമല്ല കൊലപാതകത്തിനു കാരണമെന്നും യുവതി മറ്റൊരു കൊലപാതകക്കേസിലെ പ്രധാന സാക്ഷിയായിരുന്നെന്നും ഡല്‍ഹി പൊലീസ് അറിയിച്ചു. യുവതിക്കുനേരെ വെടിയുതിര്‍ത്ത മുഹമ്മദ് റിസ്‌വാന്‍ ഏപ്രില്‍ 17-ന് അറസ്റ്റിലായിരുന്നു. സംഭവത്തില്‍ ഗൂഢാലോചന ആരോപിച്ച് മറ്റ് രണ്ടുപേരെ കൂടി പൊലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്. സുന്ദര്‍ നഗര്‍ നിവാസികളായ ഫിറോസ് ഖാന്‍ എന്ന അമന്‍, കിഷന്‍ കുമാര്‍ എന്ന കൃഷ്ണ എന്നിവരാണ് അറസ്റ്റിലായത്.
ഏപ്രില്‍ പതിനാലിന് രാത്രി പത്തരയോടെയാണ് റോഡരികില്‍ ഒരു യുവതി വെടിയേറ്റുകിടക്കുന്നതായി പൊലീസിന് വിവരം ലഭിച്ചത്. സൈറ എന്നാണ് കൊല്ലപ്പെട്ട യുവതിയുടെ പേര്. യുവതി സംഭവസ്ഥലത്തുവെച്ചു തന്നെ മരണപ്പെട്ടിരുന്നു. യുവതിയുമായി റിസ്‌വാൻ സംസാരിക്കുന്നതിന്റെയും തര്‍ക്കിക്കുന്നതിന്റെയും സിസിടിവി ദൃശ്യങ്ങള്‍ പൊലീസിന് ലഭിച്ചു. യുവതിയെ വെടിയുതിര്‍ത്തശേഷം പ്രതി സംഭവസ്ഥലത്തുനിന്നും ഓടിരക്ഷപ്പെടുകയായിരുന്നു. രണ്ടുമാസം മുന്‍പ് ഇന്‍സ്റ്റഗ്രാം വഴിയാണ് യുവതിയെ പരിചയപ്പെട്ടതെന്നും പ്രണയത്തിലായശേഷം അവര്‍ മറ്റൊരു പുരുഷനുമായി സൗഹൃദത്തിലായി, ഇത് സംബന്ധിച്ച തര്‍ക്കമാണ് കൊലപാതകത്തില്‍ കലാശിച്ചതെന്നുമാണ് യുവാവ് ആദ്യം പൊലീസിനോട് പറഞ്ഞത്. എന്നാല്‍ തുടര്‍ച്ചയായ ചോദ്യംചെയ്യലില്‍ സത്യം പുറത്തുവരികയായിരുന്നു.
നാലുമാസം മുന്‍പ് സുന്ദര്‍ നഗരിയില്‍ രാഹുല്‍ കുമാര്‍ എന്നയാള്‍ കൊല്ലപ്പെട്ട കേസില്‍ പ്രധാന സാക്ഷിയായിരുന്നു കൊല്ലപ്പെട്ട യുവതിയെന്ന് ഡിസിപി ഗൗതം പറഞ്ഞു. യുവതിയുടെ മൊഴി മജിസ്‌ട്രേറ്റിനു മുന്‍പാകെ രേഖപ്പെടുത്തുകയും ചെയ്തിരുന്നു. കൊല്ലപ്പെട്ട രാഹുലിന്റെ പിതൃസഹോദരാണ് അറസ്റ്റിലായ കൃഷ്ണ. കേസില്‍ യുവതി കൂറുമാറുമെന്നും കേസ് ദുര്‍ബലമാകുമെന്നും കൃഷ്ണ ഭയന്നു. കൃഷ്ണയും ഫിറോസ് ഖാനും യുവതിയുമായി സൗഹൃദം സ്ഥാപിച്ച് അവരെ വകവരുത്താനായാണ് റിസ്‌വാനെ റിക്രൂട്ട് ചെയ്തത്. റിസ്‌വാനെ രണ്ടുതവണ മാത്രമാണ് യുവതിയെ നേരില്‍കണ്ടത്. യുവാവിനൊപ്പം ആളൊഴിഞ്ഞ പ്രദേശത്ത് പോകാന്‍ യുവതി തയ്യാറായിരുന്നില്ലെന്നും യുവാവ് നിരന്തരം നിര്‍ബന്ധിച്ചാണ് ആളൊഴിഞ്ഞ റോഡിലേക്ക് കൊണ്ടുപോയതെന്നും അദ്ദേഹം പറഞ്ഞു. കൊലപാതകം നടത്താന്‍ ഒരുലക്ഷം രൂപയാണ് റിസ്‌വാൻ കൃഷ്ണ വാഗ്ദാനം ചെയ്തത്. ഇതില്‍ പതിനയ്യായിരം രൂപ അഡ്വാന്‍സ് നല്‍കിയിരുന്നു. ഗൂഢാലോചനയുടെ കൂടുതല്‍ വിവരങ്ങള്‍ ലഭിക്കാനായി അന്വേഷണം തുടരുകയാണെന്ന് പൊലീസ് വ്യക്തമാക്കി.
Content Highlights: shahdara woman killed because she was key victim in anther murder case delhi police report