
പട്ന: ബിഹാറിലെ പട്നയിൽ സർക്കാർ സ്കൂളിൽ കുട്ടികൾക്ക് നൽകിയ ഉച്ചഭക്ഷണത്തിൽ ചത്ത പാമ്പ്. ഇതേ തുടർന്ന് ആരോഗ്യനില വഷളായ 200 കുട്ടികളെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. പട്ന ജില്ലയിലെ മൊകാമ സർക്കാർ സ്കൂളിലായിരുന്നു സംഭവം. കുട്ടികൾക്ക് നൽകിയ ഉരുളക്കിഴങ്ങ് കറിയിലാണ് ചത്ത പാമ്പിനെ കിട്ടിയത്. കുട്ടികൾ ഇത് കണ്ടെന്നും ഭക്ഷണം നൽകരുതെന്ന് പറഞ്ഞിട്ടും സ്കൂൾ അധികൃതർ നിർബന്ധിച്ച് കഴിപ്പിക്കുകയായിരുന്നുവെന്നുമാണ് റിപ്പോർട്ടുകൾ.
ഭക്ഷണം കഴിച്ച 500 കുട്ടികളിൽ 50-ഓളം പേരുടെ ആരോഗ്യ സ്ഥിതി മോശമായി. ജനം തടിച്ചുകൂടിയതോടെ പൊലീസ് വന്നാണ് കുട്ടികളെ ആശുപത്രിയിലെത്തിച്ചത്. പിന്നാലെ 150 കുട്ടികൾ കൂടി അവശത പ്രകടിപ്പിച്ചു. ഒരു കുട്ടിയുടെ നില ഗുരുതരമാണെന്നും അപകടനില തരണം ചെയ്തെന്നും ഡോക്ടർ പറഞ്ഞു. സംഭവം പുറത്തറിഞ്ഞതോടെ രക്ഷിതാക്കളും നാട്ടുകാരും ഒരു മണിക്കൂർ റോഡ് ഉപരോധിച്ചു. തുടർന്ന് അധികൃതരെത്തി നടപടിയെടുക്കുമെന്ന് ഉറപ്പുനൽകിയതോടെയാണ് ജനം പ്രതിഷേധം അവസാനിപ്പിച്ചത്.
Content Highlights: Snake Found in Mid-Day Meal in patna