ന്യൂഡല്ഹി: മാരുതി സുസുക്കി ഇന്ത്യയുടെ എന്ട്രി ലെവല് മോഡലുകളായ ആള്ട്ടോ കെ10, എസ്പ്രസ്സോ എന്നിവയുടെ തെരഞ്ഞെടുത്ത വേരിയന്റുകളുടെ വില കുറച്ചു. ഉടന് തന്നെ പുതുക്കിയ വില പ്രാബല്യത്തില് വരുമെന്ന് കമ്പനി അറിയിച്ചു. എസ്പ്രസ്സോ എല്എക്സ്ഐ പെട്രോളിന്റെ വില 2000 രൂപയും ആള്ട്ടോ കെ10 വിഎക്സ്ഐ പെട്രോളിന്റെ വില 6500 രൂപയുമാണ് കുറച്ചത്.
റെഗുലേറ്ററി ഫയലിങ്ങിലാണ് കമ്പനി ഇക്കാര്യം അറിയിച്ചത്. ആള്ട്ടോ കെ 10ന്റെ വില 3.99 ലക്ഷം മുതല് 5.96 ലക്ഷം രൂപ വരെയും എസ്പ്രസ്സോയ്ക്ക് 4.26 ലക്ഷം മുതല് 6.11 ലക്ഷം രൂപ വരെയുമാണ് എക്സ്ഷോറൂം വില.
ആള്ട്ടോയും എസ്പ്രസ്സോയും ഉള്പ്പെടുന്ന കമ്പനിയുടെ മിനി സെഗ്മെന്റ് കാറുകളുടെ വില്പ്പന കഴിഞ്ഞ മാസം 10,648 യൂണിറ്റായി കുറഞ്ഞിരുന്നു. ഒരു വര്ഷം മുമ്പ് ഇത് 12,209 യൂണിറ്റായിരുന്നു. ബലേനോയും സെലേറിയോയും ഉള്പ്പെടുന്ന കോംപാക്ട് സെഗ്മെന്റില് വില്പ്പനയില് ഓഗസ്റ്റില് 20 ശതമാനത്തിന്റെ ഇടിവാണ് നേരിട്ടത്.