
ന്യൂഡൽഹി: റാഫേൽ മറൈൻ യുദ്ധവിമാനങ്ങൾ വാങ്ങുന്നതിനുള്ള പ്രതിരോധ കരാറിൽ തിങ്കളാഴ്ച വൈകുന്നേരം ഇന്ത്യയും ഫ്രാൻസും ഒപ്പുവെയ്ക്കും. 26 റാഫേൽ മറൈൻ യുദ്ധവിമാനങ്ങൾ വാങ്ങുന്നതിനാണ് തിങ്കളാഴ്ച ഔദ്യോഗികമായി ഒപ്പുവെക്കുന്നതെന്നാണ് പ്രതിരോധ ഉദ്യോഗസ്ഥർ വ്യക്തമാക്കിയിരിക്കുന്നത്. 63,000 കോടിയിലധികം രൂപയുടെ കരാറാണ് ഇന്ത്യയും ഫ്രാൻസും ഒപ്പുവെയ്ക്കുക.
ഇന്ത്യൻ നാവികസേനയ്ക്കായി 26 റാഫേൽ-എം വിമാനങ്ങൾ വാങ്ങുന്നതിന് 2025 ഏപ്രിൽ 9ന് സുരക്ഷാകാര്യ കാബിനറ്റ് കമ്മിറ്റി അംഗീകാരം നൽകിയിരുന്നു. 22 സിംഗിൾ സീറ്റർ, നാല് ട്വിൻ സീറ്റർ ജെറ്റുകൾ എന്നിവ വാങ്ങാനാണ് അനുമതി നൽകിയത്. ഫ്ലീറ്റ് അറ്റകുറ്റപ്പണി, ലോജിസ്റ്റിക്കൽ പിന്തുണ, വ്യക്തിപരമായ പരിശീലനം, തദ്ദേശീയ ഘടകങ്ങളുടെ നിർമ്മാണം എന്നിവയ്ക്കുള്ള സമഗ്രമായ സ്യൂട്ടും കരാറിൻ്റെ ഭാഗമാണ്.
പ്രതിരോധ സെക്രട്ടറി രാജേഷ് കുമാർ സിങ്ങിന്റെ അധ്യക്ഷതയിൽ ഇന്ന് വൈകുന്നേരം ഡൽഹിയിലെ നൗസേന ഭവനിൽ കരാർ സംബന്ധിച്ച ഔപചാരിക പ്രഖ്യാപന ചടങ്ങ് നടക്കും. ഇന്ത്യയിലെ ഫ്രഞ്ച് അംബാസഡറും ചടങ്ങിൽ പങ്കെടുക്കും. ഇന്ത്യയുടെ വിമാനവാഹിനിക്കപ്പലുകളായ ഐഎൻഎസ് വിക്രാന്ത്, ഐഎൻഎസ് വിക്രമാദിത്യ എന്നിവയുടെ ഭാഗമായിട്ടാവും നൂതന റാഫേൽ-എം യുദ്ധവിമാനങ്ങൾ എത്തിച്ചേരുക. ഇതോടെ ഇന്ത്യൻ നാവിക സേനയുടെ കരുത്ത് വർദ്ധിക്കുമെന്നാണ് വിലയിരുത്തപ്പെടുന്നത്. ഇന്ത്യൻ മഹാസമുദ്രത്തിലൂടെയുള്ള ഭീഷണികളെ ചെറുക്കാനുള്ള നാവിക സേനയുടെ കരുത്ത് ഇതിലൂടെ വർദ്ധിക്കുമെന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്.
റാഫേൽ-എം ആ ശ്രേണിയിലെ ഏറ്റവും ശേഷിയുള്ള യുദ്ധ വിമാനങ്ങളിലൊന്നായാണ് കണക്കാക്കപ്പെടുന്നത്. നിലവിൽ ഫ്രഞ്ച് നാവികസേന മാത്രമാണ് റാഫേൽ-എം ഉപയോഗിക്കുന്നത്. നേരത്തെ കരാർ ഒപ്പുവെയ്ക്കലിന് എത്തിച്ചേരുമെന്ന് അറിയിച്ചിരുന്ന ഫ്രഞ്ച് പ്രതിരോധമന്ത്രി
സെബാസ്റ്റ്യൻ ലെകോർനു ആരോഗ്യപരമായ കാരണങ്ങളാൽ ഇന്ത്യാ സന്ദർശനം ഒഴിവാക്കിയിട്ടുണ്ട്. ഇരു സർക്കാരുകളും തമ്മിലുള്ള കരാർ രണ്ട് മന്ത്രിമാരും വിർച്വലി ഒപ്പുവെക്കുമെന്നാണ് ബന്ധപ്പെട്ട വൃത്തങ്ങളെ ഉദ്ധരിച്ചുള്ള റിപ്പോർട്ട്. പിന്നീടൊരു ദിിവസം ഫ്രഞ്ച് പ്രതിരോധമന്ത്രി ഇന്ത്യയിൽ എത്തിച്ചേരുമെന്നാണ് ബന്ധപ്പെട്ട ഉദ്യോഗസ്ഥരെ ഉദ്ധരിച്ച് ദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നത്.
കരാർ ഒപ്പിട്ട് ഏകദേശം നാല് വർഷത്തിന് ശേഷം റാഫേൽ-എം ജെറ്റുകൾ ഇന്ത്യയ്ക്ക് വിതരണം ചെയ്യുമെന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്. 2029 അവസാനത്തോടെ ഇന്ത്യൻ നാവികസേനയ്ക്ക് വിമാനങ്ങൾ ലഭിച്ചുതുടങ്ങുമെന്നും 2031 ഓടെ മുഴുവൻ കരാർ പ്രകാരമുള്ള മുഴുവൻ വിമാനങ്ങളുടെയും വിതരണം പൂർത്തിയാകുമെന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്.
Content Highlights: India, France to ink Rs 63,000-crore deal for advanced Rafale-M jets today