'ആരതി ഞങ്ങളുടെ പെങ്ങൾ, കേരളത്തിലേക്ക് വരാൻ ആഗ്രഹമുണ്ട്'; രാമചന്ദ്രന്റെ കുടുംബത്തെ സംരക്ഷിച്ച കശ്മീരി ഡ്രൈവർമാർ

ഭീകരാക്രമണം നടന്നപ്പോള്‍ ആരതിയെയും കുടുംബത്തെയും സംരക്ഷിക്കുകയും അവരെ സുരക്ഷിതരായി കേരളത്തിലേക്ക് പറഞ്ഞയക്കുകയും ചെയ്തത് ഇവരാണ്

dot image

ശ്രീനഗര്‍: പഹൽഗാം ഭീകരാക്രമണത്തിൽ കൊല്ലപ്പെട്ട ഇടപ്പള്ളി സ്വദേശി എൻ രാമചന്ദ്രന്‍റെ മകൾ ആരതി തങ്ങളുടെ പെങ്ങളാണെന്നും ജീവനുളള കാലം വരെ അവരെ മറക്കില്ലെന്നും ഭീകരാക്രമണത്തിനിടെ അവരെ സംരക്ഷിച്ച കശ്മീരി ഡ്രൈവര്‍മാര്‍. ആരതിയെയും അവരുടെ മക്കളെയും രക്ഷിക്കുകയും അവര്‍ക്ക് വേണ്ട സഹായങ്ങള്‍ നല്‍കുകയും ചെയ്തത് പഹല്‍ഗാമിലെ മുസഫിര്‍, സമീര്‍ എന്നീ യുവാക്കളായിരുന്നു. ഭീകരാക്രമണം നടന്നപ്പോള്‍ ആരതിയെയും കുടുംബത്തെയും സംരക്ഷിക്കുകയും അവരെ സുരക്ഷിതരായി കേരളത്തിലേക്ക് പറഞ്ഞയക്കുകയും ചെയ്തത് ഇവരായിരുന്നു. കേരളത്തിലെത്തിയ ശേഷം ആരതി ഇക്കാര്യം പരാമർശിക്കുകയും ചെയ്തിരുന്നു.

'അന്ന് രണ്ടുമണിയോടെ മുകളില്‍ നിന്ന് വെടിയൊച്ചകള്‍ കേട്ടു. എന്താണ് സംഭവിച്ചതെന്ന് ആദ്യം മനസിലായില്ല. ആരതിയെ വിളിച്ചപ്പോള്‍ മൊബൈല്‍ ഔട്ട് ഓഫ് റീച്ചായിരുന്നു. മൂന്നുമണിയോടെ അവര്‍ തിരികെ വിളിച്ചു. ഭീകരവാദികള്‍ അച്ഛനെ വെടിവച്ചുവെന്ന് അവര്‍ പറഞ്ഞു. കുട്ടികള്‍ എവിടെയെന്ന് ഞാന്‍ അവരോട് ചോദിച്ചു. കുട്ടികളെയും കൂട്ടി വേഗം അവിടെനിന്ന് രക്ഷപ്പെടാന്‍ ആരതിയോട് ഞാന്‍ ആവശ്യപ്പെട്ടു. നാലുമണിയോടെ അവര്‍ എന്റെ അടുത്തേക്കെത്തി. ഞാന്‍ അവരെയും മക്കളെയും പിന്നീട് ഹോട്ടലിലേക്ക് കൊണ്ടുപോയി. ആരതിയുടെ അമ്മയോട് ഈ ദുരന്തത്തെക്കുറിച്ച് ഞങ്ങള്‍ പറഞ്ഞില്ല. രാത്രിയോടെയാണ് ബോഡി താഴേക്ക് കൊണ്ടുവന്നത്. പൊലീസ് പിന്നീട് ഐഡന്റിഫിക്കേഷനായി വിളിപ്പിച്ചു. അതിനുശേഷം ഞങ്ങള്‍ ശ്രീനഗറിലേക്ക് വന്നു'- സമീര്‍ റിപ്പോർട്ടറിനോട് പറയുന്നു.

തങ്ങള്‍ ജീവനോടെയുളള കാലം വരെ ആരതി ഞങ്ങളുടെ സഹോദരിയായിരിക്കുമെന്നും അവരെ ജീവിതത്തില്‍ ഒരിക്കലും മറക്കില്ലെന്നും സമീര്‍ പറഞ്ഞു. കേരളത്തിലെ ജനങ്ങളെ വളരെ ഇഷ്ടമാണെന്നും കേരളത്തിലുളളവര്‍ കശ്മീരിലേക്ക് വരണമെന്നും അവര്‍ക്ക് വേണ്ട സഹായങ്ങള്‍ ചെയ്യാന്‍ അവരുടെ സഹോദരങ്ങള്‍ കശ്മീരിലുണ്ടെന്നും അദ്ദേഹം പറഞ്ഞു. 90 ശതമാനം വിനോദസഞ്ചാരികളും കശ്മീരിലേക്കുളള യാത്ര ക്യാന്‍സല്‍ ചെയ്തു. അതുകൊണ്ടുതന്നെ കശ്മീരിലെ വിനോദസഞ്ചാര മേഖല ദുരിതത്തിലാണ്. ഇവിടെ വിനോദസഞ്ചാരികള്‍ വീണ്ടും വരണമെന്നാണ് ആഗ്രഹമെന്നും സമീര്‍ കൂട്ടിച്ചേര്‍ത്തു.

ഒരു മനുഷ്യനെന്ന നിലയില്‍ ചെയ്യേണ്ടതാണ് തങ്ങള്‍ അന്ന് ചെയ്തതെന്നും ആരതി തന്റെ സഹോദരിയെപ്പോലെയാണെന്നും മുസഫിര്‍ പറഞ്ഞു. 'അവര്‍ക്ക് ഒരു സഹോദരന്റെ സ്ഥാനത്തുനിന്ന് ചെയ്യേണ്ട സഹായങ്ങളാണ് ചെയ്തത്. രാത്രി അവര്‍ക്ക് മൃതശരീരം വിട്ടുകിട്ടുന്നതുവരെ ഞങ്ങള്‍ ആ കുടുംബത്തോടൊപ്പം ഉണ്ടായിരുന്നു. പുലര്‍ച്ചെ കേരളത്തിലേക്ക് തിരിച്ചുപോകാനായി അവരെ എയര്‍പോര്‍ട്ടില്‍ എത്തിച്ചാണ് ഞങ്ങള്‍ മടങ്ങിയത്'- മുസഫിര്‍ കൂട്ടിച്ചേര്‍ത്തു.

കശ്മീരി ഡ്രൈവര്‍മാരായ സമീറും മുസഫിറുമാണ് തന്നെ പഹല്‍ഗാമില്‍ സഹായിച്ചതെന്നും അവിടെ തനിക്ക് രണ്ട് സഹോദരങ്ങളെ കിട്ടിയെന്നും ആരതി നേരത്തെ പറഞ്ഞിരുന്നു. 'ഭീകരാക്രമണമുണ്ടായ സ്ഥലത്തുനിന്നും മക്കളെയും കൂട്ടി രക്ഷപ്പെട്ട് താഴെയെത്തിയപ്പോഴാണ് ഡ്രൈവര്‍ മുസഫിറിനെ ഫോണില്‍ വിളിച്ചത്. അയാളാണ് മറ്റുകാര്യങ്ങളൊക്കെ ചെയ്തത്. പ്രദേശവാസികള്‍ എല്ലാവരെയും സഹായിച്ചു. അവിടുത്തെ സര്‍ക്കാരായാലും കേരള സര്‍ക്കാരായാലും കേന്ദ്രസര്‍ക്കാരായാലും വലിയ പിന്തുണ നല്‍കി. അവിടുത്തെ പ്രദേശവാസികള്‍ വലിയ സഹായം ആയിരുന്നു. താമസം ഒരുക്കി. പണമൊന്നും വാങ്ങിയില്ല. പാവം കശ്മീരി ഡ്രൈവര്‍മാരായ മുസാഫിറും സമീറും അനിയത്തിയെപ്പോലെ കൊണ്ടുനടന്നത്. എനിക്ക് അവിടെ രണ്ട് സഹോദരങ്ങളെ കിട്ടിയെന്നാണ് എയര്‍പോര്‍ട്ടില്‍ ഞാന്‍ അവരോട് പറഞ്ഞത്. അള്ളാ അവരെ രക്ഷിക്കട്ടെയെന്ന് ആശംസിച്ചാണ് പിരിഞ്ഞത്'-എന്നാണ് ആരതി പറഞ്ഞത്.

Content Highlights: arathi is our sister says kashmiri drivers sameer and musafir who helped her in pahalgam

dot image
To advertise here,contact us
dot image