
ജയ്പൂര്‍: ഒഡീഷയില്‍ 20കാരിയെ തട്ടിക്കൊണ്ടപപോയി കൂട്ട ബലാത്സംഗത്തിനിരയാക്കി. ജോലി കഴിഞ്ഞ് വീട്ടിലേക്ക് മടങ്ങവേ ഓട്ടോ ഡ്രൈവര്‍ തട്ടിക്കൊണ്ട് പോയി പീഡനത്തിനിരയാക്കുകയായിരുന്നു. കൂട്ട ബലാത്സംഗത്തിന് ശേഷം യുവതിയെ നിരവധി തവണ കുത്തിപ്പരിക്കേല്‍പ്പിക്കുകയും ചെയ്തിട്ടുണ്ടെന്ന് പൊലീസ് പറഞ്ഞു.
ജയ്പൂര്‍ നഗരത്തില്‍ ഏപ്രില്‍ 22നായിരുന്നു സംഭവം. കൂട്ടബലാത്സംഗത്തില്‍ പരിക്കേറ്റ യുവതിയുടെ ശാരീരികാവസ്ഥ മെച്ചപ്പെട്ടതിന് ശേഷം ഇന്ന് പൊലീസില്‍ പരാതി നല്‍കിയിപ്പോഴാണ് സംഭവം പുറത്ത് അറിഞ്ഞത്. ജോലി കഴിഞ്ഞ് വീട്ടിലേക്ക് പോകാനായിരുന്നു യുവതി ഓട്ടോ വിളിച്ചത്. എന്നാല്‍ വീട്ടിലേക്ക് പോകുന്നതിന് പകരം യുവതിയെ നഗരത്തിലെ ആളൊഴിഞ്ഞ പ്രദേശത്തേക്കായിരുന്നു ഡ്രൈവര്‍ കൊണ്ടുപോയത്.
യുവതി ഓട്ടോയില്‍ കയറിയപ്പോള്‍ ഡ്രൈവറെ കൂടാതെ മറ്റ് രണ്ട് പേര്‍ കൂടി വാഹനത്തിലുണ്ടായിരുന്നു. ആളൊഴിഞ്ഞ പ്രദേശത്ത് ഇവരെ കാത്ത് മദ്യപാനികളായ മൂന്ന് പേര്‍ കൂടിയുണ്ടായിരുന്നുവെന്ന് പൊലീസ് പറയുന്നു. തുടര്‍ന്ന് പ്രതികളിലൊരാള്‍ യുവതിയുടെ കൈ ഷാള്‍ കൊണ്ട് കെട്ടിയിട്ട് പീഡിപ്പിക്കുകയായിരുന്നു. പിന്നാലെ കൊല്ലുകയെന്ന ഉദ്ദേശത്തോടെ പ്രതികള്‍ കത്തി ഉപയോഗിച്ച് കുത്തിപ്പരിക്കേല്‍പ്പിച്ച് അവിടെ നിന്ന് രക്ഷപ്പെട്ടു.
എന്നാല്‍ ഒരു വഴിപോക്കന്റെ സഹായത്താല്‍ യുവതി വീട്ടുകാരെ വിവരമറിയിക്കുകയും ജയ്പൂര്‍ ജില്ലാ ഹെഡ്ക്വാര്‍ട്ടേഴ്‌സ് ആശുപത്രിയില്‍ യുവതിയെ പ്രവേശിപ്പിക്കുകയായിരുന്നു. പുറംഭാഗത്തും കയ്യിലും കാലിലും മറ്റ് ഭാഗങ്ങളിലും യുവതിക്ക് ഗുരുതരമായി പരിക്കേറ്റിരുന്നു. സംഭവത്തില്‍ കേസ് രജിസ്റ്റര്‍ ചെയ്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ടെന്ന് പൊലീസ് പറഞ്ഞു.
Content Highlights: 20 year old woman abducted and attacked in Odisha