മൂന്ന് ദിവസത്തിനുള്ളിൽ ഇന്ത്യയിൽ നിന്ന് മടങ്ങിയത് 537 പാകിസ്താനികൾ; തിരിച്ചെത്തിയത് 800ലധികം ഇന്ത്യക്കാർ

ഏപ്രില്‍ 24 മുതല്‍ ഇന്ന് വരെയുള്ള ദിവസങ്ങളിലാണ് അട്ടാരി-വാഗ അതിര്‍ത്തി വഴി ഇത്രയും പാക് പൗരന്മാര്‍ ഇന്ത്യ വിട്ടത്

dot image

ന്യൂഡല്‍ഹി: 26 പേരുടെ മരണത്തിന് കാരണമായ പഹല്‍ഗാം ഭീകരാക്രമണത്തിന് പിന്നാലെയുള്ള കേന്ദ്ര നിര്‍ദേശത്തെ തുടര്‍ന്ന് 537 പാകിസ്താന്‍ പൗരര്‍ ഇന്ത്യ വിട്ടു. ഏപ്രില്‍ 24 മുതല്‍ ഇന്ന് വരെയുള്ള ദിവസങ്ങളിലാണ് അട്ടാരി -വാഗ അതിര്‍ത്തി വഴി ഇത്രയും പാക് പൗരന്മാര്‍ ഇന്ത്യ വിട്ടത്. കൂടാതെ, ഹ്രസ്വ കാല വിസയുള്ളവര്‍ക്ക് നാട് വിടാനുള്ള കാലാവധി ഇന്നത്തോടെ അവസാനിച്ചു.

ഇക്കാലയളവില്‍ 850 ഇന്ത്യക്കാര്‍ പാകിസ്താനില്‍ നിന്ന് ഇന്ത്യയിലേക്കെത്തിയെന്ന് അട്ടാരി അതിര്‍ത്തിയിലെ പ്രോട്ടോക്കോള്‍ ഉദ്യോഗസ്ഥന്‍ അരുണ്‍ പാല്‍ വാര്‍ത്താ ഏജന്‍സിയായ എഎന്‍ഐയോട് പറഞ്ഞു. ഇന്ന് മാത്രം 237 പാകിസ്താനികളാണ് അതിര്‍ത്തി വിട്ടതെന്നും 116 പേര്‍ ഇന്ത്യയിലെത്തിയെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. പാകിസ്താന്‍ പാസ്‌പോര്‍ട്ട് ഉടമസ്ഥര്‍ക്ക് ഏപ്രില്‍ 29 വരെ അതിര്‍ത്തി കടക്കാന്‍ സമയമുണ്ടെന്നും തിരിച്ചും അങ്ങനെയാണെന്നും പാല്‍ പറഞ്ഞു.

അതേസമയം പഹല്‍ഗാം ഭീകരാക്രമണത്തില്‍ നിഷ്പക്ഷമായ അന്വേഷണത്തിന് പാകിസ്താന് പിന്തുണ അറിയിച്ച് ചൈന രംഗത്തെത്തി. ഇന്ത്യയിലെയും പാകിസ്താനിലെയും സ്ഥിതിഗതികള്‍ നിരീക്ഷിച്ചുവരുന്നതായി ചൈനീസ് വിദേശകാര്യ മന്ത്രി വാങ് യി പ്രതികരിച്ചു. ഇന്ത്യ-പാക് സ്ഥിതിഗതികള്‍ സംബന്ധിച്ച് ചൈനീസ് വിദേശകാര്യ മന്ത്രി വാങ് യി പാകിസ്താന്‍ വിദേശകാര്യ മന്ത്രി മുഹമ്മദ് ഇഷാഖ് ദാറുമായി ഫോണില്‍ സംസാരിച്ചതായി ചൈനീസ് സ്റ്റേറ്റ് മാധ്യമമായ ഗ്ലോബല്‍ ടൈംസ് റിപ്പോര്‍ട്ട് ചെയ്യുന്നു.

പാകിസ്താന്‍ സമാധാനം ആഗ്രഹിക്കുന്ന രാജ്യമാണെന്നും തീവ്രവാദം പ്രോത്സാഹിപ്പിക്കുന്നില്ലെന്നും പാക് പ്രതിരോധ മന്ത്രി ഖവാജ ആസിഫ് പ്രതികരിച്ചിരുന്നു. പാകിസ്താന് പഹല്‍ഗാം ഭീകരാക്രമണവുമായി ഒരു ബന്ധവുമില്ല. ഇന്ത്യയുടെ കുറ്റപ്പെടുത്തല്‍ മാത്രമാണത്. തീവ്രവാദത്തിന്റെ ഇരയായി പാകിസ്താന്‍ മാറിയെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തിരുന്നു.

Content Highlights: Pahalgam 537 Pak citizens returned from India and 800 Indians returned from Pakistan

dot image
To advertise here,contact us
dot image