
ന്യൂഡല്‍ഹി: പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ വസതിയില്‍ ഉന്നതതല യോഗം ചേരുന്നു. പ്രതിരോധമന്ത്രി രാജ്‌നാഥ് സിങ്, സംയുക്ത സേനാമേധാവി അനില്‍ ചൗഹാന്‍, ദേശീയ സുരക്ഷാ ഉപദേഷ്ടാവ് അജിത് ഡോവല്‍ അടക്കമുള്ളവര്‍ യോഗത്തില്‍ പങ്കെടുക്കുന്നുണ്ട്. സുരക്ഷാ കാര്യങ്ങള്‍ക്കുള്ള മന്ത്രിസഭാ സമിതി നാളെ യോഗം ചേരാനിരിക്കെയാണ് പ്രധാനമന്ത്രിയുടെ വസതിയില്‍ അടിയന്തര യോഗം ചേരുന്നത്.
കഴിഞ്ഞ ദിവസം പ്രധാനമന്ത്രി നരേന്ദ്രമോദിയുമായി പ്രതിരോധമന്ത്രി രാജ്‌നാഥ് സിങ് കൂടിക്കാഴ്ച നടത്തിയിരുന്നു. ഇതിന് പുറമേ സംയുക്ത സേനാമേധാവി അനില്‍ ചൗഹാനുമായും രാജ്‌നാഥ് സിങ് കൂടിക്കാഴ്ച നടത്തി. കൂടിക്കാഴ്ചയില്‍ വിലയിരുത്തിയ കാര്യങ്ങള്‍ അടക്കം ഉന്നതല യോഗത്തില്‍ ചര്‍ച്ചയായേക്കുമെന്നാണ് വിവരം. ഇതിന് പുറമേ അതിര്‍ത്തിയിലെ സുരക്ഷാ വിന്യാസം, ബിഎസ്എഫ് ജവാന്‍ കസ്റ്റഡിയിലായതടക്കമുള്ള വിഷയങ്ങളും യോഗത്തില്‍ ചര്‍ച്ചയായേക്കും.
പഹല്‍ഗാം ഭീകരാക്രമണത്തിന് ശേഷമുള്ള സ്ഥിതിഗതികള്‍ വിലയിരുത്തുന്നതിനായാണ് സുരക്ഷാ കാര്യങ്ങള്‍ക്കുള്ള മന്ത്രിസഭാ സമിതി നാളെ വീണ്ടും യോഗം ചേരുന്നത്. രാവിലെ പതിനൊന്ന് മണിക്കാണ് യോഗം ചേരുക. സൈനിക തയ്യാറെടുപ്പുകള്‍ അടക്കം യോഗം വിലയിരുത്തും. പഹല്‍ഗാം ആക്രമണത്തിന് ശേഷം ഇത് രണ്ടാം തവണയാണ് സുരക്ഷാ കാര്യങ്ങള്‍ക്കുള്ള മന്ത്രിസഭാ സമിതി യോഗം ചേരുന്നത്. ഈ യോഗത്തിന് പിന്നാലെ പ്രധാനമന്ത്രിയുടെ അധ്യക്ഷതയില്‍ രാഷ്ട്രീയകാര്യങ്ങള്‍ക്കുള്ള മന്ത്രിസഭാ സമിതിയും യോഗം ചേരും.
Content Highlights- PM modi meets rajnath singh, ajith dowal, anil chauhan and others in his house