
ചെന്നൈ: തമിഴ്‌നാട് വൈദ്യുതി വകുപ്പ് മന്ത്രി സെന്തില്‍ ബാലാജി രാജിവെച്ചേക്കും. കളളപ്പണം വെളുപ്പിക്കല്‍ കേസില്‍ സുപ്രീംകോടതിയുടെ അന്ത്യശാസനം വന്ന പശ്ചാത്തലത്തിലാണ് സെന്തില്‍ ബാലാജി രാജിക്കൊരുങ്ങുന്നത്. മന്ത്രിസ്ഥാനം രാജി വയ്ക്കുന്നോ അതോ ജയിലിലേക്ക് പോകുന്നോ എന്ന് സുപ്രീംകോടതി കഴിഞ്ഞ ദിവസം സെന്തില്‍ ബാലാജിയോട് ചോദിച്ചിരുന്നു. മന്ത്രിയുടെ ജാമ്യം റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് ഇ ഡി നല്‍കിയ ഹര്‍ജിയിലായിരുന്നു സുപ്രീംകോടതിയുടെ ചോദ്യം. തിങ്കളാഴ്ച്ച നിലപാട് അറിയിക്കണമെന്നാണ് സുപ്രീംകോടതി ആവശ്യപ്പെട്ടത്. ജാമ്യം ലഭിച്ചതിനു പിന്നാലെ സെന്തില്‍ ബാലാജി മന്ത്രിസഭാംഗമായിരുന്നു. മന്ത്രിസ്ഥാനത്തിരുന്ന് സെന്തില്‍ ബാലാജി സാക്ഷികളെ സ്വാധീനിക്കാന്‍ ശ്രമിക്കുന്നുവെന്നാണ് ഇ ഡി സുപ്രീംകോടതിയില്‍ പറഞ്ഞത്.
നേരത്തെ കളളപ്പണം വെളുപ്പിക്കല്‍ കേസില്‍ ജയിലിലായിരുന്ന സെന്തില്‍ ബാലാജിക്ക് മന്ത്രിസ്ഥാനം രാജിവെച്ചതിനു പിന്നാലെയാണ് സുപ്രീംകോടതി ജാമ്യം അനുവദിച്ചത്. 2013-ല്‍ എഐഎഡിഎംകെ നേതാവായിരുന്നപ്പോഴത്തെ കളളപ്പണം വെളുപ്പിക്കല്‍ കേസില്‍ ഒരുവര്‍ഷത്തോളം സെന്തില്‍ ജയിലിലായിരുന്നു. ഡിഎംകെയില്‍ ചേര്‍ന്ന് മുഖ്യമന്ത്രി എംകെ സ്റ്റാലിന്റെ വിശ്വസ്തനായ മന്ത്രിയായിരിക്കുമ്പോഴായിരുന്നു അറസ്റ്റും ജയില്‍വാസവും.
ജയിലിലായി ആറ് മാസത്തിനുശേഷമാണ് സെന്തില്‍ ബാലാജി മന്ത്രിസ്ഥാനം രാജിവെച്ചത്. തുടര്‍ന്ന് താന്‍ മന്ത്രിയല്ലെന്നും സാക്ഷികളെ സ്വാധീനിക്കാനാവില്ലെന്നും ചൂണ്ടിക്കാട്ടി ജാമ്യം നേടുകയായിരുന്നു. ജയിലില്‍ നിന്ന് ഇറങ്ങിയതും സെന്തില്‍ ബാലാജി വീണ്ടും മന്ത്രിയായി. ഇത് ചോദ്യംചെയ്തുളള ഹര്‍ജികളിലാണ് കഴിഞ്ഞ ദിവസം സുപ്രീംകോടതി രൂക്ഷവിമര്‍ശനമുന്നയിച്ചത്. സെന്തില്‍ ബാലാജി രാജിവെച്ചാലും അദ്ദേഹത്തിന് പാര്‍ട്ടിയില്‍ നിര്‍ണായക സ്ഥാനം നല്‍കാനാണ് ഡിഎംകെയുടെ തീരുമാനം.
Content Highlights: minister senthil balaji may resign soon