
ന്യൂഡല്‍ഹി: പഹല്‍ഗാം ഭീകരാക്രമണത്തിന് പിന്നാലെ പാകിസ്താനെതിരെ കടുത്ത നടപടികളുമായി ഇന്ത്യ. ഇന്ത്യയിലുള്ള എല്ലാ പാകിസ്താന്‍ പൗരന്മാരും ഉടന്‍ രാജ്യം വിടണമെന്നാണ് നിര്‍ദേശം. വിസാ നടപടികള്‍ പൂര്‍ണമായും നിര്‍ത്തിവെച്ചു. നിലവില്‍ നല്‍കിയിരിക്കുന്ന വിസകളുടെ കാലാവധി ഏപ്രില്‍ 27 വരെ മാത്രമാക്കി. മെഡിക്കല്‍ വിസകളുടെ കാലാവധി ഏപ്രില്‍ 29 വരെ മാത്രമാണ്. പാകിസ്താനിലുള്ള ഇന്ത്യന്‍ പൗരന്മാര്‍ ഉടന്‍ മടങ്ങി വരണമെന്നും പാകിസ്താനിലേക്കുള്ള യാത്ര ഒഴിവാക്കണമെന്നും വിദേശകാര്യ മന്ത്രാലയം നിര്‍ദേശിച്ചു.
ആക്രമണം നടത്തിയവര്‍ക്ക് കനത്ത തിരിച്ചടി നല്‍കുമെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി ഇന്ന് പറഞ്ഞിരുന്നു. രാജ്യത്തിന്റെ ശത്രുക്കള്‍ ഇന്ത്യയുടെ ആത്മാവിന് മേല്‍ ആക്രമണം നടത്തി. അങ്ങനെ ചെയ്തവര്‍ക്ക് അവരുടെ സങ്കല്‍പ്പത്തിലുളളതിനെക്കാള്‍ വലിയ ശിക്ഷ നല്‍കും. 140 കോടി ജനങ്ങളുടെ ഇച്ഛാശക്തി ഭീകരവാദികളുടെ ആത്മവിശ്വാസം തകര്‍ക്കും. ഭാരതത്തിന്റെ ആത്മാവിന് മേലുള്ള ആക്രമണമാണിത്. ഇന്ത്യ അവരെ കണ്ടെത്തി ശിക്ഷിക്കും. അതിനായി എല്ലാ നടപടിയും സ്വീകരിക്കും. വികസനത്തിന് ശാന്തിയും സമാധാനവുമാണ് ആവശ്യം, ഇന്ത്യ അതാണാഗ്രഹിക്കുന്നത് എന്നും പ്രധാനമന്ത്രി പറഞ്ഞു. ബിഹാറില്‍ വിവിധ പദ്ധതികളുടെ ഉദ്ഘാടനത്തിനും തിരഞ്ഞെടുപ്പ് പ്രചാരണത്തിനുമായി എത്തിയപ്പോഴായിരുന്നു പ്രധാനമന്ത്രിയുടെ മുന്നറിയിപ്പ്.
ഭീകരാക്രമണത്തെ ശക്തമായി അപലപിച്ച കേന്ദ്ര മന്ത്രിസഭയുടെ സുരക്ഷാകാര്യ സമിതി പഹല്‍ഗാം ആക്രമണത്തില്‍ 26 പേര്‍ മരിച്ചതായി ഔദ്യോഗികമായി സ്ഥിരീകരിച്ചിരുന്നു. പാകിസ്താന്റെ സുപ്രധാന കുടിവെള്ള പദ്ധതിയായ സിന്ധു നദീജല കരാറും ഇന്ത്യ റദ്ദാക്കി. വാ?ഗ - അട്ടാരി അതിര്‍ത്തി അടിയന്തരമായി അടച്ചു. പാകിസ്‌നിതാനില്‍ നിന്ന് ഇന്ത്യന്‍ നയതന്ത്ര ഉദ്യോഗസ്ഥരെ തിരികെ വിളിക്കാനും തീരുമാനമായിരുന്നു. പാക് ഹൈ കമ്മീഷനിലെ അംഗസംഖ്യ മുപ്പതാക്കി കുറയ്ക്കും. മെയ് ഒന്ന് മുതല്‍ പുതിയ നടപടികള്‍ പ്രാബല്യത്തില്‍ വരുമെന്നും ഇന്ത്യന്‍ വിദേശകാര്യ സെക്രട്ടറി വാര്‍ത്തസമ്മേളനത്തില്‍ അറിയിച്ചു.
ചൊവ്വാഴ്ചയാണ് പഹല്‍ഗാമില്‍ രാജ്യത്തെ നടുക്കിയ ഭീകരാക്രമണം അരങ്ങേറിയത്. പ്രദേശത്തുണ്ടായിരുന്ന ടൂറിസ്റ്റുകള്‍ക്ക് നേരെ പൈന്‍ മരങ്ങള്‍ക്കിടയില്‍ നിന്നിറങ്ങിവന്ന ഭീകരര്‍ വെടിയുതിര്‍ക്കുകയായിരുന്നു. ആക്രമണത്തിന് തൊട്ടുപിന്നാലെ ലഷ്‌കര്‍ ഇ തൊയ്ബയുടെ ഉപസംഘടനയായ ദി റെസിസ്റ്റന്‍സ് ഫ്രണ്ട് ആക്രമണത്തിന്റെ ഉത്തരവാദിത്വം ഏറ്റെടുത്തിരുന്നു. ലഷ്‌കര്‍ നേതാവ് സെയ്ഫുള്ള കസൂരിയാണ് ഭീകരാക്രമണത്തിന്റെ മുഖ്യസൂത്രധാരന്‍ എന്നാണ് വിവരം.
Content Highlights: India takes tough action against Pakistan