
തിരുവനന്തപുരം: ജമ്മുകശ്‌മീരിലെ പഹൽഗാമിലുണ്ടായ ഭീകരാക്രമണത്തെ ശക്തമായി അപലപിച്ച് സിപിഐ. സുരക്ഷാ വീഴ്ചയും ഇൻ്റലിജൻ്റ്സ് വീഴ്ചയും ഉണ്ടായിട്ടുണ്ടോ എന്ന് പരിശോധിക്കണമെന്നും ഈ ഭീകരാക്രമണം ഇന്ത്യയും മറ്റ് അയൽ രാജ്യങ്ങളും തമ്മിലെ അതിർത്തിയിലെ സംഘർഷാവസ്ഥ വർധിപ്പിക്കാൻ കാരണമാകരുതെന്നും സിപിഐ ദേശീയ ജനറൽ സെക്രട്ടറി ഡി രാജ പറഞ്ഞു.
ഭീകരാക്രമണം എങ്ങനെ ഉണ്ടായി എന്നത് ആഭ്യന്തരമന്ത്രിയും പ്രധാനമന്ത്രിയും വിശദീകരിക്കണം. ഒരിക്കലും ഒരിടത്തും ഉണ്ടാകാൻ പാടില്ലാത്തതാണിത്. കശ്മീരിലെ മതസൗഹാർദ്ദവും സമാധാന അന്തരീക്ഷവും നിലനിർത്തുക എന്നത് ഏറ്റവും പ്രധാനമാണ്. ഭീകരാക്രമണത്തെ മതാടിസ്ഥാനത്തിൽ ജനങ്ങളെ വേർതിരിക്കുന്നതിന് വേണ്ടി ആർഎസ്എസ് ഉപയോഗിക്കരുതെന്നും അദ്ദേഹം പറഞ്ഞു.
സിപിഐയുടെ ദേശീയ എക്സിക്യൂട്ടീവും കൗൺസിലും മൂന്നു ദിവസങ്ങളിലായി ചേർന്നു. 25-ാം പാർട്ടി കോൺഗ്രസ് ചണ്ഡീഗഡിൽ സെപ്റ്റംബറിൽ നടക്കും. ബിഹാറിൽ ഈ വർഷം നിയമസഭാ തിരഞ്ഞെടുപ്പ് നടക്കുകയാണ്. അടുത്തവർഷം കേരളം ഉൾപ്പെടെയുള്ള ദക്ഷിണേന്ത്യൻ സംസ്ഥാനങ്ങളിൽ നിയമസഭാ തിരഞ്ഞെടുപ്പ് നടക്കും. ഇടതുപക്ഷം വീണ്ടും കേരളത്തിൽ അധികാരത്തിൽ വരണമെന്നും ഡി രാജ കൂട്ടിച്ചേർത്തു.
Content Highlights: CPI strongly condemns the Pahalgam attack