
ന്യൂഡൽഹി: ജമ്മുകശ്മീരിലെ പഹൽഗാം ഭീകരാക്രമണ പശ്ചാത്തലത്തിൽ കശ്മീർ സന്ദർശിക്കാൻ ലോക്സഭാ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി. കശ്മീരിലെ അനന്ത്നാഗ് ജില്ലയിൽ പരിക്കേറ്റവരെ രാഹുൽഗാന്ധി സന്ദർശിക്കും. അനന്ത്നാഗിലെ മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിലുള്ളവരെയാണ് രാഹുൽഗാന്ധി സന്ദർശിക്കുന്നത്.
നാളെ രാവിലെ 11 മണിയോട് കൂടി രാഹുൽഗാന്ധി മെഡിക്കൽ കോളേജിൽ എത്തും. അതേസമയം പഹൽഗാമിലുണ്ടായ ഭീകരാക്രമണത്തിൽ പ്രതിഷേധിച്ച് കോണ്‍ഗ്രസ് നാളെ രാജ്യവ്യാപകമായി മെഴുകുതിരി തെളിയിക്കും. നാളെ കോണ്‍ഗ്രസ് നടത്താൻ നിശ്ചയിച്ചിരുന്ന ഭരണഘടന സംരക്ഷണ റാലി ഏപ്രിൽ 27-ലേക്ക് മാറ്റിയിട്ടുണ്ട്.
ഏപ്രിൽ 22നാണ് പഹല്‍ഗാമില്‍ രാജ്യത്തെ നടുക്കിയ ഭീകരാക്രമണം അരങ്ങേറിയത്. പ്രദേശത്തുണ്ടായിരുന്ന ടൂറിസ്റ്റുകള്‍ക്ക് നേരെ പൈന്‍ മരങ്ങള്‍ക്കിടയില്‍ നിന്നിറങ്ങിവന്ന ഭീകരര്‍ വെടിയുതിര്‍ക്കുകയായിരുന്നു. ആക്രമണത്തിന് തൊട്ടുപിന്നാലെ ലഷ്‌കര്‍ ഇ തൊയ്ബയുടെ ഉപസംഘടനയായ ദി റെസിസ്റ്റന്‍സ് ഫ്രണ്ട് ആക്രമണത്തിന്റെ ഉത്തരവാദിത്വം ഏറ്റെടുത്തിരുന്നു. ആക്രമണം നടത്തിയ ഭീകരരുടെ രേഖാചിത്രം പുറത്തുവിട്ടിട്ടുണ്ട്. ലഷ്‌കര്‍ നേതാവ് സെയ്ഫുള്ള കസൂരിയാണ് ഭീകരാക്രമണത്തിന്റെ മുഖ്യസൂത്രധാരന്‍ എന്നാണ് വിവരം.
content highlights : Rahul Gandhi to Kashmir; Will visit those injured in Pahalgam terror attack