കൊച്ചി: വാഹനങ്ങളുടെ ചില്ലുകളില്‍ നിര്‍ദിഷ്ട മാനദണ്ഡം അനുസരിച്ചുള്ള സേഫ്റ്റി ഗ്ലെയ്സിങ് ഉപയോഗിക്കാമെന്ന ഹൈക്കോടതി വിധിക്കെതിരെ അപ്പീല്‍ പോകില്ലെന്ന് മോട്ടര്‍വാഹന വകുപ്പ്. മാനദണ്ഡങ്ങള്‍ പാലിച്ചുകൊണ്ട് കൂളിങ് ഫിലിം പതിപ്പിക്കാമെന്ന ഹൈക്കോടതിവിധി നടപ്പാക്കുന്നതിന് ട്രാന്‍സ്പോര്‍ട്ട് കമ്മീഷണറുടെ പ്രത്യേക ഉത്തരവിൻ്റെ ആവശ്യമില്ലെന്ന് സംസ്ഥാന ട്രാന്‍സ്‌പോര്‍ട്ട് കമ്മീഷണര്‍ സി എച്ച് നാഗരാജു പറഞ്ഞു. അനാവശ്യമായ ബുദ്ധിമുട്ടാണ് യാത്രക്കാര്‍ക്ക് മുന്‍പുണ്ടായിരുന്നത്. കോടതി നിര്‍ദേശിച്ചിരിക്കുന്ന മാനദണ്ഡങ്ങള്‍ അനുസരിച്ച് ഇനി കൂളിങ് ഫിലിം ഒട്ടിക്കാം. അതേസമയം, മാനദണ്ഡങ്ങള്‍ പാലിക്കുന്നുണ്ടോ എന്നത് ഉറപ്പാക്കാനുള്ള പരിശോധനകള്‍ നടത്തുമെന്നും സി എച്ച് നാഗരാജു പറഞ്ഞു.
മോട്ടോര്‍ വാഹനചട്ടങ്ങളിലെ ഭേദഗതി പ്രകാരം വാഹനങ്ങളുടെ മുന്നിലും പിന്നിലും വശങ്ങളിലും സേഫ്റ്റിഗ്ലാസുകള്‍ക്ക് പകരം 'സേഫ്റ്റിഗ്ലേസിങ്' കൂടി ഉപയോഗിക്കാന്‍ അനുവദമുണ്ട്. മുന്‍പിന്‍ ഭാഗങ്ങളില്‍ 70 ശതമാനവും വശങ്ങളില്‍ 50 ശതമാനവും സുതാര്യത വേണമെന്നാണ് ഭേദഗതി ചട്ടങ്ങള്‍ പറയുന്നത്. ഈ ഭേദഗതി ചൂണ്ടിക്കാട്ടിയാണ് ഇത്തരം ഫിലിമുകള്‍ ഉപയോഗിക്കുന്നത് നിയമപരമാണെന്ന് കോടതി വ്യക്തമാക്കിയത്. കൂളിങ് ഫിലിം നിര്‍മിക്കുന്ന കമ്പനി, കൂളിങ് ഫിലിം ഒട്ടിച്ചതിന് പിഴ ചുമത്തിയ വാഹന ഉടമ, സണ്‍ കണ്‍ട്രോള്‍ ഫിലിം വ്യാപാരം നടത്തുന്നതിന്റെ പേരില്‍ രജിസ്‌ട്രേഷന്‍ റദ്ദാക്കുമെന്ന് മോട്ടര്‍ വാഹന വകുപ്പ് നോട്ടിസ് നല്‍കിയ സ്ഥാപനം തുടങ്ങിയവര്‍ സമര്‍പ്പിച്ച ഹര്‍ജിയിലായിരുന്നു ഹൈക്കോടതി വിധി.
2021 ഏപ്രിലില്‍ പ്രാബല്യത്തില്‍ വന്ന കേന്ദ്ര മോട്ടോര്‍ വാഹന ചട്ടങ്ങളിലെ 100-ാം വകുപ്പിലെ ഭേദഗതി അനുസരിച്ച് വാഹനങ്ങളുടെ മുന്നിലും പിന്നിലും വശങ്ങളിലും സേഫ്റ്റി ഗ്ലാസുകള്‍ക്ക് പകരം സേഫ്റ്റിഗ്ലേസിങ് കൂടി ഉപയോഗിക്കാന്‍ അനുവദിക്കുന്നുണ്ട്. ബ്യൂറോ ഓഫ് ഇന്ത്യന്‍ സ്റ്റാന്‍ഡേഡ്സിന്റെ (ബിഎസ്ഐ) 2019-ലെ മാനദണ്ഡങ്ങള്‍ക്ക് അനുസരിച്ചുള്ള സേഫ്റ്റി ഗ്ലേസിങ്ങാണ് അനുവദിച്ചിട്ടുള്ളത്. സേഫ്റ്റി ഗ്ലാസിന്റെ ഉള്‍പ്രതലത്തില്‍ പ്ലാസ്റ്റിക് ഫിലിം പതിപ്പിച്ചിട്ടുള്ളത് സേഫ്റ്റിഗ്ലേസിങ്ങിന്റെ പരിധിയില്‍ പെടുത്തിയിട്ടുള്ളതാണ്. നിലവില്‍ അനുവദനീയമായ കൂളിങ് ഫിലിമുകള്‍ ബിഎസ്ഐ, ഐസ്ഐ മുദ്രകളോടെയാണ് വരുന്നത്. ഒട്ടുമിക്ക കമ്പനികളും ഫിലിമില്‍ ക്യുആര്‍ കോഡുകളും നല്‍കുന്നുണ്ട്. ഇത് സ്‌കാന്‍ ചെയ്താല്‍ ട്രാന്‍സ്പരന്‍സി ശതമാനവും ഗുണനിലവാര വിവരങ്ങളും മനസ്സിലാക്കാം.