ഭിന്നിപ്പിക്കാനാണ് പാകിസ്താന്റെ ശ്രമം; ഒറ്റക്കെട്ടാണെന്ന് കാണിച്ചുകൊടുക്കലാണ് മറുപടി: ഫാറൂഖ് അബ്ദുള്ള

സുരക്ഷാ വീഴ്ചയെ കുറിച്ച് തർക്കിക്കേണ്ട സമയമല്ല, ശത്രുവിനെതിരെ പോരാടേണ്ട സമയമാണിതെന്നും ഫാറൂഖ് അബ്ദുള്ള

dot image

ശ്രീനഗർ: ഇന്ത്യക്കാരെ ഭിന്നിപ്പിക്കാനാണ് പാകിസ്താന്റെ ശ്രമമെന്ന് ജമ്മു കശ്മീർ മുൻ മുഖ്യമന്ത്രി ഫാറൂഖ് അബ്ദുള്ള റിപ്പോർട്ടറിനോട്. സുരക്ഷാ വീഴ്ചയെ കുറിച്ച് തർക്കിക്കേണ്ട സമയമല്ല, ശത്രുവിനെതിരെ പോരാടേണ്ട സമയമാണിതെന്നും
ഫാറൂഖ് അബ്ദുള്ള പറഞ്ഞു. എല്ലാ കേരളീയരും കാശ്മീരിലേക്ക് വരണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. നമ്മൾ ഒറ്റക്കെട്ടാണെന്ന് കാണിച്ചു കൊടുക്കലാണ് ഭീകരവാദത്തിനുള്ള മറുപടിയെന്നും ഫാറൂഖ് അബ്ദുള്ള കൂട്ടിച്ചേർത്തു.

'നിർഭാഗ്യവശാൽ പഹൽഗാം ഭീകരാക്രമണത്തിന് പിന്നിലെ ഉത്തരവാദികൾ നമ്മുടെ അയൽ രാജ്യം ആണെന്നതാണ് കാര്യം. നമ്മുടെ രാജ്യത്തെ സാധാരണക്കാരെയാണ് കൊന്നൊടുക്കിയത്. ഇവിടത്തെ ഐക്യം തകർക്കാനാണ് അവർ ശ്രമിച്ചത്. ഹിന്ദു മുസ്ലിം ബന്ധത്തെ തകർക്കാമെന്നാണ് അവർ കരുതുന്നത്. കശ്മീരിനെ നമ്മളിൽ നിന്നും പിടിച്ചെടുക്കാനാണ് അവർ ശ്രമിച്ചത്. ഇതൊരിക്കലും നടക്കില്ല. ഞങ്ങളീ രാജ്യത്തിന്റെ ഭാഗമാണ്. അതങ്ങനെ തന്നെ തുടരുകയും ചെയ്യും. എല്ലാവരും കശ്മീരിലേക്ക് വരണം. ഭയപ്പെടരുത്. നമ്മൾ ഒന്നാണെന്ന് ശത്രുക്കൾക്ക് കാണിച്ചുകൊടുക്കണം. കേരളത്തിനോട് പറയാനുള്ളത് പറ്റുമ്പോഴൊക്കെ ഇവിടെ വരമെന്നാണ്', ഫാറൂഖ് അബ്ദുള്ള പറഞ്ഞു.

അതേസമയം പഹൽഗാമില്‍ ആക്രമണം നടത്തിയ ഭീകരരെ കണ്ടെത്തിയതായാണ് വിവരം. ഭീകരരും സുരക്ഷാസേനയും തമ്മില്‍ ഏറ്റുമുട്ടലുണ്ടായതായെന്നും കുല്‍ഗാം വനമേഖലയില്‍വെച്ചാണ് വെടിവയ്പ്പുണ്ടായതെന്നുമാണ് റിപ്പോർട്ട്. കുല്‍ഗാമില്‍ നിന്ന് രക്ഷപ്പെടാന്‍ ശ്രമിക്കുന്നതിനിടെയാണ് ഭീകരര്‍ സൈന്യത്തിന് നേരെ വെടിവെച്ചത്. സൈന്യം തിരിച്ചടിച്ചു. കഴിഞ്ഞ 5 ദിവസത്തിനിടെ നാലിടങ്ങളില്‍ സൈന്യം ഭീകരര്‍ക്ക് അടുത്തെത്തിയെന്നാണ് റിപ്പോര്‍ട്ട്. സൈന്യവും സിആര്‍പിഎഫും ജമ്മു കശ്മീര്‍ പൊലീസും സംയുക്തമായാണ് തിരച്ചില്‍ നടത്തുന്നത്.

Content Highlights: Former Jammu and Kashmir Chief Minister Farooq Abdullah to the reporter on pahalgam attack

dot image
To advertise here,contact us
dot image