ജമ്മു കശ്മീരിലെ കിഷ്ത്വാറിൽ സൈനിക യൂണിഫോമുകളുടെ വിൽപ്പനയ്ക്ക് നിരോധനം

ഇവ ദുരുപയോഗം ചെയ്യുന്നത് തടയുന്നതിനായാണ് നടപടി

dot image

ശ്രീന​ഗ‍‍ർ: ജമ്മു കശ്മീരിലെ കിഷ്ത്വാർ ജില്ലയിൽ സൈനിക യൂണിഫോമുകളുടെയും സമാനമായ വസ്ത്രങ്ങളുടെയും വിൽപ്പന, തുന്നൽ എന്നിവ നിരോധിച്ച് ഉത്തരവ്. യൂണിഫോം ദുരുപയോഗം ചെയ്യുന്നത് തടയുന്നതിനായാണ് നടപടി. പഹൽഗാം ആക്രമണത്തിൻ്റെ പശ്ചാത്തലത്തിലാണ് നിർദേശം. പൊതു സമാധാനത്തിനും സുരക്ഷയ്ക്കും ഉണ്ടായേക്കാവുന്ന ഭീഷണി സാധ്യത കണക്കിലെടുത്താണ് നിരോധനമെന്ന് ഉത്തരവിൽ പറയുന്നു.

കിഷ്ത്വാർ ഡെപ്യൂട്ടി കമ്മീഷണർ രാജേഷ് കുമാർ ഷാവനാണ് നിരോധനത്തിന് ഉത്തരവിട്ടത്. സൈനിക യൂണിഫോമുകൾ വാങ്ങുകയും സൂക്ഷിക്കുകയും വിൽക്കുകയും ചെയ്യുന്ന എല്ലാ അംഗീകൃത സ്വകാര്യ സ്ഥാപനങ്ങളും കടകളും പ്രവർത്തനാനുമതിയെക്കുറിച്ച് അടുത്തുള്ള പൊലീസ് സ്റ്റേഷനുകളിൽ രേഖാമൂലം വിവരം കൈമാറണമെന്ന് ജില്ലാ മജിസ്‌ട്രേറ്റ് നിർദേശം നൽകിയി. 15 ദിവസത്തിനുള്ളിൽ ഈ വിവരങ്ങൾ ഹാജരാക്കണമെന്നാണ് നിർദേശം.

അതേസമയം, 26 പേരുടെ മരണത്തിന് കാരണമായ പഹൽഗാം ഭീകരാക്രമണത്തിന് പിന്നാലെയുള്ള കേന്ദ്ര നിർദേശത്തെ തുടർന്ന് 537 പാകിസ്താൻ പൗരരാണ് ഇന്ത്യ വിട്ടത്. ഏപ്രിൽ 24 മുതൽ കഴിഞ്ഞ ദിവസം വരെയുള്ള ദിവസങ്ങളിലാണ് അട്ടാരി -വാഗ അതിർത്തി വഴി ഇത്രയും പാക് പൗരന്മാർ ഇന്ത്യ വിട്ടത്. കൂടാതെ, ഹ്രസ്വ കാല വിസയുള്ളവർക്ക് നാട് വിടാനുള്ള കാലാവധിയും അവസാനിച്ചു.

ഇക്കാലയളവിൽ 850 ഇന്ത്യക്കാർ പാകിസ്താനിൽ നിന്ന് ഇന്ത്യയിലേക്കെത്തിയെന്ന് അട്ടാരി അതിർത്തിയിലെ പ്രോട്ടോക്കോൾ ഉദ്യോഗസ്ഥൻ അരുൺ പാൽ വാർത്താ ഏജൻസിയായ എഎൻഐയോട് പറഞ്ഞു.

പഹൽഗാം ഭീകരാക്രമണത്തിൽ നിഷ്പക്ഷമായ അന്വേഷണത്തിന് പാകിസ്താന് പിന്തുണ അറിയിച്ച് ചൈനയും രംഗത്തെത്തി. ഇന്ത്യയിലെയും പാകിസ്താനിലെയും സ്ഥിതിഗതികൾ നിരീക്ഷിച്ചുവരുന്നതായി ചൈനീസ് വിദേശകാര്യ മന്ത്രി വാങ് യി പ്രതികരിച്ചു. ഇന്ത്യ-പാക് സ്ഥിതിഗതികൾ സംബന്ധിച്ച് ചൈനീസ് വിദേശകാര്യ മന്ത്രി വാങ് യി പാകിസ്താൻ വിദേശകാര്യ മന്ത്രി മുഹമ്മദ് ഇഷാഖ് ദാറുമായി ഫോണിൽ സംസാരിച്ചതായി ചൈനീസ് സ്റ്റേറ്റ് മാധ്യമമായ ഗ്ലോബൽ ടൈംസ് റിപ്പോർട്ട് ചെയ്തിരുന്നു.

പാകിസ്താൻ സമാധാനം ആഗ്രഹിക്കുന്ന രാജ്യമാണെന്നും തീവ്രവാദം പ്രോത്സാഹിപ്പിക്കുന്നില്ലെന്നുമായിരുന്നു പാക് പ്രതിരോധ മന്ത്രി ഖവാജ ആസിഫിന്റെ കഴിഞ്ഞ ദിവസത്തെ പ്രതികരണം. പാകിസ്താന് പഹൽഗാം ഭീകരാക്രമണവുമായി ഒരു ബന്ധവുമില്ല. ഇന്ത്യയുടെ കുറ്റപ്പെടുത്തൽ മാത്രമാണത്. തീവ്രവാദത്തിന്റെ ഇരയായി പാകിസ്താൻ മാറിയെന്നും അദ്ദേഹം കൂട്ടിച്ചേർത്തിരുന്നു.

Content Highlights: Ban on the sale of military uniforms at Jammu Kashmir

dot image
To advertise here,contact us
dot image
To advertise here,contact us
To advertise here,contact us