ഇലക്ട്രിക് വാഹനങ്ങളുടെ വില 30 ശതമാനം വരെ കുറയും? ബാറ്ററിയില്‍ സര്‍വീസ് ഓപ്ഷനുമായി ടാറ്റാ മോട്ടോഴ്‌സ്!

ബാറ്ററി വാടകയ്ക്ക് നല്‍കി ഇലക്ട്രിക് കാറിന്റെ വില ഗണ്യമായി വെട്ടിക്കുറയ്ക്കുന്ന പദ്ധതിയുടെ സാധ്യത ടാറ്റ മോട്ടോഴ്സും തേടുന്നതായി റിപ്പോര്‍ട്ടുകള്‍

dot image

ന്യൂഡല്‍ഹി: ബാറ്ററി വാടകയ്ക്ക് നല്‍കി ഇലക്ട്രിക് കാറിന്റെ വില ഗണ്യമായി വെട്ടിക്കുറയ്ക്കുന്ന പദ്ധതിയുടെ സാധ്യത ടാറ്റ മോട്ടോഴ്സും തേടുന്നതായി റിപ്പോര്‍ട്ടുകള്‍. ചില ഇലക്ട്രിക് കാര്‍ ഉല്‍പ്പന്നങ്ങളില്‍ ബാറ്ററി-ആസ്-എ-സര്‍വീസ് മോഡല്‍ നടപ്പാക്കുന്നതിനുള്ള സാധ്യതയാണ് ടാറ്റ മോട്ടോഴ്സ് തേടുന്നത്. ടിയാഗോ, പഞ്ച്, ടിഗോര്‍, നെക്‌സോണ്‍, മറ്റ് മോഡലുകള്‍ എന്നിവയുടെ ഇലക്ട്രിക് വകഭേദങ്ങളില്‍ ഇത് നടപ്പാക്കുന്നതിനെ കുറിച്ചാണ് കമ്പനി ആലോചിക്കുന്നത്. ബാറ്ററി വാടകയ്ക്ക് നല്‍കുന്ന ഓപ്ഷന്‍ ഉപഭോക്താക്കള്‍ക്ക് അതിന്റെ ഇവികളുടെ എക്‌സ്-ഷോറൂം വിലയില്‍ 25-30 ശതമാനം കുറവ് വരുത്തുമെന്ന പ്രതീക്ഷയിലാണ് കമ്പനി.

ബാറ്ററി വാടകയ്ക്ക് നല്‍കി ഇലക്ട്രിക് കാറിന്റെ വില ഗണ്യമായി വെട്ടിക്കുറയ്ക്കുന്ന ബാറ്ററി-ആസ്-എ-സര്‍വീസ് പദ്ധതി ആദ്യം അവതരിപ്പിച്ചത് എംജി മോട്ടോര്‍ ആണ്. കമ്പനിയുടെ വിന്‍ഡ്സര്‍ ഇവിയിലാണ് പുതിയ പദ്ധതി അവതരിപ്പിച്ചത്. ഇതോടെ 15,49,800 രൂപ വില വരുന്ന വാഹനത്തിന്റെ വില പത്തുലക്ഷം രൂപയില്‍ (എക്സ്ഷോറൂം വില) താഴെ എത്തി. ബാറ്ററിയുടെ ഉപയോഗത്തിന് ഓരോ കിലോമീറ്ററിനും 3.50 രൂപ വീതം വാടകയും നിശ്ചയിച്ചു. സമാനമായ നിലയില്‍ കോമെറ്റിലും ഇത് നടപ്പാക്കി. ഇതോടെ വില 4.99 ലക്ഷം പ്ലസ് കിലോമീറ്ററിന് 2.5 രൂപ ബാറ്ററി വാടക എന്ന നിലയില്‍ വില താഴ്ന്നു. ഈ പദ്ധതിയുടെ സാധ്യത പരിശോധിക്കാനാണ് ഇലക്ട്രിക് വാഹന വില്‍പ്പന രംഗത്ത് 80 ശതമാനം വിപണി വിഹിതമുള്ള ടാറ്റ മോട്ടോഴ്സ് ആലോചിക്കുന്നത്.

ബാറ്ററി-ആസ്-എ-സര്‍വീസ് മോഡലില്‍ കാര്‍ വാങ്ങുന്നവര്‍ ബാറ്ററി ഇല്ലാതെയാണ് ഇലക്ട്രിക് കാര്‍ വാങ്ങുന്നത്. അങ്ങനെ വരുമ്പോള്‍ ഉപഭോക്താവിന്റെ ചെലവ് ഗണ്യമായി കുറയ്ക്കാന്‍ കഴിയുമെന്നാണ് വിലയിരുത്തല്‍. കുറഞ്ഞ വിലയില്‍ വാഹനം ലഭ്യമാകുമ്പോള്‍ തന്നെ ഉപഭോക്താക്കള്‍ ബാറ്ററിയുടെ ഉപയോഗത്തിന് ഓരോ കിലോമീറ്ററിന് അനുസരിച്ച് വാടക നല്‍കുന്ന രീതിയിലാണ് പദ്ധതി. ഉപഭോക്താക്കള്‍ വില കുറഞ്ഞ ഇവി ഓപ്ഷനുകള്‍ തേടുന്ന പശ്ചാത്തലത്തില്‍ ടാറ്റ മോട്ടോഴ്‌സ് ബാറ്ററി-ആസ്-എ-സര്‍വീസ് ഓപ്ഷന്‍ നല്‍കാനുള്ള സാധ്യത കൂടുതലാണ് എന്നാണ് റിപ്പോര്‍ട്ടുകള്‍.

dot image
To advertise here,contact us
dot image