
ലഖ്‌നൗ: ബാബ്‌റി മസ്ജിദ് തകര്‍ത്ത് മാസങ്ങള്‍ക്ക് ശേഷം നടന്ന നിയമസഭ തിരഞ്ഞെടുപ്പില്‍ ബിജെപിക്ക് 177 സീറ്റുകള്‍ മാത്രമാണ് ലഭിച്ചത്. എസ്പിയും ബിഎസ്പിയും ചേര്‍ന്ന സഖ്യത്തിന് 176 സീറ്റുകളും ലഭിച്ചു. എസ്പിക്ക് 109 സീറ്റുകളും ബിഎസ്പിക്ക് 67 സീറ്റുകളുമാണ് 1993ലെ തിരഞ്ഞെടുപ്പില്‍ ലഭിച്ചത്.
ഈ തിരഞ്ഞെടുപ്പ് ഫലമാണ് ബിജെപിയുടെ ഹിന്ദുത്വ രാഷ്ട്രീയത്തെ ഫലപ്രദമായി ചെറുക്കാന്‍ നല്ല മാര്‍ഗം ജാതി രാഷ്ട്രീയമാണെന്ന് എസ്പിയെയും ബിഎസ്പിയെയും പഠിപ്പിച്ചത്. ഈ തിരഞ്ഞെടുപ്പോടെയാണ് ഇരുപാര്‍ട്ടികളും സംസ്ഥാനത്തെ പ്രധാന പാര്‍ട്ടികളായി ഉദിച്ചുയര്‍ന്നതും.
2024ലെ ലോക്‌സഭ തിരഞ്ഞെടുപ്പിലും സംസ്ഥാനത്ത് ബിജെപിക്ക് തിരിച്ചടി നേരിട്ടു. ജാതി രാഷ്ട്രീയം കൂടുതല്‍ ചര്‍ച്ച ചെയ്ത തിരഞ്ഞെടുപ്പില്‍ ദളിത്, ഒബിസി വിഭാഗങ്ങള്‍ കൂടുതലായി എസ്പി-കോണ്‍ഗ്രസ് സഖ്യത്തിന് വോട്ട് ചെയ്‌തോടെയാണ് ബിജെപിക്ക് തിരിച്ചടി നേരിട്ടത്. 43 സീറ്റുകള്‍ എസ്പി സഖ്യത്തിന് ലഭിച്ചപ്പോള്‍ ബിജെപി സഖ്യത്തിന് 36 സീറ്റുകള്‍ മാത്രമേ ലഭിച്ചുള്ളൂ.
ബിഎസ്പിക്ക് സംസ്ഥാന രാഷ്ട്രീയത്തില്‍ സ്വാധീനം കുറഞ്ഞതോടെ ദളിത് വിഭാഗങ്ങള്‍ കോണ്‍ഗ്രസിലേക്ക് മാറുമെന്ന നിരീക്ഷണമാണ് രാഷ്ട്രീയ നിരീക്ഷകര്‍ പറഞ്ഞിരുന്നത്. അത് കൊണ്ട് തന്നെ കോണ്‍ഗ്രസിനെ ഒപ്പം നിര്‍ത്താനാണ് എസ്പി ലോക്‌സഭ തിരഞ്ഞെടുപ്പില്‍ തീരുമാനിച്ചത്. ഇപ്പോള്‍ 2027ലെ നിയമസഭ തിരഞ്ഞെടുപ്പ് ലക്ഷ്യമിട്ട് ദളിത് വോട്ടര്‍മാരെ ആകര്‍ഷിക്കാനാണ് എസ്പി ഇപ്പോള്‍ ശ്രമിക്കുന്നത്.
യാദവ്, മുസ്‌ലിം വിഭാഗങ്ങള്‍ എസ്പിയോടൊപ്പമാണ് നിലയുറപ്പിക്കുന്നത്. അതോടൊപ്പം ദളിത് വോട്ടര്‍മാരെ കൂടി തങ്ങളുടെ പക്ഷത്ത് നിര്‍ത്തുക എന്നതാണ് എസ്പി തന്ത്രം. രണ്ട് കാര്യങ്ങളാണ് എസ്പി നേതാക്കള്‍ എടുത്തുപറയുന്നത്. ലോക്‌സഭ തിരഞ്ഞെടുപ്പില്‍ തങ്ങളുടെ സ്ഥാനാര്‍ത്ഥികള്‍ക്ക് ദളിത്, ഒബിസി വിഭാഗങ്ങളില്‍ മികച്ച സ്വീകരണമാണ് ലഭിച്ചത്. രണ്ടാമത്, ദളിത് വിഭാഗങ്ങളില്‍ ശക്തമായ പാര്‍ട്ടിയാണ് തങ്ങളെന്ന് അവതരിപ്പിക്കുന്നതില്‍ ബിഎസ്പി കഴിഞ്ഞ കുറച്ചു കാലമായി പരാജയപ്പെടുന്നു. ഈ രണ്ട് കാരണങ്ങളാലും കോണ്‍ഗ്രസുണ്ടെങ്കിലും ഇല്ലെങ്കിലും ദളിത് വോട്ടര്‍മാരെ ഒപ്പം നിര്‍ത്താനുള്ള സ്വന്തമായ ശ്രമങ്ങള്‍ നടത്തണമെന്നാണ് എസ്പി നേതൃത്വം കീഴ്ഘടകങ്ങളോട് ആവശ്യപ്പെടുന്നത്.
കഴിഞ്ഞ ദിവസം എസ്പി എംപി രാംജിലാല്‍ സുമന്റെ വീടിന് പുറത്ത് സംഘര്‍ഷം രൂപപ്പെട്ടിരുന്നു. രാജ്പുത് അനുകൂല കര്‍ണിസേനയോട് ബന്ധപ്പെട്ട് നില്‍ക്കുന്നവരായിരുന്നു സംഘര്‍ഷത്തിന് പിന്നില്‍. സംഘര്‍ഷത്തിന് പിന്നാലെ രാംജിലാല്‍ സുമന് പിന്തുണ അറിയിച്ച് അഖിലേഷ് യാദവ് സംഭവസ്ഥലത്തേക്ക് എത്തിയിരുന്നു. ദളിത് എംപിയുടെ വീട് ആക്രമിച്ച കര്‍ണി സേന ഇപ്പോള്‍ യോഗി സേനയായി മാറിയെന്ന് അഖിലേഷ് ആരോപിച്ചു. കര്‍ണിസേനയ്ക്ക് യോഗി സര്‍ക്കാര്‍ പണം നല്‍കുന്നതായും ആരോപിച്ചു. ഇതോടെ ദളിത്, പിന്നാക്ക, ന്യൂനപക്ഷ വിഭാഗങ്ങളുടെ രാഷ്ട്രീയ ശബ്ദമാവാനാണ് അഖിലേഷ് ശ്രമിക്കുന്നതെന്നാണ് രാഷ്ട്രീയ നിരീക്ഷകര്‍ വിലയിരുത്തുന്നത്.
ആഗ്രയിലെ 48 പൊലീസ് സ്റ്റേഷനില്‍ 15 സ്റ്റേഷനികളില്‍ മാത്രമാണ് ദളിത്, പിന്നാക്ക, ന്യൂനപക്ഷ വിഭാഗങ്ങളില്‍ നിന്നുള്ള സ്റ്റേഷന്‍ ഹൗസ് ഓഫീസര്‍മാരുള്ളതെന്നും ബാക്കിയുള്ളവരെല്ലാം സവര്‍ണ സമുദായമായ താക്കൂര്‍ വിഭാഗത്തില്‍ നിന്നുള്ളവരാണെന്ന് അഖിലേഷ് ആരോപിച്ചിരുന്നു. രേഖകള്‍ പുറത്തുവിട്ടായിരുന്നു ആരോപണം. ഇതെല്ലാം കൃത്യമായ രാഷ്ട്രീയ തീരുമാനത്തിന്റെ ഭാഗമായിട്ടാണെന്നാണ് വിലയിരുത്തല്‍.
ബിഎസ്പിയുടെ സ്വാധീനം കുറയുന്നത് ദളിത് വോട്ടര്‍മാരെ സ്വാധീനിക്കാനുള്ള നല്ല സമയമാണെന്ന് അഖിലേഷിന് അറിയാമെങ്കിലും കോണ്‍ഗ്രസിനെ ഒഴിവാക്കിയുള്ള പരീക്ഷണത്തിന് തയ്യാറല്ല. അത് കൊണ്ടാണ് ഇന്ത്യ സഖ്യം നിലവിലുണ്ട് സംസ്ഥാനത്ത്, അത് തുടരുമെന്ന് പ്രതികരിച്ചത്.
Content Highlights: Akhilesh Yadav to continue wooing Dalit voters