
ന്യൂഡൽഹി: ജമ്മു കശ്മീരിലെ പഹൽഗാമിലുണ്ടായ ഭീകരാക്രമണത്തിൽ പ്രതികരിച്ച് പ്രധാന മന്ത്രി നരേന്ദ്ര മോദി. ഭീകരാക്രമണത്തെ ഞാൻ ശക്തമായി അപലപിക്കുന്നുവെന്നും കൃത്യത്തിന് പിന്നിലുള്ളവരെ വെറുതെ വിടില്ലായെന്നും മോദി എക്സിൽ കുറിച്ചു. 'ഭീകരാക്രമണത്തിന് പിന്നിൽ ആരാണെങ്കിലും അവരുടെ ദുഷ്ട അജണ്ട ഒരിക്കലും വിജയിക്കില്ല. ഭീകരതയ്‌ക്കെതിരെ പോരാടാനുള്ള ഞങ്ങളുടെ ദൃഢനിശ്ചയം അചഞ്ചലമാണ്, അത് കൂടുതൽ ശക്തമാകും' മോദി എക്സിൽ കുറിച്ചു. സൗദി അറേബ്യയിൽ ഔദ്യോഗിക സന്ദർശനം നടത്തുന്നതിനടയിലാണ് പ്രധാന മന്ത്രിയുടെ പ്രതികരണം.
പ്രധാന മന്ത്രിയുടെ എക്സ് പോസ്റ്റിൻ്റെ പൂർണരൂപം
ജമ്മു കശ്മീരിലെ പഹൽഗാമിൽ നടന്ന ഭീകരാക്രമണത്തെ ഞാൻ ശക്തമായി അപലപിക്കുന്നു. പ്രിയപ്പെട്ടവരെ നഷ്ടപ്പെട്ടവർക്ക് അനുശോചനം. പരിക്കേറ്റവർ എത്രയും വേഗം സുഖം പ്രാപിക്കട്ടെ എന്ന് ഞാൻ പ്രാർത്ഥിക്കുന്നു. ദുരിതബാധിതർക്ക് സാധ്യമായ എല്ലാ സഹായങ്ങളും നൽകുന്നു. ഈ ഹീനകൃത്യത്തിന് പിന്നിലുള്ളവരെ നീതിയുടെ മുന്നിൽ കൊണ്ടുവരും... അവരെ വെറുതെ വിടില്ല! അവരുടെ ദുഷ്ട അജണ്ട ഒരിക്കലും വിജയിക്കില്ല. ഭീകരതയ്‌ക്കെതിരെ പോരാടാനുള്ള ഞങ്ങളുടെ ദൃഢനിശ്ചയം അചഞ്ചലമാണ്, അത് കൂടുതൽ ശക്തമാകും.
I strongly condemn the terror attack in Pahalgam, Jammu and Kashmir. Condolences to those who have lost their loved ones. I pray that the injured recover at the earliest. All possible assistance is being provided to those affected.
— Narendra Modi (@narendramodi) April 22, 2025
Those behind this heinous act will be brought…
പഹൽഗാമിലുണ്ടായ ഭീകരാക്രമണത്തിൽ മരണം 27 ആയെന്നാണ് പ്രാദേശിക മാധ്യമങ്ങള് റിപ്പോർട്ട് ചെയ്യുന്നത്. രാജസ്ഥാനിൽനിന്നുള്ള വിനോദ സഞ്ചാരികൾക്ക് നേരെയാണ് ഭീകരർ വെടിയുതിർത്തത്. ഭീകരാക്രമണത്തിന്റെ പശ്ചാത്തലത്തിൽ പ്രധാനമന്ത്രി നരേന്ദ്ര മോദി ആഭ്യന്തര മന്ത്രി അമിത് ഷായുമായി ഫോണിൽ ചർച്ച നടത്തി. ഉചിതമായ എല്ലാ നടപടികളും സ്വീകരിക്കണമെന്നും ഭീകരാക്രമണം നടന്ന സ്ഥലം സന്ദർശിക്കണമെന്നും പ്രധാനമന്ത്രി ആവശ്യപ്പെട്ടു. അമിത് ഷാ കശ്മീരിലേക്ക് പുറപ്പെട്ടിട്ടുണ്ട്. രണ്ട് ദിവസത്തെ സൗദി സന്ദർശനത്തിലാണ് പ്രധാനമന്ത്രി.
അമിത് ഷാ തന്റെ വസതിയിൽ അടിയന്തര യോഗം വിളിച്ചുചേർത്തിരുന്നു. ആഭ്യന്തര സെക്രട്ടറി, ഐബി മേധാവി തുടങ്ങിയവർ യോഗത്തിൽ പങ്കെടുത്തു. ജമ്മു കശ്മീർ മുഖ്യമന്ത്രി ഒമർ അബ്ദുള്ളയുമായും ലെഫ്റ്റനന്റ് ജനറൽ മനോജ് സിൻഹയുമായും അമിത് ഷാ ഫോണിൽ ബന്ധപ്പെട്ടു. സുരക്ഷാ ഉദ്യോഗസ്ഥരുമായും വീഡിയോ കോൺഫറൻസ് വഴി ചർച്ച നടത്തി.
Content Highlights- 'We will not let it go, we will bring those behind the heinous act to justice'; PM condemns Pahalgam terror attack