പെരുമ്പാവൂർ നഗരത്തിൽ ട്രാഫിക് പരിഷ്കരണത്തിന്റെ ഭാഗമായാണ് പുഷ്പ ജംഗ്ഷൻിൽ ബോക്സ് മാർക്കിംഗ് ചെയ്തത്. എന്നാൽ, നടുറോഡിൽ എന്തിനാണ് ഈ മഞ്ഞച്ചതുരങ്ങൾ എന്ന് മിക്ക ഡ്രൈവർമാർക്കും ഇപ്പോഴും അറിയില്ല. ബോക്സ് മാർക്കിംഗ് ഉള്ള സ്ഥലത്തുകൂടി നിർത്താതെ പാഞ്ഞ ടിപ്പർലോറി ട്രാഫിക് ഉദ്യോഗസ്ഥനെ ഇടിച്ച സംഭവവും ഇവിടെയുണ്ടായി. ഇങ്ങനെയുള്ള ബോക്സ് മാർക്കിംഗ് അഥവാ മഞ്ഞച്ചതുരങ്ങൾക്കു മുകളിൽ വാഹനം നിർത്താൻ പാടില്ലെന്ന പ്രാഥമിക അറിവ് പോലും പല ഡ്രൈവർമാർക്കും ഇല്ലെന്നതാണ് യാഥാർത്ഥ്യം.
സിഗ്നലുകൾ ഇല്ലാത്ത തിരക്കുള്ള കവലകളിലാണ് ഇത്തരം ബോക്സ് മാർക്കിംഗ് ഉണ്ടാവുക. തിരക്കേറിയ കവലകളിലും T ഇന്‍റര്‍സെക്ഷനുകളിലും മഞ്ഞനിറത്തില്‍ അടയാളപ്പെടുത്തുന്ന ഈ ബോക്സില്‍ വാഹനങ്ങള്‍ നിര്‍ത്താന്‍ പാടില്ല. മുന്നോട്ട് കടന്നുപോകാന്‍ ഇടം ഉണ്ടെങ്കില്‍ (എക്സിറ്റ് ക്ലിയര്‍ ആണെങ്കില്‍) മാത്രമേ ഈ ഭാഗത്തേക്ക് വാഹനങ്ങള്‍ പ്രവേശിക്കാന്‍ പാടുള്ളൂ എന്നാണ് വ്യവസ്ഥ. ബോക്സ് മാർക്കിംഗിലൂടെ അപകടങ്ങളും ഗതാഗതക്കുരുക്കും കുറക്കാനാകും.
വർഷങ്ങൾക്കു മുമ്പേ തന്നെ എംവിഡിയും കേരളാ പൊലീസും ഇതു സംബന്ധിച്ച ബോധവൽക്കരണ സന്ദേശങ്ങളും നിർദേശങ്ങളും പൊതുജനങ്ങൾക്ക് നൽകിയിട്ടുള്ളതാണ്. എന്നാൽ, ഡ്രൈവർമാർ പോലും ഇതേക്കുറിച്ച് അറിവില്ലാത്തവരായി തുടരുന്ന സാഹചര്യത്തിൽ ട്രാഫിക് വാർഡൻമാരെയോ ട്രാഫിക് പൊലീസിനെയോ ഉപയോഗിച്ച് ബോധവൽക്കരണ പ്രവർത്തനങ്ങൾ ഊർജിതമാക്കണമെന്ന് ആവശ്യമുയരുന്നുണ്ട്.