
ബെംഗളൂരു: ലോക്സഭാ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധിക്കെതിരെ അപകീർത്തി പരാമർശം നടത്തിയ ബിജെപി ഐ ടി സെല്ലിനെതിരെ കേസെടുത്തു. കർണാടകയിലെ ബിജെപി ഐടി സെല്ലിനെതിരെയാണ് കേസെടുത്തത്. ബെംഗളൂരു ഹൈ ഗ്രൗണ്ട് പൊലീസാണ് എഫ്ഐആർ രജിസ്റ്റർ ചെയ്തത്.
രാഹുൽ ഗാന്ധി വിദേശത്ത് പോകുമ്പോഴൊക്കെ കാശ്മീരിൽ ഭീകരാക്രമണം ഉണ്ടാകും എന്നായിരുന്നു അപകീർത്തി പോസ്റ്റ്. ഇതിനെതിരെ കർണാടക കോൺഗ്രസ് ലീഗൽ യൂണിറ്റ് അധ്യക്ഷൻ ധനഞ്ജയ് ആണ് പരാതി നൽകിയത്. രാഹുൽ ഗാന്ധിക്കെതിരെ വിദ്വേഷം പരത്താനും സ്പർദ്ധയുണ്ടാക്കാനും പോസ്റ്റ് കാരണമായെന്നാണ് പരാതി.
അതേസമയം, പഹല്‍ഗാമില്‍ നടന്ന ഭീകരാക്രമണവുമായി ബന്ധപ്പെട്ട് ഭീകരരെക്കുറിച്ചുള്ള കൂടുതല്‍ വിവരങ്ങള്‍ പുറത്ത്. ഹാഷിം മൂസ, അലിഭായ് എന്ന തല്‍ഹ, ആദില്‍ ഹുസൈന്‍ തോക്കര്‍ എന്നിവരുടെ വിവരങ്ങളാണ് പുറത്തുവന്നത്. കഴിഞ്ഞദിവസം ഇവരുടെ രേഖാചിത്രം പുറത്തുവിട്ടിരുന്നു. ഹാഷിം മൂസയും അലി ഭായിയും കഴിഞ്ഞ രണ്ട് വര്‍ഷമായി കശ്മീര്‍ താഴ്‌വരയിലുളളവരാണ്. മൂസ 2023-ലാണ് ഇന്ത്യയിലേക്ക് നുഴഞ്ഞുകയറിയത്. ശ്രീനഗറിനടുത്തുളള ബഡ്ഗാം ജില്ല കേന്ദ്രീകരിച്ചായിരുന്നു ഇയാളുടെ പ്രവര്‍ത്തനം. മൂസ വന്നതിനുശേഷം അലി രാജ്യത്തേക്ക് നുഴഞ്ഞുകയറി. ഡച്ചിഗാം കാടുകളായിരുന്നു ഇയാളുടെ പ്രവര്‍ത്തന കേന്ദ്രം.
സൗത്ത് കശ്മീര്‍ സ്വദേശി ആദില്‍ ഹുസൈന്‍ തോക്കര്‍ 2018-ല്‍ പാകിസ്താനിലേക്ക് പോയി. ഭീകരവാദ പരിശീലനം തേടി തിരിച്ചെത്തി. മൂസയ്ക്കും അലിക്കും ഗൈഡായാണ് ആദില്‍ ഹുസൈന്‍ തോക്കര്‍ പ്രവര്‍ത്തിച്ചിരുന്നത്. നാലാമത്തെ ഭീകരന്റെ വിശദാംശങ്ങള്‍ ശേഖരിച്ചുവരികയാണെന്ന് ജമ്മു കശ്മീര്‍ പൊലീസ് അറിയിച്ചു. ഭീകരരുടെ ഹെല്‍മറ്റുകളില്‍ ക്യാമറകള്‍ ഘടിപ്പിച്ചിരുന്നതായും ഇവര്‍ പകര്‍ത്തിയ ദൃശ്യങ്ങള്‍ പ്രചരിപ്പിക്കാതിരിക്കാനുളള നടപടികള്‍ സ്വീകരിക്കുമെന്നും അന്വേഷണ ഏജന്‍സികള്‍ വ്യക്തമാക്കി.
Content Highlights: Case against BJP IT Cell over post on rahul gandhi